കാലം കൊണ്ടോ
കാലടികൾ കൊണ്ടോ
നമുക്കപ്രാപ്യമായ
ഒരിത്തിരിയിടത്ത്
നാം സ്നേഹിച്ച ചാറ്റലും
നമ്മെ പൊതിഞ്ഞ തണലും
മഞ്ഞിനിടയിലെ ഇളവെയിലും
ഉണ്ടായിരിക്കും.
‘നാം’ ഇനിയില്ലെന്നറിയാതെ
അവ നമ്മെ തേടുന്നുണ്ടാകും.
നിന്നിൽ നിന്നുമടർത്തി
നീ വലിച്ചെറിഞ്ഞ,
നമ്മെക്കുറിച്ചുള്ളയോർമ്മകൾ
ശരീരത്തിൽ നിന്നു വേർപെട്ട
ആത്മാവു പോലെ
നീ വെടിഞ്ഞതിൻ ശേഷം
അലയുന്നുണ്ടാകും.
അവ,
എന്നിൽ നിന്നും അടരേണ്ട മറുപാതിയെ തേടുന്നുണ്ടാകും.
പക്ഷെ,
ആ മറുപാതിയെ
ഞാൻ ഇനിയും
വിട്ടുകൊടുത്തിട്ടില്ല,
അടർത്തിയിട്ടില്ല.
ഞാൻ ജഡമായിട്ടില്ല.