Jyothy Sreedhar

ദൃശ്യങ്ങള്‍

ഈ ലേഖനം തരംഗിണി ഓണ്‍ലൈന്‍ മാഗസിന്‍ ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചു: http://www.tharamginionline.com/articles/viewarticle/596.html കഴിഞ്ഞ ആഴ്ചയോ മറ്റോ എന്റെ സുഹൃത്തായ വിവേക്‌ രഞ്ജിത്ത് ഫെയ്സ്ബുക്കില്‍ ഒരു സ്റ്റാറ്റസ് ഇട്ടിരുന്നു. കൃഷ്‌ 3 യും ധൂം 3 യും പോലെ ഉള്ള ഹിന്ദിചിത്രങ്ങള്‍ 500 കോടി രൂപ നേടുന്നതിനേക്കാള്‍ ദൃശ്യം പോലെയൊരു മനോഹരമായ മലയാളചിത്രം 50 കോടി നേടുന്നതില്‍ അഭിമാനിയ്ക്കുന്നു എന്നതായിരുന്നു അതിന്‍റെ ഇതിവൃത്തം. അതിലാണ് ഞാന്‍ ഈ ലേഖനം തുടങ്ങുന്നതും. കുറച്ചു നാള്‍ മുന്‍പ് ‘ഡി കമ്പനി’ എന്ന ഒരു ചിത്രം കണ്ട് അങ്ങേയറ്റം ദേഷ്യത്തില്‍ ഞാന്‍ ഒരു ലേഖനം എഴുതിയിരുന്നു. പ്രേക്ഷകരെ വെറും ഏഴാംകൂലികളായി കണ്ട്, അവരുടെ ആസ്വാദനനിലവാരം താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ള ഒട്ടേറെ സിനിമകള്‍ ആ സമയത്തു വന്നു എങ്കിലും, ചിലതൊഴിച്ചാല്‍, ഇപ്പോള്‍ അത് മറിച്ചാണെന്ന് തോന്നുന്നു. കൈനിറയെ കാമ്പുള്ള ഒട്ടേറെ നല്ല സിനിമകള്‍ വളരെ അടുത്ത കാലത്ത് മലയാളത്തിന് കിട്ടി. ‘ഫിലിപ്സ് ആന്‍ഡ്‌ദ മങ്കിപെന്‍’, ‘ദൃശ്യം’, ‘1983’, ആമേന്‍, മെമ്മറീസ് മുതലായവ എന്‍റെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ ആണ്. വ്യക്തിപരം എന്ന് പറഞ്ഞു ഒതുക്കാന്‍ പറ്റില്ല അവയെ. പ്രേക്ഷകരുടെ ആസ്വാദന നിലവാരം അറിഞ്ഞ്, അവര്‍ക്ക് വേണ്ടി ഉണ്ടായ നല്ല ചിത്രങ്ങള്‍ ആണ് അതെല്ലാം. നന്നായി ലാഭം കിട്ടുകയും ചെയ്തു. വെറുതെ ബിസിനസ്സിനു മാത്രം അല്ലാതെ, പ്രേക്ഷകര്‍ക്ക്‌ വേണ്ടി കൂടി എന്ന രീതിയില്‍അത്തരം ചിത്രങ്ങള്‍ ഉണ്ടാവുമ്പോള്‍, പ്രേക്ഷകര്‍ തന്നെ ഹൃദയം നിറഞ്ഞു അവയെ സ്നേഹിച്ച് വിജയിപ്പിക്കുന്നത് കാണുവാന്‍ സാധിയ്ക്കും. അവിടെയാണ്, പ്രേക്ഷകര്‍ക്ക്‌ വേണ്ടി എന്ന വ്യാജേന ഉണ്ടാവുന്ന മദ്യ-പുക-തെറി-അവിഹിത ചിത്രങ്ങള്‍ സത്യത്തില്‍ സാമ്പത്തികമായി വിജയിച്ചാലും, പ്രേക്ഷകരുടെ ഹൃദയം കവരുന്നതില്‍ പരാജയപ്പെടുന്നത്. ‘ടൈംസ് ഓഫ് ഇന്ത്യ’ പത്രത്തിലെ സിനിമപേജില്‍ സിനിമകള്‍ക്ക് ‘നക്ഷത്രങ്ങള്‍’ വാരി വിതറുന്ന ഒരു പതിവുണ്ട്. ഒരിക്കല്‍ കൃഷ്‌3 യ്ക്ക് അഞ്ചു നക്ഷത്രം കൊടുത്ത് പൂവിട്ടു പൂജിയ്ക്കുകയും, മങ്കിപെന്നിന് രണ്ടര നക്ഷത്രം വളരെ ബുദ്ധിമുട്ടി കൊടുക്കുകയും ചെയ്യുന്നത് കണ്ട് ഞാന്‍ അന്തംവിട്ടത് ഇന്നും ഓര്‍ക്കുന്നു. ആരും നക്ഷത്രങ്ങള്‍ കൊടുത്തില്ലെങ്കിലും നമ്മുടെ കൊച്ചു നല്ല മലയാളചിത്രങ്ങള്‍ നമ്മളെ സ്പര്‍ശിക്കുമെങ്കില്‍ അതാണ്‌ വലുത്. അത്രയേറെ നമ്മളെ സന്തോഷിപ്പിക്കുന്ന മറ്റൊരു നക്ഷത്രവും ഇല്ല എന്നതും വാസ്തവം. പണ്ടൊരിക്കല്‍ സിനിമയിലെ തലകളായിരുന്നു സിനിമയുടെ ജാതകം കുറിച്ചിരുന്നതെങ്കില്‍, മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഒരു പറ്റം യുവസംവിധായകരും പുതുമുഖനടന്മാരും നല്ല സിനിമകള്‍ എടുക്കണമെന്ന ആഗ്രഹത്തോടെ ചില നിര്‍മ്മാതാക്കളും ഇറങ്ങിയയിടത്ത് മലയാളസിനിമ കൈവിട്ടുപോയ മൂല്യങ്ങളെ തിരിച്ചുപിടിക്കാന്‍ തുടങ്ങി. ഒരു പക്ഷെ ആ പുതുതലമുറക്കൂട്ടത്തെയാണ് നമ്മള്‍ ന്യൂ ജെനറേഷന്‍ എന്ന് വിളിച്ചു തുടങ്ങിയത്. ‘സോള്‍ട്ട് ആന്‍ഡ്‌പേപ്പര്‍’ പോലെ ഒരു ധൈര്യപരീക്ഷണചിത്രം ആഷിഖ്‌ അബുവും, ‘ട്രാഫിക്‌’ രാജേഷ്‌ പിള്ളയും ‘ചാപ്പാ കുരിശ്’ സമീര്‍ താഹിറും ഏതാണ്ട് അടുത്തടുത്ത സമയങ്ങളില്‍ കൊണ്ട് വന്നപ്പോള്‍, മലയാള സിനിമയിലെ ഫോര്‍മുലകള്‍ തച്ചുടയ്ക്കപ്പെട്ടു. സിനിമ വിജയിപ്പിക്കാന്‍ മെഗാ താരങ്ങള്‍ക്കു പകരം കഥയും അഭിനയിക്കാന്‍ പറ്റുന്ന ഒരുപിടി നടീനടന്മാര്‍ മതിയെന്ന് അവര്‍ തെളിയിച്ചു. അതുവരെ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ച് തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ എടുത്ത് ഫാന്‍സിന്റെ സഹായത്തോടെ മാത്രം അതൊക്കെ അണച്ചോടിപ്പിച്ച കഥാകൃത്തുക്കളും സംവിധായകരും ഒരു പുനര്‍ചിന്തനത്തിന് സ്വയം വിട്ടുകൊടുക്കേണ്ടി വന്നു. കഥകളില്ലാത്ത സുപ്പര്‍സ്റ്റാര്‍ചിത്രങ്ങള്‍ക്ക് ഒപ്പം ഇറങ്ങി, അവയെ പരാജയപ്പെടുത്തി ചില നല്ല ‘കഥകള്‍’ വിജയിച്ചു. സത്യത്തില്‍ അത്തരമൊരു പ്രവണതയെയാണ് നമ്മള്‍ മലയാളികള്‍ക്കിഷ്ടം. ഹിന്ദിയിലും തമിഴിലും മസാലകള്‍ നന്നായി അരച്ച്, കുറച്ചു ടെക്നിക്സ് ക്യാമറയിലൂടെ വീഴ്ത്തിയാല്‍ അവിടുത്തെ പ്രേക്ഷകര്‍ ഫ്ലാറ്റ്‌ ആകും എന്ന് നമ്മള്‍ എപ്പോഴും കാണുന്നതാണ്. അങ്ങനെയിരിയ്ക്കുമ്പോള്‍, അത്തരം ചിത്രങ്ങള്‍ കൊയ്യുന്ന അഞ്ഞൂറു കോടികള്‍ക്കിടയില്‍ അമ്പതു കോടി നേടിയാലും പത്തു കോടി നേടിയാലും അത് ഒരു കോടി ആയാലും, നെഞ്ചോട്‌ ചേര്‍ത്തു പിടിച്ച് അഭിമാനിയ്ക്കാന്‍ നമ്മള്‍ മലയാളികള്‍ക്ക്‌ചില ചിത്രങ്ങള്‍ ഉണ്ട് എന്ന് നമുക്ക്‌ വിളിച്ചു പറയാം. “എണ്‍പതുകളുടെയും തൊണ്ണൂറുകളുടെയും ചാരുത” അക്കാലങ്ങള്‍ക്ക് തന്നെ വിട്ടുകൊടുത്ത്, പദ്മരാജനെ പദ്മരാജനും ഭരതനെ ഭരതനും കൊടുത്ത്, താരതമ്യങ്ങളില്ലാതെ പഴയകാലങ്ങള്‍ക്കൊപ്പം ചേര്‍ത്ത് ഇന്നിന്‍റെ ചാരുതയെ പൂര്‍ണ്ണമായി, അഭിമാനപൂര്‍വ്വം നമുക്ക് ആസ്വദിക്കാം. നമ്മള്‍ സന്തോഷത്തോടെ ഏറ്റുവാങ്ങുന്ന നല്ല ചിത്രങ്ങളിലൂടെ, നമ്മുടെയൊക്കെ കഥകള്‍ സത്യസന്ധമായി പറഞ്ഞ് നമ്മുടെ കൊച്ചുമലയാളസിനിമ വളരട്ടെ.