Jyothy Sreedhar

തെറ്റ്

നീ അരികിലില്ലാത്ത ജൂണില്‍ എനിക്ക് മുന്നില്‍ കാലവര്‍ഷം പെയ്യുന്നു. തെറ്റ്.

ഈ ജൂണിലെ ആദ്യമഴയില്‍ നീ നട്ടുവളര്‍ത്തിയ റോസാച്ചെടിയില്‍ ആദ്യ പുഷ്പം ഒളിഞ്ഞുനോക്കുന്നു. തെറ്റ്.

ഒരിക്കല്‍ വേനല്‍മഴയില്‍ നമ്മെ നനയാതെ കാത്ത വൃക്ഷം നാമില്ലാതെയും കുടപിടിക്കുന്നു. തെറ്റ്.

തുള്ളികള്‍ തെറിച്ചെന്‍റെ മുഖത്തു പതിച്ച്, നീയുണ്ടായിരുന്ന വേനല്‍മഴയുടെ തണുപ്പിനെ പുനര്‍ജ്ജനിപ്പിക്കുന്നു. തെറ്റ്.

മഴയ്ക്കു വഴിതെറ്റുന്നു; സമയവും.

നീ വരിക. എന്‍റെ ദേഹത്ത് നിഴല്‍ പതിച്ച് നിന്‍റെ വരവുണ്ടാകും വരെ, എന്‍റെ മനസ്സിനെ നനയ്ക്കാന്‍ തുള്ളികള്‍ മതിയാകാതെ കാലവര്‍ഷം ദാഹിക്കട്ടെ!