എനിയ്ക്കു നീ നല്‍കുന്ന ഒരു ചുംബനവും ശരീരങ്ങളുടെതല്ല. അത്, അധരങ്ങള്‍ അധരങ്ങളോടു നടത്തുന്ന സൌമ്യഭാഷണവുമല്ല. വാക്കുകള്‍ വേണ്ടാത്ത പ്രണയത്തില്‍ വാക്കുകളെ ഖണ്ഡിച്ച ചുണ്ടുകളെ ഒന്നായി ചേര്‍ത്ത്, അതിലൂടെയിറങ്ങി, ഇടയിലുള്ള ആഴങ്ങളെ സ്പര്‍ശിച്ച്, നാം ചുംബിക്കുമ്പോള്‍, ബാഹ്യം തൊടാത്ത, നാമൊന്നായലിഞ്ഞ, ആത്മാവിന്‍റെ ഒരു ശുഭ്രകണത്തെ നാം തിരയുന്നതാണത്. വാക്കുകള്‍ക്കതീതമായ നിന്നോടുള്ള എന്‍റെ പ്രണയത്തെ അതിനേക്കാള്‍ തീവ്രതയില്‍ നീ സ്വന്തമാക്കുന്നതാണത്. നിശബ്ദമായ ആ ചുംബനനിമിഷങ്ങളില്‍, ഒരശരീരി പോലെ, നാം കേള്‍ക്കുന്നതത്രയും ജന്മങ്ങള്‍ കടന്നുള്ള നമ്മുടെ പ്രണയമാണ്. ഇത്ര നാളുമുള്ള നമ്മുടെ സന്ദേശങ്ങള്‍- കൈമാറിയതും, അല്ലാത്തതും. ഒടുവില്‍, ചുണ്ടുകള്‍ വിട പറഞ്ഞ് ഞാന്‍ കണ്ണുകള്‍ മെല്ലെ തുറക്കുമ്പോള്‍ ഈ ജന്മത്തിലെത്തി, എന്നെ കണ്ടെത്തിയ നിന്‍റെ ആവേശം നിന്‍റെ കണ്ണുകളില്‍ ജ്വലിക്കാറുണ്ട്. അതിനേക്കാള്‍ ഭംഗിയായി, "എന്റേതാണ് നീ"യെന്ന്‍ നീ പറയുന്ന, ഞാനതറിയുന്ന, മറ്റൊരു നിമിഷമില്ല. നിശബ്ദതയുടെ ഉറപ്പില്‍ ശബ്ദം തോറ്റുപോകാറുള്ളത് അന്നേരമാണ്.