Jyothy Sreedhar

ചിലതുണ്ട്‌ അളക്കാൻ.

ചിലതുണ്ട്‌, അളക്കാൻ.

അന്ന്, ഇത്തിരിയകലത്തിൽ നിന്ന്
എന്നെയാവാഹിച്ച നിന്റെ കണ്ണുകളിൽ
ഞാൻ ശ്രദ്ധിച്ചൊരാദ്യ പ്രണയസ്‌ഫുരണത്തിന്റെ
ആർദ്രതയെ.
അന്നേരം,
നിന്നിലേയ്ക്കോടി വരാൻ
എന്റെ കണ്ണുകൾ കാട്ടിയ ധൃതിയെ.
എന്നെ വാരിപ്പുണരാനുള്ള
നിന്റെ ദാഹത്തെ.
നിന്റെ ഓരോ ചുമ്പനത്തെ.

ഇനിയുമുണ്ടളക്കാൻ.

എന്നോട്‌ നീ വിട പറയുമ്പോൾ,
അരുതെന്ന് പറഞ്ഞ്‌
നിന്റെ ഹൃദയം തൊടുത്തുവിട്ട്‌,
നിന്റെ ഉള്ളംകയ്യിൽ തളംകെട്ടിയ
രക്തശരങ്ങളുടെ മൂർച്ചയെ.
പിരിഞ്ഞിരിക്കുന്ന വിരഹത്തിൽ,
പതഞ്ഞുപൊങ്ങുന്ന നഷ്ടബോധത്തെ.
തെല്ലും മോടികൾ ചേർക്കേണ്ടാത്ത
യഥാർത്ഥമായ,
ഭാരമോരോ നിമിയും വർദ്ധിക്കുന്ന
ഒരു ഹൃദയനോവിനെ.
അതു തമ്മിൽ പറഞ്ഞുതീർക്കുമ്പോൾ
നീയുതിർക്കുന്ന നെടുവീർപ്പിനെ.
ഞാൻ വെളിവാക്കുന്ന നിശബ്ദതയെ.
പിന്നെ, അത്‌ ഭഞ്ജിക്കുന്ന
ശബ്ദം താഴ്‌ന്നൊരു മൂളലിനെ.

ഇനിയുമുണ്ട്‌ അളക്കാൻ.

ഒടുക്കം, കാണുന്ന മാത്രയിൽ
മിടിപ്പുകൾ മറന്ന് ഭാരം വർദ്ധിച്ച‌
നമ്മുടെ‌ ഹൃദയങ്ങളെ
പരസ്പരം നെഞ്ചോട്‌ ചേർത്ത്‌,
ആഴ്‌ന്നിറങ്ങി പുണരുമ്പോൾ
ജീവിക്കാൻ തുടങ്ങുന്ന
നമ്മുടെ ഹൃദയത്തിന്റെ,
നമ്മൾ കേൾക്കുന്ന ആദ്യമിടിപ്പുകളെ.
ഒരു ശ്വാസദൂരത്തിൽ കാണുമ്പോൾ
നിറഞ്ഞു തുളുമ്പുന്ന നിന്റെ പുഞ്ചിരിയെ.
വിരഹം നിറഞ്ഞ്‌ താപം വർദ്ധിക്കുന്ന
എന്റെ ചുടുമിഴിനീർത്തുള്ളിയെ.

ചിലതുണ്ട്‌ അളക്കാൻ.
മത്സരിച്ച്‌ നിന്നെ ജയിക്കാനല്ല.
എന്നും പോരാടുവാനല്ല.
ഓരോന്നിലും നിന്നോട്‌ തോറ്റ്‌,
തെല്ലൊരഹങ്കാരത്തോടെ,
കുശുമ്പ്‌ കുത്താൻ.