Jyothy Sreedhar

ചുറ്റുവട്ടം

(ഈ ലേഖനം തരംഗിണിഓണ്‍ലൈന്‍ മാഗസിന്‍റെ നവംബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചു: http://tharamginionline.com/articles/viewarticle/439.html ) കുറച്ചാഴ്ചകള്‍ മുന്‍പ് 'നടതള്ളല്‍' എന്ന പേരില്‍ മക്കളാല്‍ ഗുരുവായൂര്‍ക്ഷേത്രപരിസരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരായ മാതാപിതാക്കളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസില്‍ വാര്‍ത്തയുണ്ടായിരുന്നു. അതിനു ശേഷം അവിടെ നിയമം കര്‍ശനമാക്കി. വാര്‍ത്തയില്‍ കണ്ട അച്ഛനമ്മമാര്‍ തങ്ങളെ ഉപേക്ഷിച്ച് രക്ഷപ്പെട്ട മക്കളുടെ വൈദഗ്ദ്യത്തെ ഓര്‍ത്ത്‌ കണ്ണീരൊഴുക്കുന്നത് കാണാനിടയായി. വലിയ നിലകളില്‍ ജോലി ചെയ്യുന്ന അഞ്ചും ആറും മക്കള്‍ ഉള്ളവര്‍ തിരക്കുകളിലേയ്ക്ക് വെറുതെ എങ്കിലും ഒരു തിരച്ചില്‍ പോലെ നോക്കുന്നത് വാര്‍ത്തകളില്‍ കണ്ടു. ക്ഷീണിതമായ കണ്ണുകളില്‍ പ്രതീക്ഷയുടെ കുഞ്ഞുവെട്ടം തെളിഞ്ഞു നിന്നു. ഇത് ഇന്നത്തെ എത്രയോ അച്ഛനമ്മമാരുടെ കഥയാണ്‌! ഗുരുവായൂര്‍ അല്ലെങ്കില്‍ മറ്റൊരിടത്ത്. ചിലപ്പോള്‍ സ്വന്തം വീട്ടില്‍ നടതള്ളപ്പെടുന്നവര്‍. അത്തരം അച്ഛനമ്മമാര്‍ ഒരു വശത്തെന്കില്‍, മറ്റൊരു വശത്ത്, “മക്കളാണ്, മറക്കരുത്” എന്നൊരു പരമ്പര അതേ ഏഷ്യാനെറ്റ്‌ ന്യൂസ് ചാനലിന് ചെയ്യേണ്ടി വന്നു. ഒരു ദിവസം പ്രായമായ ഇരട്ടക്കുട്ടികളെ വെട്ടിക്കൊന്ന അമ്മ, കൊച്ചു തെറ്റുകള്‍ക്ക് അഞ്ചു വയസ്സായ മകനെ സ്ഥിരമായി പൊള്ളലേല്പ്പിക്കുന്ന മാതാപിതാക്കള്‍, കാമുകന് സ്വന്തം കുഞ്ഞുമകളെ പീഡിപ്പിക്കാന്‍ വിട്ട് പിന്നെ കൊല്ലാന്‍ കൂട്ടുനില്‍ക്കുന്ന അമ്മ... ഇങ്ങനെ നീളും കഥകള്‍. ഒരിക്കല്‍ ഫെയ്സ്ബുക്കില്‍ എന്നോട് വ്യക്തിപരമായി സംസാരിച്ചിട്ടുള്ള ഒരു പെണ്‍കുട്ടി അവരുടെ സ്വന്തം അച്ഛന്‍ നാളുകളോളം അവരെ ലൈംഗികമായി പീഡിപ്പിച്ചതിനെക്കുറിച്ച് വിവരിച്ചപ്പോള്‍ പ്രതികരിക്കേണ്ടത് എങ്ങനെയാണ് എന്നറിയാതെ ഞാന്‍ പകച്ചു പോയിട്ടുണ്ട്. അതിനെക്കുറിച്ച് എഴുതണം എന്ന് അവര്‍ എന്നോട് പറഞ്ഞിരുന്നെങ്കിലും, സത്യത്തില്‍ എനിക്ക് അത് കഴിയുമായിരുന്നില്ല. ഇത്തരത്തില്‍ ഉള്ള ഓരോ വാര്‍ത്തയും കാണുമ്പോള്‍ ഞാന്‍ അവരെയും അവരുടെ വികാരപരമായ മേസേജുകളെയും ഓര്‍ക്കാറുണ്ട്. മറ്റൊരു പെണ്‍കുട്ടിയുടെ കുമ്പസാരം പോലെയുള്ള ഒരു മേസേജില്‍ അവരുടെ അമ്മാവന്‍ കുഞ്ഞുനാള്‍ മുതല്‍ അവര്‍ക്ക് ലൈംഗികസുഖം കൊടുത്ത് ശീലമാക്കി ഇപ്പോള്‍ അവര്‍ അതിനെ മാറ്റാന്‍ പറ്റാത്ത ഒരു ഘട്ടത്തില്‍ എത്തിയതിനെകുറിച്ച് പറഞ്ഞിരുന്നു. ഇത്തരം സന്ദേശങ്ങള്‍ വരുമ്പോള്‍ ഞാന്‍ ഒരിക്കലും വിശ്വസിച്ചിട്ടുണ്ടായിട്ടില്ലാത്ത അവിശ്വസനീയതകള്‍ യാഥാര്‍ത്ഥ്യമാകുന്നതായി അറിയുന്നു. നമ്മുടെ ചുറ്റും കാണുന്നത് മാത്രമല്ല നമ്മുടെ നാട്. അതില്‍ വൈകൃതങ്ങള്‍ ഒട്ടേറെ അടിഞ്ഞുകൂടിയിരിക്കുന്നു. നമ്മളെ തൊടാതെ തൊട്ട് അവിശ്വസനീയതകള്‍ ഏറെയുണ്ട്. തൊട്ടപ്പുറത്തെ വീട്ടില്‍ പോലും നമ്മള്‍ അറിയാത്ത ക്രൂരമായ കഥകള്‍ നടക്കുന്നുണ്ട് എന്ന് വിശ്വസിക്കാതെ തരമില്ല. ബന്ധങ്ങള്‍ ശോഷിക്കുന്നതിനൊപ്പം ലൈംഗികതയോടുള്ള അമിതാവേശം കേരളത്തില്‍ ഉണ്ടാകുന്നതായി കാണുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സെക്സ് റാക്കറ്റില്‍ പെട്ട് ജീവിതം നശിച്ച വിദ്യാര്‍ത്ഥിനികളെ കുറിച്ചുള്ള വാര്‍ത്തയില്‍ അതില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായി കണ്ടു. നഗ്നചിത്രം കാണിച്ചു ഭീഷണിപ്പെടുത്തി ഇതില്‍ പെടുന്ന പെണ്‍കുട്ടികളാണ് കൂടുതലും. അതിനേറെയും കാരണമാകുന്നത് തെറ്റായ പ്രണയങ്ങള്‍ തന്നെയാണ്. ഇത്തരം ഓരോ വാര്‍ത്തയും ഒറ്റപ്പെട്ട വെറും ഒരു വാര്‍ത്ത മാത്രമാകാതെ, ഒരു വലിയ കൂട്ടത്തിന്‍റെ പ്രാതിനിധ്യം കാണിക്കുമ്പോഴാണ് അത് ഞെട്ടല്‍ ഉണ്ടാക്കുന്നത്‌. പലപ്പോഴും കിട്ടാക്കനി എന്ന് തോന്നുന്നതിനെ സ്വന്തമാക്കാനാണ് മനുഷ്യന്‍റെ അടിസ്ഥാനപരമായ ആവേശം. അങ്ങനെ ആകുമ്പോള്‍, കുഞ്ഞു നാള്‍ മുതല്‍ ‘കിട്ടാക്കനികള്‍’ എന്ന് സമൂഹം പഠിപ്പിക്കുന്ന പെണ്ണും, ലൈംഗികതയും, നഗ്നതയും ഒക്കെ, വളരുമ്പോള്‍ എങ്ങനെയും പ്രാപിക്കണം എന്ന് മനുഷ്യന്‍ ആലോചിച്ചു പോകുന്നതില്‍ അത്ഭുതമില്ല. കേരളത്തിലെ നിയമങ്ങളോട് എനിക്ക് ബോധം വച്ച കാലം മുതല്‍ അങ്ങേയറ്റം വെറുപ്പാണ്. നിയമങ്ങളുടെ നീണ്ട നിരയും, പെണ്ണിനും ആണിനുമിടയില്‍ അനാവശ്യത്തിനും വരയ്ക്കുന്ന പരിധികളും വേര്‍തിരിവുകളും തന്നെയാണ് ഇന്നത്തെ വളര്‍ന്നു വരുന്ന മലയാളിസമൂഹത്തെ ഇത്രയും വികൃതമായി ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. ദുഷിച്ച വിത്തുകള്‍ പാകി ദുഷിച്ച വ്യക്തികള്‍ ഉണ്ടാവുമ്പോള്‍, അതിനെ അങ്ങനെ തന്നെ വളര്‍ത്തിയിട്ട്, ‘ദുഷിച്ചവനേ’ എന്ന് വിളിച്ച് കൂട്ടമായി