ചില സ്വാതന്ത്ര്യങ്ങളെ
എനിക്കിഷ്ടമായിരുന്നില്ല.
മുറുകെച്ചേർന്ന കൈ വിട്ട്,
ഒരു ഞൊടികൊണ്ട്
ഈ ലോകത്തിന്
നീയെന്നെ വിട്ടുകൊടുത്ത
സ്വാതന്ത്ര്യം.
എന്റെ കൃഷ്ണമണിയിൽ
പ്രപഞ്ചത്തെ മറച്ച്
നിറഞ്ഞതിൽ നിന്ന്
സ്വയം ഇറങ്ങിയൊഴിഞ്ഞ്
പകരം ലോകത്തെ പ്രതിഷ്ഠിച്ച
സ്വാതന്ത്ര്യം.
ഒരു മഞ്ഞിന്റെ തണുവിനെ മാറ്റാൻ
മുറുകെയെന്നെ പുണർന്നിട്ട്
അടുത്ത മഞ്ഞിനെ അറിയുവാൻ
എന്നെ തനിച്ചാക്കിവിട്ട
സ്വാതന്ത്ര്യം.
കാത്തിരിപ്പു നീളുമ്പോഴുള്ള
എന്റെ ആശങ്കയെ, വിരഹത്തെ,
ദുഃഖത്തെ, അതിരോളം നീണ്ട ദൃഷ്ടിയെ,
പണ്ടത്തെയോർമ്മ മാത്രമാക്കിയ
സ്വാതന്ത്ര്യം.
ചില സ്വാതന്ത്ര്യങ്ങളെ,
അത് നീ തരുമ്പോൾ
എനിക്ക് ഇഷ്ടമായിരുന്നില്ല.
പക്ഷെ
നീയെന്നെ സ്വതന്ത്രയാക്കി,
എന്റെ സമ്മതമോ ഇഷ്ടമോ
തെല്ലുമില്ലാതെ.
ഇനി സ്വതന്ത്രമാകാനുള്ളത്
എന്റെ ചിന്തകളും സ്വപ്നങ്ങളുമാണ്.
അവയ്ക്ക്
എന്റെ ആത്മാവിന്റെ വിലക്കും
ജന്മങ്ങളുടെ വിലങ്ങുകളുണ്ട്.
നിന്നെ ചുമന്ന്,
എന്റെ പ്രാണവായുവിനാൽ
അവ ജീവിച്ചുകൊള്ളും.
അവയെ വെറുതെ വിടുക;
നിന്നിൽ നിന്നവയ്ക്ക്
സ്വാതന്ത്ര്യം നിഷേധിക്കുക.