ഇതൊരു പ്രതിഷേധമോ ഒരു വിഷമ പ്രകടനമോ ഒന്നുമല്ല. കണ്ട കുറെ സത്യങ്ങളെ കുറിച്ചുള്ള ഒരു ചെറു ലേഖനം. തികച്ചും സാധാരണമായ ഭാഷയില്‍ ഉള്ളില്‍ നിന്ന് വരുന്നത് അതുപോലെ തന്നെ പകര്‍ത്തുകയാണ് ഞാന്‍. ഇക്കഴിഞ്ഞ അവധിക്കാലത്ത് ഞാന്‍ അടുത്തറിഞ്ഞ ഒരു കാര്യമാണ് ഇത്. എഴുതിയിരിക്കുന്നത് അടുത്തറിഞ്ഞ പൂര്‍ണ്ണസത്യങ്ങള്‍ എന്ന് വാക്കാല്‍ സത്യം ചെയ്യുന്നു. പണ്ട് മുതല്‍ ഒരുപാട് കേട്ടിരുന്നു, ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുമ്പോള്‍ നമ്മള്‍ എങ്ങനെയൊക്കെ കോമാളികള്‍ ആകുന്നു എന്ന്. ഇത്രയും നാള്‍ അതൊന്നും അടുതറിഞ്ഞിരുന്നില്ല ഞാന്‍. ഇന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ യു ജി സി നെറ്റ് എന്ന അടിസ്ഥാന യോഗ്യത നേടി കോളേജുകളില്‍ സ്ഥിരമായ ഒഴിവിന് ഞാന്‍ അപേക്ഷിക്കുന്നു. അപ്ലിക്കേഷന്‍ ഫോം 500 രൂപയില്‍ കുറവല്ലാത്ത സംഖ്യ. ആദ്യം ഇന്റര്‍വ്യൂവിനായി ചെന്നത് ഞാന്‍ 7 വര്ഷം പഠിച്ച് ഒരു വര്ഷം ഗസ്റ്റ് ലെക്ചറര്‍ ആയി ജോലി ചെയ്ത് സാമാന്യം നല്ല പേര് ഉണ്ടാക്കിയ, 'എന്റെ സ്വന്തം' എന്ന് ഞാന്‍ വിളിച്ചിരുന്ന ഒരു കോളേജില്‍. രണ്ടാമത് അദ്ധ്യാപകന്റെ കൈവെട്ടിയ കേസില്‍ കുപ്രസിദ്ധി നേടിയ മറ്റൊരു കോളേജില്‍. രണ്ടും ക്രിസ്ത്യന്‍ മാനേജ്മെന്റ്കള്‍. ഒന്ന് ലാറ്റിന്‍, മറ്റേത് റോമന്‍. ഒരു സ്ഥലത്ത് എണ്ണമറ്റ പരസ്പര ബന്ധമില്ലാത്ത ചോദ്യങ്ങള്‍ക്ക് ഒന്നും തെറ്റാതെ ഞാന്‍ ഉത്തരം പറഞ്ഞപ്പോള്‍, മറ്റെയിടത്ത് ചോദ്യം ചോദിച്ചതിനു ശേഷം ഞാന്‍ എന്ത് പറയുന്നുവെന്ന് കേള്‍ക്കാതെ കശുവണ്ടിയും ബിസ്കറ്റും കൊറിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഇന്റര്‍വ്യൂ ബോര്‍ഡ്. ഓരോരുത്തരോടും ചോദിച്ച ചോദ്യങ്ങളില്‍ നിന്നും, അവര്‍ ഓരോരുത്തരോടും പെരുമാറുന്നതില്‍ നിന്നും ഇന്റര്‍വ്യൂവിന്‍റെ വിധി ഏറെക്കുറെ വ്യക്തമായിരുന്നു. രണ്ടിടത്തും സ്വന്തം ചോരയില്‍ പിറന്ന, അതായത് ഒരേ മതസ്ഥരായ ആളുകള്‍ക്ക് വേണ്ടിയുള്ള