കല്ലെറിഞ്ഞ് സംതൃപ്തിയടയലാണ് പണ്ടും ഇന്നും കേരള സമൂഹത്തിന്‍റെ രീതി. അവിടെ നിന്ന് പുറത്തു പോകുന്നവര്‍ നന്നാവാറുണ്ട്, അകത്തുള്ളവര്‍ നല്ലവരെന്ന് അവര്‍ തന്നെ സ്വയം ധരിച്ചു ജീവിക്കാറുമുണ്ട്. അതിന് മാറ്റം ഉണ്ടാവുക സ്വപ്നം കാണാന്‍ പറ്റാത്തതാണ്. മനസ്സിന്‍റെതായ ബന്ധങ്ങള്‍ ഇന്ന് കുറവാണെന്ന് തോന്നും ഇത്തരത്തില്‍ ഉള്ള വാര്‍ത്തകള്‍ വരുമ്പോഴും, അതിനെ കുറിച്ച് ചിന്തിക്കുമ്പോഴും. അത്തരമൊരു ചിന്താവേളയിലാണ് എന്നെ ആശ്വസിപ്പിച്ചു കൊണ്ട് ഒരു ബ്ലോഗ്‌ സുഹൃത്തും ഡോക്ടറുമായ ഒരു വ്യക്തിയുടെ മെയില്‍ വരുന്നത്. പത്തു വയസ്സുള്ള ഒരു പെണ്‍കുട്ടി അദ്ദേഹത്തെ കാണാന്‍ വന്നതും, പിന്നീട് ആ കുട്ടിയെ കൌന്‍സല്‍ ചെയ്തതും ആയ ഒരു കഥ. രണ്ടു വയസ്സില്‍ അച്ഛന്‍ നഷ്ടപ്പെട്ട്, പിന്നെ അമ്മ വളര്‍ത്തിയ കുട്ടി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുവൈത്തില്‍ വീട്ടുജോലിയ്ക്കായി ആ കുട്ടിയുടെ അമ്മയ്ക്ക് പോകേണ്ടി വന്നു. രണ്ടു വര്‍ഷത്തിനു ശേഷമേ അമ്മയ്ക്ക് തിരികെ വരാന്‍ സാധിക്കൂ എന്ന സത്യം ഉള്‍ക്കൊള്ളാന്‍ ആവാതെ ഉറക്കം നഷ്ടപ്പെട്ടിരുന്നു ആ കുട്ടിയ്ക്ക്. സദാ സമയവും അമ്മയുടെ കോളും പ്രതീക്ഷിച്ച് ഫോണിനടുത്ത് ആ കുട്ടി ഇരിക്കും. എല്ലാം കൂടിയായപ്പോള്‍ പഠിത്തത്തില്‍ ശ്രദ്ധ കുറവ്. ഭ്രാന്തമായ ഒരു അവസ്ഥ. അമ്മയുണ്ടായിരുന്നപ്പോള്‍, അമ്മയെ കെട്ടിപ്പിടിച്ചു മാത്രമുറങ്ങിയിരുന്ന കുട്ടി. തനിയ്ക്കു വേണ്ടി അമ്മ സ്വന്തം ഭക്ഷണം ഉപേക്ഷിക്കുന്നതറിഞ്ഞു അമ്മയെ ഭക്ഷണം കഴിപ്പിക്കാന്‍ പാടുപെടുമായിരുന്നു. വാര്‍ത്തകളില്‍ വിദേശത്ത്‌ വീട്ടുജോലിക്കാരെ പീഡിപ്പിക്കുന്നത് കാണുമ്പോള്‍ സ്വസ്ഥതയില്ലാതെ നടക്കും അവള്‍. സ്കൂളില്‍ മറ്റുകുട്ടികള്‍ അമ്മയെ കുറിച്ച് പറയുമ്പോള്‍ ബാത്ത്റൂമില്‍ പോയി സ്വന്തം അമ്മയെ കുറിച്ചോര്‍ത്ത്‌ കരയും. കൌന്സലിങ്ങിനു ശേഷം അവള്‍ ആ ഡോക്റ്ററിന് കൊടുത്ത ഉറപ്പ്‌ ‘നന്നായി പഠിച്ച് അമ്മയെ വേഗം തിരികെ കൊണ്ടുവരും’ എന്നതായിരുന്നു. ഒരു പത്തുവയസ്സുകാരിയുടെ ആ ഒരു വരി മതി, എത്ര ക്രൂരപീഡനങ്ങളുടെയും, ബന്ധവൈകൃതങ്ങളുടെയും വാര്‍ത്തകള്‍ക്കിടയിലും കണ്ണില്‍ ഒരു നനവോടെ ആശ്വാസം കിട്ടാന്‍. ആ ആശ്വാസത്തോടെ ഈ ലേഖനം നിര്‍ത്തുമ്പോള്‍, ബാക്കിയാകുന്നത് ചിന്തകള്‍ക്കും ചുറ്റുവട്ടക്കാഴ്ചകള്‍ക്കും ആയി ഞാന്‍ വിട്ടുതരുന്നു.