1) തെറ്റ്. നിന്നോടൊപ്പമായിരുന്നപ്പോൾ 2) തെറ്റ്. നീ ഉണ്ടായിരുന്നപ്പോൾ ശേഷം, ഇന്ന്,
ബന്ധങ്ങൾ
സ്വാതന്ത്ര്യത്തിന് മൃത്യുഹേതുവെന്ന്
വായിച്ചിട്ടുണ്ട്.
പറക്കുവാൻ ചിന്തകളുടെ വിഹായസ്സും
സമുദ്രത്തിന്റെ ആഴങ്ങളും
എനിക്കുണ്ടായിരുന്നു.
നീ പോയപ്പോൾ
സ്വാതന്ത്ര്യം മരിച്ചു.
എന്റെ കാലടി പതിയുന്ന
മണ്ണിന്റെ ചുറ്റളവിലേയ്ക്ക്
എന്റെ ഭൂമി ചുരുങ്ങി.
കാൽ മുതൽ ശിരസ്സു വരെയുള്ള
എന്റെ ഉയരം
എന്റെ ആകാശവുമായി.
ഞാൻ തളയ്ക്കപ്പെട്ടു,
തടവിലാക്കപ്പെട്ടു,
യാഥാർത്ഥ്യമെന്ന
ആറടി മണ്ണിലേയ്ക്ക്.
ത്രാസിൽ,
ഒരു വസ്തുവിരിക്കുമ്പോൾ
ഭാരം കൂടുമെന്നാണ്
ശാസ്ത്രം പഠിപ്പിച്ചത്.
എന്റെ ഭാരവും ഇല്ലാതെയായി.
നിന്നെ ചിന്തകളിൽ ചുമക്കുമ്പോൾ
പഞ്ഞിയുടെ നൈർമ്മല്യം മാത്രമേ
ഞാനറിഞ്ഞുള്ളൂ.
എനിക്ക് ചുമക്കാൻ
എന്നു നീയില്ലാതെയായോ,
ഭാരം വർദ്ധിച്ചു,
ഇരട്ടിച്ചു.
ത്രാസുകൾ ഇല്ലാതെയും
ഉറപ്പോടെ ഞാൻ പറയും
ശൂന്യതയ്ക്കാണ്
നിന്നെക്കാൾ ഭാരമെന്ന്.