Jyothy Sreedhar

ഞാന്‍ എന്‍റെ ഗൃഹത്തിലെയ്ക്കു മടങ്ങുന്നു

ഞാന്‍ എന്‍റെ ഗൃഹത്തിലെയ്ക്ക് മടങ്ങുന്നു.

അവിടെ, എന്നെ പ്രണയപൂര്‍വ്വം നോക്കുന്ന നിന്‍റെ കൃഷ്ണമണികളില്‍ എന്‍റെ രാത്രികളുടെ കറുപ്പുണ്ട്‌, എന്‍റെ നക്ഷത്രങ്ങളുടെ തിളക്കവുമുണ്ട്.

അവിടെ, എന്‍റെ നാമം ചൊല്ലി മിടിക്കുന്ന നിന്‍റെ ഹൃദയത്തിനൊരല്‍പം മേലെ, നിന്‍റെ നെഞ്ചിലെ കറുത്ത, മൃദുലമായ, പുല്‍ത്തകിടിയില്‍ ഋതുക്കള്‍ക്കന്യമായ ഊഷ്മാവുണ്ട്.

അവിടെ, എന്‍റെ മുടിയിഴകളില്‍ നിന്‍റെ വിരലുകളോടുമ്പോള്‍ എന്‍റെ ശിരസ്സിലെ ഭാരം ഊര്‍ന്നിറങ്ങാറുണ്ട്. എന്‍റെ ബുദ്ധിയുടെ അരികെ നിന്‍റെ ഹൃദയമിരുന്ന്‍ പുലരുവോളം സംവദിക്കുന്നത് ഞാന്‍ കേള്‍ക്കാറുണ്ട്. എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെ ബുദ്ധിയില്‍ ജനിച്ച്, നിന്‍റെ ഹൃദയത്തിലെക്കൊഴുകാറുണ്ട്.

അവിടെ, ദുഃഖങ്ങള്‍ ഉണ്ടായിട്ടാകില്ലയെങ്കിലും, കരയുവാന്‍ ഞാന്‍ കൊതിക്കാറുണ്ട്. നിന്‍റെ ആശ്വാസങ്ങള്‍ കേട്ടുറങ്ങുവാന്‍, ഓരോ അശ്രുവും നീ തുടയ്ക്കുമ്പോഴുള്ള കവിളിലെ തണുവിനെ അറിയുവാന്‍, പിന്നെ എന്നെ മുറുകെ പുണരുമ്പോള്‍ എന്നെ അത്രമേല്‍ സ്നേഹിക്കുന്നുവെന്ന് നീ പറയാതെയും എനിക്കു കേള്‍ക്കുവാന്‍ നിന്നെ എന്നെക്കാള്‍ എന്നോട് ചേര്‍ക്കുവാന്‍.

ഞാന്‍ എന്‍റെ ഗൃഹത്തിലെയ്ക്കു മടങ്ങുന്നു. ഭൂമിയില്‍ നിന്നും ഒരു പ്രപഞ്ചത്തോളം അകലെ.