Jyothy Sreedhar

ഡയറി - From my past to someone's future...

കൈവിരലില്‍ തടഞ്ഞ് മറിയുന്ന ഡയറിത്താളുകളില്‍ അമ്മ പലവുരു ചൊല്ലിത്തന്ന പഴയ കവിതകളുണ്ട്. ലോകത്തോട് എനിക്ക് മത്സരിക്കുവാനായ് അമ്മ ശേഖരിച്ച ചിന്തകളാണവ. അന്ന് ഞാന്‍ അര്‍ത്ഥമറിയാതെ പുലമ്പിയ ആര്‍ദ്രമായ ഖണ്ഡങ്ങള്‍. ഭാവങ്ങള്‍ മുഖത്തെ ചുളിവുകളില്‍ തിരുകി സ്കൂളിലെ സ്റ്റേജില്‍ വാക്കുകള്‍ പറഞ്ഞു തീര്‍ക്കുമ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല അത് കവിതയായിരുന്നെന്ന്... കറുത്ത വാക്കുകള്‍ കെട്ടിപ്പടുത്ത പടവുകളില്‍ കാല്‍വെച്ച് ഞാന്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. എന്റെ കാലടിയില്‍ വാക്കുകള്‍ പഴയ സ്ത്രീത്വത്തെ പോലെ ഭൂമിയോളം അമര്‍ന്നു.   തിരിച്ചറിവിന്റെ പകല്‍ക്കിനാവുകളില്‍ ആ വരികള്‍ അമ്മയുടെ കയ്യക്ഷരത്തില്‍ ഇന്ന് എനിക്ക് കാണാം. അസ്ഥികൂടത്തിന്റെ ഭൂതകാലവും, താടകയുടെ ശ്രീരാമപ്രണയവും, അഗസ്ത്യഹൃദയത്തിലെ മിടിപ്പുകളും ഇന്ന് ഞാന്‍ അറിഞ്ഞു ചൊല്ലുമ്പോള്‍, അന്നത്തെ ചുളിവുകളിലെ ഭാവങ്ങളെ ഊറ്റിയെടുക്കുമ്പോള്‍, പേജുകള്‍ക്ക് പഴമയേറിയിരിക്കുന്നു... അര്‍ത്ഥവും... മഷി പടര്‍ന്നിരിക്കുന്നു... കാലങ്ങള്‍ കടന്ന്... അവയ്ക്കിന്ന്‍ എന്റെ സ്മരണകളുടെ മധുരമായ ബാധ്യതയും ഉണ്ട്. ആ പഴമയോട് ചേര്‍ന്ന് എന്റെ തോന്ന്യാക്ഷരങ്ങളും സ്വയം അഹങ്കരിക്കുന്നു- കവിതയെന്ന പേരില്‍. ഒരിക്കല്‍ അതേ ഡയറിയില്‍ എന്റെ കൈപ്പടയില്‍ എന്റെ വികാരങ്ങള്‍ ഞാന്‍ കോറിവരയ്ക്കുമെന്ന്‍ പ്രതീക്ഷിച്ചിരുന്നില്ല. അവയെല്ലാം ഒരേ തൊട്ടിലില്‍ മയങ്ങുന്നു. ഇരയിമ്മന്‍ തമ്പിയുടെ താരാട്ടിന്നീണവും, പേരറിയാത്ത വൃത്തങ്ങളുടെ താളവ്യതിയാനങ്ങളും ഓരോ വാക്കിനേയും ഉറക്കുന്നു.   പുതിയ പഴമയുടെ ഉണര്‍വോടെ എന്റെ അടുത്ത തലമുറയ്ക്കായി ആ ഡയറി തുറക്കപ്പെടും. പണ്ട് പെയ്ത മഴയുടെ കൊഞ്ചലും, കൃഷ്ണമണിയുടെ പിറകില്‍ ഞാന്‍ കാത്ത അര്‍ത്ഥവ്യത്യാസങ്ങളും അതിന്റെയാഴവും, കാറ്റില്‍ ആടിയും ഊതിയും കെട്ട കുഞ്ഞു മെഴുകുതിരിവെട്ടവും മറഞ്ഞു നിന്ന് എന്നെ വീണ്ടും നോക്കും. പുതുമണ്ണിന്റെ ഗന്ധമുണ്ടാകും അപ്പോള്‍. അമ്മയുടെ ശബ്ദം... അറിയാത്ത അര്‍ത്ഥങ്ങള്‍... തിരിച്ചറിവുകള്‍... തുടരും...