വ്യംഗ്യമായ നോട്ടവും തന്നെന്നെയേറ്റി എവിടെക്കോ കുതിക്കുന്നു വിധി. ഋതുക്കള്‍ പൂക്കുന്നു, കൊഴിയുന്നു, മഞ്ഞുമാസത്തിലെ ഇലയില്ലാശിഖരങ്ങള്‍ കൊഴിഞ്ഞ ബന്ധങ്ങളുടെ സ്മാരകങ്ങളാകുന്നു. അപ്പോള്‍ മുകളിലാകാശത്ത് പറന്നുയര്‍ന്ന പക്ഷി അത് തന്റെ മരമെന്നു പറഞ്ഞപോല്‍ ചിറകടിച്ചു ചിലയ്ക്കുന്നു...പിന്നെ ഉയരുന്നു. അകല്‍ച്ചയുടെ മഞ്ഞുകാലത്തില്‍ മഴയുടെ ഓര്‍മ്മകള്‍... അപ്പോള്‍ മഴ മാറിയിരുന്നു, അതിലാ മരം പൂത്തിരുന്നു, കാറ്റില്‍ പറക്കാതാ കിളിയെ പുണര്‍ന്നിരുന്നു മരം. വസന്തത്തില്‍ തേന്‍കൊടുത്താ കിളിയെ പോറ്റിയിരുന്നു. എന്നിട്ടും, മഞ്ഞുകാലം വരാതെയിരുന്നില്ല. ചിലതടുക്കുന്നു, ചിലതകലുന്നു, ചിലതടുക്കാന്‍ കഴിയാതകലുന്നു, ചിലതടുക്കാന്‍ കഴിഞ്ഞിട്ടുമകലുന്നു, ചിലതകലുവാന്‍ വിധിച്ചിട്ടുമടുക്കുന്നു. വിധിയുടെ നൈപുണ്യമത്രേ ജാതകം. അതില്‍ പൊട്ടിപ്പിളരുന്ന ഞെരമ്പുകളോ കൈരേഖകള്‍, പിന്നെ, തലവര. പതിറ്റാണ്ടുകള്‍ നീണ്ട രാഹുവും പിന്നെ ഗുളികനും കൊണ്ടുപോകുന്നൊരു കണ്ടകശ്ശനിയും... ഇതില്‍ നല്ലകാലമെന്നതൊരു നിമി... ആ നിമിയില്‍ കണ്ചിമ്മിയാല്‍ നഷ്ടം ജീവിതം. വിചിത്രം തന്നെയെല്ലാം- ജനനം, മരണം, അതിനിടയില്‍ എന്തോ വിളിപ്പേരുള്ള മറ്റൊന്ന്! കൈരേഖകള്‍ ചേര്‍ക്കുവാന്‍ കയ്യുകള്‍ കണ്ടുപിടി- ച്ചവയോടു ചേര്‍ക്കുന്നുവെന്റെ കൈകള്‍...വിധി. ഇടയിലൊരു തീഗോളമോ ഹിമകണമോ തിരുകി രണ്ടു ദിക്കിലേക്കു പിരിയുവാന്‍ കല്പ്പിക്കുമ്പോള്‍, വഴിയില്‍ മറ്റൊരു കൈരേഖ കാത്തുനില്‍ക്കപ്പെടും. അതിനെയും ചേര്‍ത്ത് വീണ്ടുമൊരു ഹ്രസ്വദൂരം. പുറകിലെ വിരല്‍ നീണ്ടുവരുമ്പോള്‍ ചാട്ടവാറിനടിച്ചോടുവാന്‍ പറയും വിധി. മിന്നല്‍ വേഗത്തിലാ ദശയും തീരും. ബന്ധം, തിരസ്കാരം... എല്ലാം കാണാവഴിയില്‍ ഒളിഞ്ഞുനില്‍ക്കും. മരുഭൂമിയിലെ കള്ളിമുള്‍ചെടിയില്‍ അറിയാതെ വിടരും ഒരു പ്രണയപുഷ്പം. വെള്ളമില്ലാതെയും, ദ്രോഹമേല്‍ക്കയാലും ഒളിഞ്ഞു നിന്നൊരു ജീവിതം പൂര്‍ത്തിയാക്കും. ആര്‍ക്കും കാണാനില്ലാതെന്തിനീ സൌന്ദര്യമെന്ന് മിണ്ടാതെ പരിഭവിക്കാനൊരു ജന്മം വൃഥാ. ഇനിയൊരു ജനനം അതിനന്യമാകട്ടെ. ഇനിയൊരു മരണവും ജനിക്കാതിരിക്കട്ടെ. ഞാന്‍ മറക്കുന്നു... വെള്ള വിരിച്ച മരവിച്ച ധ്രുവങ്ങളും ചുട്ടുപഴുത്ത മധ്യവും, ഇടയ്ക്കു പരന്ന ഭൂമിയും... വെറും കാഴ്ചകളായ് ആ പുഷ്പം കണക്കെ പൂത്തു കൊഴിഞ്ഞ പാഴ്ജന്മങ്ങള്‍. ഇടയ്ക്കു നീണ്ട കൈകളും, ചവിട്ടിപൊട്ടിച്ച മണ്‍തരികളും, മിടിപ്പുപോലെ മിന്നിമാഞ്ഞ ഋതുക്കളും, നനയാന്‍ മറന്ന മഴകളും, ഭയക്കാന്‍ വിട്ട മിന്നലും, ഒഴുകാന്‍ മറന്ന തെന്നലും, അലയാന്‍ മറന്ന സ്വപ്നവും... ഞാന്‍ മറക്കുന്നു... എന്നെ മറന്ന പോലെ... എനിക്കോടിയേ തീരൂ...ഓരോ ചാട്ടവാറടിയിലും, അടുത്ത പ്രളയത്തിലേക്കെത്തിയേ പറ്റൂ. വഴിയിലാരോ പറഞ്ഞിരുന്നു, ജീവിതം ക്ഷണികമെന്ന്...