Jyothy Sreedhar

കോഴിക്കോട്‌

ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് താമസം മാറുന്നു എന്നെഴുതിയത് മുതല്‍ എനിക്ക് വന്ന സന്ദേശങ്ങളുടെ എണ്ണത്തില്‍ നിന്ന് ഈ ഇന്റര്‍നെറ്റ്‌ മഹാലോകം മുഴുവനും കോഴിക്കൊട്ടുകാരാണോ എന്ന് എനിക്ക് സംശയം തോന്നിയിരുന്നു. പക്ഷെ, ഇന്റര്‍നെറ്റില്‍ ഞാന്‍ കണ്ടുമുട്ടിയ ആളുകളില്‍ എന്നോട് വളരെ സത്യസന്ധമായി സംസാരിച്ചിരുന്നവര്‍ ഏറെയും കോഴിക്കോട്ടുകാര്‍ ആയിരുന്നു എന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കി. തന്നെയുമല്ല, ഞാന്‍ വന്നത് മുതല്‍ എനിക്ക് സംസാരങ്ങളിലൂടെയും, വിവരണങ്ങളിലൂടെയും കോഴിക്കോട്‌ പരിചിതമാക്കിക്കൊണ്ടിരുന്നു ഈ കോഴിക്കോട്ടുകാര്‍. കോഴിക്കോട് സ്നേഹത്തിന്റെ, സ്നേഹിതരുടെ, സ്നേഹം പങ്കു വയ്ക്കലിന്റെ, സര്‍വോപരി മനുഷ്യന്റെ മരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിഗുണമായ സത്യസന്ധതയുടെ നാടാകുന്നത് അങ്ങനെയാണ്.
യാത്രകളില്‍ ഞാന്‍ വളരെ പുറകോട്ടാണ്‌. ആലുവയില്‍ ജനിച്ചു വളര്‍ന്നിട്ടും, തൃശൂര്‍ കാണുക എന്നത് വലിയ ഒരു സ്വപ്നമായി ഞാന്‍ കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഞാന്‍ ഡിഗ്രീയ്ക്കോ മറ്റോ പഠിക്കുമ്പോഴാണ് ഒരു ചാനല്‍ പ്രോഗ്രാമിന്റെ ആവശ്യത്തിനായി തൃശൂര്‍ക്ക് പോകുന്നതും അവിടം കാണുന്നതും. ആലുവയില്‍ നിന്ന് വടക്കോട്ടുള്ള യാത്ര ഗുരുവായൂര്‍ക്ക് മാത്രമായിരുന്നു. അന്നൊക്കെ ഒരു പുഷ്പുള്‍ ട്രെയിനിനു വക്കത്തൂടെ തെന്നി നീങ്ങുന്ന കാഴ്ചകള്‍ മാത്രമാണ് അതിനിടയിലുള്ള നാടുകള്‍. പിന്നെ സിനിമകളില്‍ കാണും അന്നാട്ടുകാരെ, അവരുടെ വൈവിധ്യമാര്‍ന്ന ഭാഷയെ...
ഞാന്‍ സ്കൂളില്‍ പത്താം ക്ലാസിനു പഠിക്കുമ്പോഴാണ് ഒരു ഫാര്‍മസിസ്റ്റ്‌ ആയിരുന്ന അമ്മയ്ക്ക് ട്രാന്‍സ്ഫര്‍ വരുന്നത്. ഏറെ കേട്ടിട്ടുള്ള കുതിരവട്ടം ഭ്രാന്താശുപത്രിയിലേക്ക്. എന്റെ പഠിത്തം ഒട്ടും ബാധിക്കപ്പെടരുത് എന്ന് നിര്‍ബന്ധം പിടിച്ചു അമ്മ വരാന്‍ പറ്റുന്ന ദിവസമൊക്കെ ഓടി വന്ന് പോകും. രാവിലെ കുര്‍ലയ്ക്ക് പോകുന്നതും, കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ വെയിടിംഗ് റൂമില്‍ ഇരിക്കുന്നതും, പിന്നെ ആശുപത്രിയിലേക്കുള്ള യാത്രയും ഒക്കെ കഥകളായി പറയും... കുറെ ചിരിക്കും. അന്നൊക്കെ എനിക്കറിയില്ലായിരുന്നു ഞായറാഴ്ചകളില്‍ അമ്മ എടുക്കുന്ന ദീര്ഘനിശ്വാസത്തില്‍ ഓടിത്തളര്‍ന്ന ഒരാഴ്ച്ചയുടെ കിതപ്പായിരുന്നു എന്ന്. എന്റെ മനസ്സില്‍ കോഴിക്കോടിന് ആലുവയില്‍ നിന്നും അത്ര ദൂരം ഉണ്ടായിരുന്നില്ല. അമ്മയുടെ ഉഷാറുള്ള ഓട്ടം കണ്ടാല്‍ ആ കഷ്ടപ്പാട് ഒട്ടു തോന്നുകയും ഇല്ലായിരുന്നു.