കണക്കുകൂട്ടലുകള്‍, കുത്തിക്കയറ്റം. ശുപാര്‍ശകള്‍ വേണമെന്ന് പറഞ്ഞത് കൊണ്ട് ഞാനും അതിനു കൂട്ട് നിന്നുവെന്നു കൂടി പറയുന്നു. ഒടുക്കം റിസള്‍ട്ട് വരുമ്പോള്‍ കാരണങ്ങള്‍ പലതായി അവതരിപ്പിക്കപ്പെടുന്നു. നുണയാണെങ്കിലും കേള്‍ക്കാന്‍ നല്ല ഭാവവും താളവും രാഗവും ഒക്കെ ഉണ്ട്! എന്തായാലും, അതിനിടയില്‍ ഒരു ഹിന്ദു നായര്‍ ആയ നമുക്കെന്തു കാര്യം എന്ന് വിചാരിക്കാം! അത് വിടാം. രണ്ടു ഇന്റര്‍വ്യൂകള്‍ കണ്ടതില്‍ പിന്നെ അടുത്ത പത്രപരസ്യം കാണുമ്പോള്‍ എന്റെ ചോദ്യങ്ങള്‍ തന്നെ "ഏതു മതം? എത്ര ലക്ഷം? എത്ര പേര്‍ ഉറപ്പ്?" എന്നതായി. ഒട്ടും കേട്ടുകഥയല്ല. ഒരു മതം 25 ലക്ഷം ഉറപ്പിക്കുമ്പോള്‍, അടുത്തത് 10, വേറൊന്ന് 20... അങ്ങനെ കൃത്യമായ കണക്കുകള്‍ മനസ്സിലായി തുടങ്ങി. അതോടെ മതപ്രഭാഷകരോട് ഒരു തരം പുച്ഛം വന്നു തുടങ്ങി. എന്തൊക്കെ ഡയലോഗുകള്‍! കാര്യം വരുമ്പോള്‍ അവര്‍ പറഞ്ഞതും വേദ ഗ്രന്ഥങ്ങളില്നിന്ന് അവര്‍ തന്നെ കൊട്ടിഘോഷിച്ചതും, നമ്മളില്‍ നിന്ന് വരി വരിയായി ഉപകാരങ്ങള്‍ വാങ്ങികൂട്ടുമ്പോള്‍ അവര്‍ തന്ന കെട്ടിപ്പിടിത്തവും ഉമ്മയും സുഖിപ്പിക്കുന്ന വാക്കുകളും എല്ലാം സൌകര്യപൂര്‍വ്വം മറക്കുന്ന ഒരു പ്രത്യേക പ്രക്രിയ! സമ്മതിച്ചു പോയി! ഇത്രയും നട്ടെല്ലില്ലാത്ത ആളുകളോട് പുച്ഛമേ ഉള്ളു എനിക്ക്... ഇതിനിടയില്‍ മറ്റു 2 ഇന്റര്‍വ്യൂകള്‍ക്ക് പോകേണ്ടന്നു വച്ചു- ഒന്ന് നടന്നത്, മറ്റേത് നടക്കാനിരിക്കുന്നത്. അതിനായി എടുക്കുന്ന ഫ്ലൈറ്റ് ടികെടും, കൊള്ളുന്ന മഴയും, തലപെരുപ്പിക്കുന്ന ടെന്‍ഷനും ഒക്കെ വെറുതെയാണെന്ന് ഉറപ്പുണ്ട്. അതുകൊണ്ട് സ്വസ്ഥമായി വീട്ടിലിരുന്നു. ഒരു സ്ഥലത്ത് 2 വര്ഷം മുന്‍പ് പറഞ്ഞു വച്ച ആളുകളെ എടുത്തുകഴിഞ്ഞു, മറ്റേ ഇടത്ത് ലക്ഷങ്ങള്‍ തരാന്‍ സമ്മതിക്കുന്ന ആളെ ഉറപ്പിക്കുന്നതിന് ശേഷമേ ഇന്റര്‍വ്യൂ ഉണ്ടാവുകയുള്ളൂ എന്ന് അറിഞ്ഞു. ഇതൊക്കെ അറിഞ്ഞത് എത്ര നന്നായി! രണ്ടിടത്ത് വിഡ്ഢിയാവാതെ രക്ഷപ്പെട്ടു. പക്ഷെ ഇതിനിടയില്‍ രസകരമായ ഒരു സംഭവം കണ്ടു. ഒരു പ്രത്യേക മതത്തിനു കീഴിലുള്ള എല്ലാ കോളെജ്കളിലേക്കും കുറെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. അന്വേഷിക്കുമ്പോള്‍ അറിഞ്ഞത്, അവര്‍ ചില ഔദാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്നതാണ്. മൂന്നു തരത്തില്‍ ആണ് അവിടെ ജോലി കിട്ടാന്‍ സാധ്യത. ഒന്ന്, 50 ലക്ഷം കൊടുത്താല്‍ ഉറപ്പായ ജോലി. രണ്ടാമത്തേത്, 21 ലക്ഷവും ശമ്പളത്തില്‍ നിന്ന് ബാക്കി പിടുത്തവും. ഇത് വഴി ആരെയും കിട്ടില്ല എന്നുണ്ടെങ്കില്‍, മൂന്നാമത്തേത് ആ കോളേജില്‍ അവര്‍ പരസ്യമായി സ്ഥാപിച്ചിട്ടുള്ള ഒരു ബോക്സ് ആണ്- അതില്‍ കൊടുക്കാന്‍ ഇഷ്ടമുള്ള തുക എഴുതി 'കണ്‍സീല്ട് ടെന്‍ടര്‍' ആയി അതിനുള്ളില്‍ നിക്ഷേപിച്ച് അവരുടെ വിളിക്കായി 50-50 സാധ്യതയുമായി കാത്തിരിക്കുക എന്നതാണ്. ഏറ്റവും കൂടുതല്‍ തുക എഴുതുന്നവര്‍ക്ക് ജോലി കോളേജ് ലെക്ചറര്‍! ആഹാ, എത്ര മനോഹരമായ, കൂട്ടിക്കിഴിച്ച് ഉണ്ടാക്കിയെടുത്ത ആചാരങ്ങള്‍! ഇപ്പോള്‍ അത്തരം കോളേജുകളില്‍ ലെക്ചറര്‍ ആണ് എന്ന് ആരെങ്കിലും എന്നോട് പറയുമ്പോള്‍ ഉള്ളില്‍ വരുന്നത് ഒരു ചിരിയാണ്. എങ്ങനെ ജോലി കിട്ടിയെന്നു വ്യക്തമാണല്ലോ! ഈ സത്യം വിളിച്ചു പറയലില്‍ എന്റെ അമ്മയടക്കം ഉള്ളവര്‍ എനിക്ക് എതിര് നില്‍ക്കുന്നു. ഇത്തരമൊരു ലേഖനം എനിക്ക് കിട്ടാന്‍ സാധ്യതയുള്ള ജോലി കളയുമെന്നാണ് പറയപ്പെടുന്നത്. അങ്ങനെ പോയെങ്കില്‍, ചങ്കുറ്റത്തോടെ ഞാന്‍ ഈ ബ്ലോഗ് വീണ്ടും ഒന്ന് കൂടി ഷെയര്‍ ചെയ്യും, എല്ലാ അഭിമാനത്തോടെയും. രണ്ട് ഇന്റര്‍വ്യൂ കഴിയുമ്പോഴേക്ക് മനസ്സ് മടുത്ത് എല്ലാ കാലിലും മാറിമാറി പിടിക്കാനും പഞ്ചാര അടിച്ച് സുഖിപ്പിക്കാനും എനിക്ക് തീരെ സൌകര്യപ്പെടില്ല. തന്റെടമുള്ളവരുടെ സ്ഥലം മറ്റൊന്നാണ്. അവിടെ എനിക്ക് ജോലി ഉണ്ടാവും, എന്റെ ലോകവും... ഞാന്‍ തേടി കണ്ടു പിടിക്കെണ്ടതെ ഉള്ളു. അത് എന്റെ ഉത്തരവാദിത്തം ആണ്. ഏറ്റെടുക്കുന്നു. ശുഭം!