Jyothy Sreedhar

തെറ്റിയ വഴി

നിന്നിലെയ്ക്കെത്തുവാന്‍
വഴികള്‍ തെറ്റേണ്ടിയിരുന്നു.

നിന്നിലെത്തിയപ്പോഴായിരുന്നു
ശരികളും തെറ്റുകളും തമ്മില്‍ പിണഞ്ഞ്
നമുക്കിടയിലെ ദൂരമായ്‌ നിറഞ്ഞത്.

നീയെന്നെ ആദ്യമായി പുണര്‍ന്നപ്പോള്‍
ആ ദൂരമായിരുന്നു
പ്രണയം തിങ്ങിയ
നമ്മുടെ ഹൃദയങ്ങള്‍ക്കിടയില്‍പെട്ട്
ഞെരിഞ്ഞമര്‍ന്ന്,
നേര്‍ത്ത്,
പുനര്‍ജ്ജന്മം വിധിക്കപ്പെടാതെ
അസ്തമിച്ചത്.