Jyothy Sreedhar

ചെറുമഴ

ഒരു ചെറുമഴയിലാണ് നിന്നെ ഞാന്‍ പ്രണയിച്ചുതുടങ്ങിയതും, അത് നിന്നോട് പറയാതിരുന്നതും. കാരണം, എനിക്കു നിന്നെ പ്രണയിക്കണമേന്നേയുള്ളൂ. നിന്നാല്‍ പ്രണയിക്കപ്പെടണമെന്നില്ല. അതുതന്നെ പൂര്‍ണ്ണതയ്ക്കുമധികമാണ്. അതില്‍ നുരഞ്ഞുപടരുന്ന ആരാധനയുണ്ട്, നിന്നോട്. നീ പറയാതെയും കൊഴിഞ്ഞുവീണ, ഞാന്‍ ശുശ്രൂഷിക്കുന്ന വാക്കുകളുണ്ട്. ഓരോ നേര്‍ത്ത മഴയിലും അകലെ നീ മൂളുന്നയീണത്തോടൊപ്പം ഞാന്‍ ചേര്‍ത്തയെന്റെ കവിതകളുണ്ട്. നീയെഴുതുന്ന കഠോരതാണ്ഡവങ്ങളില്‍ ഞാനുള്‍ക്കൊളളുന്ന ലാസ്യമുണ്ട്. എന്റെ ജീവിതത്തോടിണങ്ങുന്ന ഗീതമായ് എന്റെ നിര്‍വൃതിയായ്‌ നീയുണ്ട്. സ്വപ്‌നങ്ങള്‍ തത്തിക്കളിക്കുന്ന വേളക- ളെന്നും ഞാന്‍ നിനക്കര്‍പ്പിച്ചതാണ്. ബോധത്തിലെ കരിങ്കാലന്‍കുടകള്‍ നീയെന്ന മഴയെ, അത് തരുന്ന നനവിനെ, തടസ്സപ്പെടുത്താതെ തോല്‍ക്കുന്നു. എന്റെയുപബോധത്തിലെന്നും കുപ്പിവളകള്‍ കിലുങ്ങുന്ന ശബ്ദത്തി- ലാ ചെറുമഴയാണ്. അതിലേയ്ക്കു നീണ്ടയെന്റെ കൊച്ചുകൈക്കുമ്പിളും.