Jyothy Sreedhar

ജനനം

നീ അറിഞ്ഞിരുന്നോ- ഭൂമിയുടെ ഗര്‍ഭത്തില്‍, ഞാന്‍ ചുരുണ്ടുറങ്ങിയ കഴിഞ്ഞ വര്‍ഷങ്ങളെ? അത് നിനക്കായ് മാത്രമുള്ള കാത്തിരിപ്പായിരുന്നു. നീ വരുമ്പോള്‍ മാത്രം, നിന്നെ കണ്ടുമുട്ടുമ്പോള്‍ മാത്രം, നിന്‍റെ പ്രണയത്തിലേക്ക് മാത്രമാണ് എന്‍റെ പിറവിയെന്നത് എന്‍റെ വാശി. നീയില്ലാതെ ഞാന്‍ ലോകമറിഞ്ഞില്ല. അന്ധകാരത്തിലിരുന്ന്‍, സ്വപ്നങ്ങളെ പെറുക്കി നിനക്കായ് പ്രണയലേഖനങ്ങള്‍ എഴുതിക്കൂട്ടി- നിന്നോടൊപ്പം കാണുന്ന ആദ്യ വെളിച്ചം, ആദ്യ മഴ, ആദ്യ മഞ്ഞ്, ആദ്യനിലാവിനെ കുറിച്ച്. നീ ചൂണ്ടി മാത്രം പരിചിതമാകുന്ന ഈ ലോകത്തെ കാണുന്നതിനെ കുറിച്ച്, നിന്‍റെ സ്ത്രീയായി മാറുന്നതിനെക്കുറിച്ച്. ചേര്‍ന്നിരുന്നു പിന്നിടേണ്ട കാലങ്ങളെക്കുറിച്ച്. നിന്‍റെ തോളില്‍ ചാഞ്ഞുള്ള നിദ്രകളെകുറിച്ച്.

സമയം പായുമ്പോള്‍ ഞാന്‍ ഭയന്നു- ഈ ജന്മവും മുന്‍ജന്മങ്ങള്‍ പോലെ, നീ വരാതെയിരുന്ന്‍, ജനിക്കാതെ ഞാന്‍ മരിക്കുമോയെന്ന്. എങ്കിലും, നീ വന്നില്ലെങ്കില്‍, ഈ പിറവി ഉണ്ടാകുമായിരുന്നില്ല. നിന്നോളം വലുതായിരുന്നില്ല അതെനിയ്ക്ക്.

ഒടുവില്‍ നീയെത്തി. നിന്നോടുള്ള പ്രണയത്തില്‍ ഞാന്‍ ചിരിച്ചു പിറക്കുമ്പോള്‍, കയ്യില്‍ ഭാണ്ഡങ്ങള്‍ കണക്കെ പ്രണയകാവ്യങ്ങളുണ്ട്. എന്നെ കാത്ത് നിന്‍റെ പുഞ്ചിരി. നിന്നിലേക്ക്‌ ഓടിയെത്തി, നിന്നെ ഗാഡമായി പുണരുമ്പോള്‍ ഞാന്‍ അവയെ എവിടെ വയ്ക്കും? ചെറുദൂരങ്ങള്‍ പാടില്ല, ഭാരങ്ങള്‍ പാടില്ല, ശബ്ദങ്ങള്‍ പാടില്ല, നമുക്കിടയില്‍, നാം പുണരുമ്പോള്‍.

അങ്ങനെയെങ്കില്‍, അവയെ വായുവിലേക്ക്, അതിനപ്പുറമുള്ള ശൂന്യതയിലേക്ക്, ശക്തമായി ചുഴറ്റിയെറിഞ്ഞു നമുക്ക് തീവ്രമായ് പുണരാം.

അവ, നാം മരിക്കുവോളം പെയ്തുതോരാന്‍ കഴിയാത്ത ഒരു മഴക്കാലമായിക്കൊള്ളട്ടെ.