"എനിക്കാ ഭ്രാന്തന്‍റെ കാലിലെ മുറിവാകാന്‍ കൊതിയാവുകാ... ചങ്ങലയുടെ ഒരു ഒറ്റക്കണ്ണിയുമായിട്ടു മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്..." ഈ വരിയാണ് പരാജയപ്പെട്ട അനേകം ശ്രമങ്ങള്‍ക്കൊടുവില്‍ 'തൂവാനത്തുമ്പികള്‍' മുഴുവനായി കണ്ടുതീര്‍ക്കുവാന്‍ എന്നെ പിടിച്ചിരുത്തിയത്. ആയതിനാല്‍, ഈ വരികൊണ്ടല്ലാതെ ഈ ലേഖനം തുടങ്ങാന്‍ എനിക്ക് കഴിയില്ല.
അന്ന്: ടിവിയില്‍ ഞാന്‍ ആദ്യമായി തൂവാനത്തുമ്പികള്‍ എന്ന് കണ്ടപ്പോള്‍, ആ സിനിമയെ കുറിച്ച് ഒരു പിടിയുമില്ലായിരുന്നു. സിനിമയെ അത്ര കാര്യമായി കാണാത്ത അപക്വമായ, വീക്ഷണങ്ങള്‍ തീരെ ഇല്ലാത്ത പ്രായം. കണ്ടു തുടങ്ങി നിമിഷങ്ങള്‍ക്കകം ബോറടിച്ച് ചാനല്‍ മാറ്റി. പിന്നീടൊരു വട്ടം മറ്റൊരു സിനിമയും ഇല്ലാതിരുന്നപ്പോള്‍ തൂവാനത്തുമ്പികള്‍ക്ക് മുന്നിലിരുന്നു. കാല്‍ മണിക്കൂറിനകം ടിവി ഓഫ് ചെയ്തു. സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കളില്‍ തൂവാനതുമ്പികളെകുറിച്ചുള്ള ചര്‍ച്ചകള്‍ ആ സിനിമയേക്കാളും ഞാന്‍ ആസ്വദിച്ചിരുന്ന ഒരു ദിവസത്തില്‍ വീണ്ടും അത് ടിവിയില്‍ വന്നു. കാണണം എന്ന് വിചാരിച്ചു മനപ്പൂര്‍വ്വം ഇരുന്നു. ഇഷ്ടപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരുന്നു ആദ്യഭാഗങ്ങളില്‍. തൃശൂര്‍ ഭാഷയുടെ ആധിക്യം എന്നെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു. പിന്നെ മദ്യം, പെണ്ണ് എന്നുള്ള ലൈനില്‍ പോയിതുടങ്ങിയതോടെ അര മണിക്കൂര്‍ പൂര്‍ത്തിയാക്കി ഞാന്‍ അത് എന്നെന്നേയ്ക്കുമായി ഓഫ് ചെയ്തു. ഇനി മടങ്ങി വന്ന് ഒരു കാഴ്ചയില്ല എന്ന് മനസ്സിലുറപ്പിച്ചു. 'ബ്യൂട്ടിഫുള്‍' എന്ന സിനിമയില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന അനൂപ് മേനോന്‍ ക്ലാര എന്ന കഥാപാത്രത്തെ സിനിമയിലേക്ക് ആവാഹിച്ചു കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. ചുറ്റും ഉള്ള പുരുഷന്മാര്‍ക്ക് ക്ലാര എന്നത് എങ്ങനെ ഒരു ഹരമാകുന്നു എന്ന് ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല. പെണ്‍ഭാഗത്ത് ക്ലാരയോട് തീവ്രമായ ഇഷ്ടം കാണാതിരുന്നപ്പോള്‍ ഞാന്‍ പെണ്ണായത് കൊണ്ടാവും ഈ ഇഷ്ടക്കുറവ് എന്ന് സങ്കല്‍പ്പിച്ചു. തൂവാനതുമ്പികളെ മറന്നു. ഇന്ന്: എനിക്ക് പ്രിയപ്പെട്ടവര്‍ ആഘോഷിക്കുന്ന ക്ലാരയോടുള്ള ആവേശത്തെയാണ് ഞാന്‍ സ്നേഹിച്ചത്. മഴ വരുമ്പോഴൊക്കെ ഫെയ്സ്ബുക്കില്‍ ക്ലാരയാണ് നിറഞ്ഞത്. മഴയെ അനുഭവിക്കുമ്പോഴുള്ള ഒരു രതിമൂര്‍ച്ച പോലെ പലരും ക്ലാരയെ ഗാനങ്ങളായും വികാരങ്ങളായും എഴുത്തുകളായുമൊക്കെ ഫെയ്സ്ബുക്കിലെക്ക് കൊണ്ടുവന്നു. ആ ദിവസങ്ങള്‍ക്കിടയിലാണ് എന്റെ സുഹൃത്ത് ഒരു ഹാര്‍ഡ് ഡിസ്ക് നിറയെ സിനിമകള്‍ എനിക്ക് തരുന്നത്. വേണ്ടതെല്ലാം കോപ്പി ചെയ്യുമ്പോള്‍ തൂവാനത്തുമ്പികള്‍ എന്ന ഫോള്‍ഡറില്‍ ഞാന്‍ അല്‍പ സമയം നോക്കിയിരുന്നതായി ഓര്‍ക്കുന്നു. പിന്നീട് അതും എടുത്തു. വീട്ടില്‍ ഒറ്റയ്ക്ക് ഒന്നും ചെയ്യാനില്ലാതെ ഇരുന്ന സമയം അത് തുറന്നു. കാണുവാന്‍ മനസ്സില്‍ ഉറപ്പിച്ചു. ഇത്തവണ എങ്കിലും കണ്ട് തീര്‍ക്കാന്‍ കഴിയണേ എന്ന് പ്രാര്‍ഥിച്ചു എന്ന് പറയുന്നതാവും ശരി. കണ്ട് തുടങ്ങി. പതിവ് പോലെ ബോറടിച്ചും തുടങ്ങി. ലാപ്ടോപിലെ ടച്ച്‌പാഡില്‍ ഒന്ന് വേഗം മുന്നോട്ടു ഓടിച്ചു നോക്കി. ആദ്യ ഫയലില്‍ താല്പര്യം തോന്നാതെ രണ്ടാമത്തേത് ഇട്ടു. പിന്നെയും വേഗം മുന്നോട്ടോടിച്ചു. ഒരു സ്ഥലത്ത് യാദൃശ്ചികമായി നിര്‍ത്തി. ഒരു കുന്നിന്‍ മുകളില്‍ ക്ലാര ഒരു കറുത്ത വേഷമിട്ട് ജയകൃഷ്ണനോട് സംസാരിക്കുന്ന രംഗം. ക്ലാരയില്‍ ഒരു നിറഞ്ഞൊഴുകുന്ന സൌന്ദര്യം കണ്ടാണ് ഞാന്‍ അവിടെ നിര്‍ത്തിയത്. ദൂരെ നിന്ന് കേള്‍ക്കുന്നു ഒരു ഭ്രാന്തന്‍റെ നിലവിളി. പദ്മരാജന്‍ ആണോ ആ ഭ്രാന്തന്‍ എന്ന് മനസ്സില്‍ തമാശയ്ക്ക് വെറുതെ ഓര്‍ത്തു. "എനിക്കാ ഭ്രാന്തന്‍റെ കാലിലെ മുറിവാകാന്‍ കൊതിയാവുകാ. ചങ്ങലയുടെ ഒരു ഒറ്റക്കണ്ണിയുമായിട്ട് മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്..."- ക്ലാരയുടെ ഈ വരി മനസ്സിനെ പിടിച്ചു കുലുക്കി. ഒന്ന് കൂടി ആ രംഗം കണ്ടു, കേട്ടു. എന്തോ ഒരു പ്രത്യേകത. അവിടെ നിന്ന് പിറകിലോട്ട് പോയി പോയി ജയകൃഷ്ണന്‍ ക്ലാരയ്ക്ക് കത്തെഴുതുന്ന രംഗത്തില്‍ വന്ന് നിന്നു. ജയകൃഷ്ണനില്‍ തൃശൂര്‍ ഭാഷ കേട്ടില്ല. എന്നാല്‍ കാണാമല്ലോ എന്നോര്‍ത്ത് അവിടെ നിന്ന്‍ ഞാന്‍ തൂവാനത്തുമ്പികള്‍ കണ്ടു തുടങ്ങി. ഇടയ്ക്ക് മറ്റു കഥാപാത്രങ്ങളെ തട്ടിമാറ്റി ഒരാവേശത്തോടെ ഞാന്‍ ജയകൃഷ്ണനെയും ക്ലാരയെയും മാത്രമായി കണ്ടു. തൂവാനത്തുമ്പികള്‍ എനിക്കവരുടെ മാത്രം കഥയാണ്. പിന്നെ അരികില്‍ എവിടെയോ നില്‍ക്കുന്ന നിഷ്കളങ്കയായ രാധയുടെയും. കുടുംബപ്രശ്നങ്ങളെ കുറിച്ചും, ചാരിത്ര്യം നഷ്ടപ്പെടുന്നതിനെ കുറിച്ചും, മുഖങ്ങളും മുറികളും മാറുന്നതിനെ കുറിച്ചും പറയുമ്പോള്‍ ക്ലാരയുടെ മുഖം നിര്‍വികാരമായ ചിരിയോടെയാണ് കണ്ടത്. ജയകൃഷ്ണനോട് യാത്ര പറയുമ്പോള്‍ മാത്രമേ ക്ലാരയുടെ കണ്ണുകള്‍ നിറഞ്ഞു കണ്ടുള്ളൂ. മഴയിലൂടെയും മനസ്സിനെ തട്ടുന്ന പശ്ചാത്തലസംഗീതത്തിലൂടെയും അവര്‍ കണ്ടുമുട്ടുന്നതും പിരിയുന്നതും ഒക്കെ എനിക്ക് എന്റെതായി തന്നെ അനുഭവിക്കാന്‍ കഴിഞ്ഞു. രാധ വന്നാല്‍ പിന്നെ ക്ലാരയില്ല എന്ന് ക്ലാര പറഞ്ഞതുപോലെ തന്നെ ക്ലാര ഇല്ലെങ്കില്‍ എനിക്ക് ജയകൃഷ്ണനും ഇല്ല. എന്റെ 'തൂവാനത്തുമ്പികള്‍' അവസാനിക്കുന്നത് ക്ലാര കൈവീശി യാത്ര പറഞ്ഞ് പോകുന്ന ആ ട്രെയിനിലാണ്. ക്ലാരയെ വിട്ട് രാധയുമായി നില്‍ക്കുന്ന ജയകൃഷ്ണനില്‍ എന്റെ കഥയില്ല. ഇനി: ആദ്യ നാല്‍പ്പതു മിനിട്ടുകള്‍ വിട്ട് തൂവാനത്തുമ്പികള്‍ ഞാന്‍ പറ്റുമ്പോഴൊക്കെ കാണും. ഞാന്‍ ഗന്ധര്‍വ്വനും ഇന്നലെയും മാത്രമായിരുന്നു ഇത് വരെ എനിക്ക് പദ്മരാജന്‍. ഇനി അവയ്ക്ക് മുകളില്‍ പറക്കുന്ന തൂവാനത്തുമ്പികളുടെ ശില്പി എന്ന് പദ്മരാജനെ വിശേഷിപ്പിക്കാനാവും എനിക്കിഷ്ടം. പ്രണയം, കാമം, പരിശുദ്ധി, സ്ത്രീ എന്നിവയ്ക്കൊക്കെ പുതിയ മാനങ്ങള്‍ കൊടുത്ത പദ്മരാജന്‍ ഭ്രാന്തനായി നിലവിളിയ്ക്കുമ്പോള്‍, അയാളുടെ കാലില്‍ കെട്ടിവരിഞ്ഞ ജയകൃഷ്ണന്‍ എന്ന ഒറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള, ഒരിക്കലും ഉണങ്ങാത്ത മുറിവായി ക്ലാര എന്നും നിലനില്‍ക്കും. അതായിരുന്നു ക്ലാരയുടെ ആഗ്രഹവും... ഒരു സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു, ക്ലാര എന്ന കഥാപാത്രം ഒരു വിഷമമായോ വിങ്ങലായോ ഒന്നും ഒരു പെണ്ണിന് അനുഭവപ്പെടില്ല എന്ന്. സുഹൃത്തേ, നിനക്ക് തെറ്റി. സംതൃപ്തിയോടെ നിര്‍ത്തുന്നു.