മടി നല്ല അസ്സലായി കൊണ്ട്നടന്ന കാലഘട്ടമാണത്. ചിലപ്പോള്‍ അമ്മ വെളുപ്പിന് ഉണ്ടാക്കി വയ്ക്കുന്ന കറികളുടെ പാത്രം പോലും ഞാന്‍ കഴുകിയിട്ടുണ്ടാവില്ല. അമ്മ ഒരിക്കലും അതിന്റെ പേരില്‍ എന്നെ വഴക്ക് പറഞ്ഞിട്ടുമില്ല. ഇന്നതെല്ലാം ഓര്‍ക്കുമ്പോള്‍, അമ്മ പറയാത്ത വഴക്കാണ് എന്നെ വേദനിപ്പിക്കുന്നത്. മനസ്സില്‍ പക്വത പഴകി തുടങ്ങുന്ന സമയങ്ങളില്‍, എന്റെ മനസ്സ് നിറയെ കോഴിക്കോടായിരുന്നു. ഒരു രണ്ടു വര്ഷം മുന്‍പ് എനിക്ക് എന്റെ ഏറ്റവും നല്ല സുഹൃത്തിനെ കണ്ടു കിട്ടി, അതൊരു കോഴിക്കൊട്ടുകാരനാണ് എന്നറിഞ്ഞത് മുതല്‍ കോഴിക്കോടിന് എന്റെ മനസ്സില്‍ ഒരു പുതുജീവന്‍ വച്ച് തുടങ്ങി. ഒരു വര്ഷം മുന്‍പ് കണ്ണൂര്‍ക്കുള്ള ഒരു യാത്ര തുടങ്ങുമ്പോള്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു, ആ ട്രെയിന്‍ കോഴിക്കോട്‌ എത്തുമ്പോള്‍ ആ മണ്ണില്‍ ഞാന്‍ ഒന്ന് ഇറങ്ങി നില്‍ക്കുമെന്ന്. അതങ്ങനെ തന്നെ സംഭവിച്ചു. ആ മണ്ണില്‍ കാലു ചവിട്ടി ദൂരെയുള്ള കാണാത്ത ഒരു ആശുപത്രിയിലേക്ക് എത്തി നോക്കുമ്പോള്‍ ഞാന്‍ കേട്ടത് അമ്മയുടെ ഞായറാഴ്ചയിലെ ദീര്‍ഘനിശ്വാസങ്ങളായിരുന്നു. ഒരു കടല്‍ ശബ്ദം പോലെ അതങ്ങനെ നിന്ന് കേട്ടു. തിരികെ ട്രെയിനില്‍ കയറി, ആ ട്രെയിന്‍ അമ്മ വിശ്രമിച്ചിരുന്ന വെയിടിംഗ് റൂം ഉള്ള കോഴിക്കോട് സ്റ്റേഷന്‍ വിടുമ്പോള്‍, "ഒരു പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകുന്ന പോലെ..." എന്നാണ് മനസ്സില്‍ തോന്നിയതും അന്ന് ഫെയ്സ്ബുക്കില്‍ എഴുതിയതും. പോകാന്‍ തോന്നിയതെ ഇല്ല. കുറെ നേരം അങ്ങനെ, എന്റെ അമ്മയുടെ കഴിഞ്ഞ കാലങ്ങളിലെ ശ്വാസം അനുഭവിക്കണം എന്ന് തോന്നിയിരുന്നു. കൂടെ നിന്ന എന്റെ ഭര്‍ത്താവിന് അവിടെ നടക്കുന്നതിനെ പറ്റി ഒന്നും മനസ്സിലായിരുന്നില്ല.
വര്‍ഷങ്ങള്‍ മാറിമറിഞ്ഞപ്പോള്‍, കോഴിക്കോട്‌ എന്നെ വീണ്ടും വിളിച്ചു. അതിന്റെ ഹൃദയത്തില്‍ തന്നെ ഒരു വീടും എനിക്ക് തന്നു. ഇവിടെയാണ്‌ ഞാന്‍ ഇന്ന് താമസിക്കുന്നത്, കോഴിക്കോടിന്റെ നന്മയെ ഞാന്‍ തിരിച്ചറിയുന്നത്‌, കേട്ടുകേള്‍വി മാത്രമുള്ള ഭക്ഷണകെന്ദ്രങ്ങളും കോഴിക്കോടിന്റെ രുചിയും ഒക്കെ അനുഭവിക്കുന്നത്... ഇനി ഒരിക്കല്‍ കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുതിരവട്ടം ഭ്രാന്താശുപത്രിയിലേക്ക് ഞാന്‍ സഞ്ചരിക്കും... എന്റെ അമ്മയുടെ ഏറ്റവും ബുദ്ധിമുട്ടു നിറഞ്ഞ കാലങ്ങളിലെ ഇടറാത്ത കാലടികള്‍ പതിഞ്ഞ ആ പാതയിലൂടെ... ഞാന്‍ തിരിഞ്ഞു നോക്കാത്ത കാലത്തും അമ്മയിലെ ഉണര്‍വിനെ സൂക്ഷിച്ച കോഴിക്കോടിന് ഞാന്‍ സമ്മാനിക്കുക എന്റെ നിറഞ്ഞ മനസ്സാണ്. ക്ഷീണിതമായ യാത്രയില്‍ അമ്മ കാണാന്‍ മറന്ന കാഴ്ചകള്‍ അമ്മയ്ക്ക് വേണ്ടി ഞാന്‍ കാണും... ഇതെല്ലാം തീര്‍ത്തും ഒറ്റയായി അനുഭവിക്കണമെനിക്ക്.
പിന്നെ അധികം താമസിയാതെ അമ്മയെയും കൊണ്ട് ആ വഴിയിലൂടെ പോകണം...

(മിഠായി തെരുവിനും, പാരഗണ്‍ ഹോട്ടലിനും, ബോംബെ ഹോട്ടലിനും കോഴിക്കോട്‌ കടല്തീരത്തിനും ഒക്കെ അതീതമായി കോഴിക്കോട്ട് എനിക്ക് ചിലതുണ്ട് എന്ന് എല്ലാവരെയും, പ്രത്യേകിച്ച് എന്റെ കോഴിക്കോട്‌ സുഹൃത്തുക്കളെയും, ഇങ്ങനെ അറിയിക്കണം എന്ന് തോന്നിയിരുന്നു. അതിനാണ് ഈ എഴുത്ത്.)