ചുവന്നതെരുവിലെ വേശ്യകളെപോലെയാണ് എന്റെ സ്വതന്ത്രനിമിഷങ്ങളിലെ ചിന്തകള്‍ . രവിവര്‍മ്മയുടെ രതിഭാവങ്ങളെപോലെ നിരന്നുനിന്ന് എന്റെ ആണ്‍ഭാവത്തെ വശീകരിക്കുന്ന വേശ്യകള്‍ . തിരസ്കരിക്കാനാവാത്ത സ്ത്രൈണസൌന്ദര്യത്തില്‍, അവരുടെ ആകാരവടിവ് മൂര്‍ഖനെ പോലെ സാരിയില്‍ ഭംഗിയായി ഒളിപ്പിക്കപ്പെടും. ചുവന്ന തെരുവിലെ കറുത്ത കൂരകള്‍ക്ക് കീഴെ പുറംകാഴ്ചകള്‍ നിഷിദ്ധമായ അന്ധകാരങ്ങളില്‍ അവരെ വ്യത്യസ്തമായി പ്രാപിച്ച്, നൈമിഷികമായ രതിമൂര്ച്ചയ്ക്ക് ശേഷം അതേ കിടക്കയില്‍ പശ്ചാത്തപിക്കുമ്പോള്‍, അവള്‍ എന്റെ കാമത്തിന്റെ കറ വൃത്തിഹീനമായ കുളിമുറിയില്‍ ഒഴുക്കും. ഞാന്‍ വീണ്ടും ലജ്ജിക്കും. 'വേശ്യ' സത്യത്തില്‍ ഞാന്‍ തന്നെയല്ലേ, എന്ന് ചിന്തിപ്പിച്ചതും ഒരു വേശ്യ തന്നെ! ചുവന്ന തെരുവിലെ വേശ്യകളെപോലെയാണ് എന്റെ സ്വതന്ത്രനിമിഷങ്ങളിലെ ചിന്തകള്‍ . അവരോടൊത്തുകൂടി ഞാനും വേശ്യയാകുന്നു. ഓരോ ഒറ്റയാനും വശീകരിക്കപ്പെടുന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് നടുവിലെ നേരിയോരതിരില്‍ നാല് ദിക്കില്‍ നിന്നും വീശുന്ന കനത്ത കാറ്റില്‍ ഒറ്റയായി നിന്ന് ഞാന്‍ ആടിയുലയാതിരിക്കുമ്പോള്‍, കാറ്റ് ലജ്ജിച്ചുകൊണ്ട് അശക്തനാകുന്നു. ഞാന്‍ ഒറ്റയാനാണ്. എന്നെ തോല്‍പ്പിക്കുന്നത് ആ വേശ്യ മാത്രം. എന്നെ പ്രേരിപ്പിക്കുന്നതും, എന്നെ പ്രാപിപ്പിക്കുന്നതും, എന്നെ വശീകരിക്കുന്നതും, അത്ഭുതപ്പെടുത്തുന്നതും, എന്നെ ലജ്ജിപ്പിക്കുന്നതും, പശ്ചാത്തപിപ്പിക്കുന്നതും എന്നെ നഗ്നമാക്കുന്നതും ആ വേശ്യ മാത്രം. മറ്റൊന്നും എന്നെ തൊടാന്‍ ശക്തിയുള്ളതല്ല, സൗന്ദര്യവും ഒട്ടു ഞാന്‍ കാണുന്നില്ല. അവളാണ് എന്നോട് പറഞ്ഞത്, ലോകം എന്നൊന്നില്ല, ലോകാവസാനവും അതിനാലില്ലെന്ന്. വര്‍ഷങ്ങള്‍ വെറും മാനുഷികമായ കണക്കുകള്‍ ആണെന്ന്. ജീവിക്കുവാന്‍ കണക്കുകള്‍ എന്തിനെന്ന് അവള്‍ ചോദിക്കുമ്പോള്‍, അവളുടെ കലണ്ടറില്‍ സന്തോഷത്തിന്റെ ചുവന്ന അക്കങ്ങള്‍ കണ്ട്, 'എങ്ങനെ' എന്ന ചോദ്യം മാത്രം എനിക്ക് പ്രസക്തമായി. ഋതുക്കള്‍ മാറുന്നതിനെ കുറിച്ച് പറയുമ്പോള്‍, മനസ്സില്‍ പെയ്ത മഴകളും കണ്ണില്‍ നിറഞ്ഞ വസന്തവും അവളെ വാചാലയാക്കി. അവള്‍ മാത്രമായിരുന്നു അവള്‍ക്കു സത്യം. ആ ചുവന്ന തെരുവിനപ്പോള്‍ രക്തം കൊണ്ട് മിടിക്കുന്ന ഹൃദയത്തിന്റെ നിറമായിരുന്നു. ഞാന്‍ ഒറ്റയാനാണ്. നല്ലത്!