ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമന്തരംഗം. കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞെരംബുകളില്ആ ചോരത്തിളപ്പാണ് എന്നെക്കൊണ്ട് ഈ ലേഖനം എഴുതിക്കുന്നത്. കുറച്ച് മുന്‍പ് വരെ ഏതു വികാരത്തിന്‍റെ പേരിലാണോ മുല്ലപ്പെരിയാറിനെ കുറിച്ച് എഴുതിയത്, അതിന്റെ അല്പം കൂടി പ്രാദേശികമായ ചായ്‌വോടെയാണ് ഇത് കുറിക്കുന്നത്. എന്നെ പ്രകോപിപ്പിച്ചതാകട്ടെ ഒരു വാര്‍ത്തയും:
തമിഴ്‌നാട്ടില്‍ മലയാള സിനിമകളുടെ ഷൂട്ടിങ്ങും പ്രദര്‍ശനവും തടസ്സപ്പെടുത്തുമ്പോള്‍ തമിഴ് ചിത്രങ്ങള്‍ക്ക് കേരളത്തിലെ തിയേറ്റര്‍ ഉടമകളുടെ സ്വീകരണം. ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളം സിനിമകള്‍ മാറ്റിക്കൊണ്ടാണ് തമിഴ് പടങ്ങള്‍ കളിക്കാന്‍ ഇവര്‍ അവസരമൊരുക്കുന്നത്. ഇതിനെതിരെ സംവിധായകരായ രഞ്ജിത്തും വി.കെ. പ്രകാശുമുള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു. മികച്ച ചിത്രമെന്ന് പ്രേക്ഷക പ്രശംസ നേടിയ 'ബ്യൂട്ടിഫുള്‍' മാറ്റിക്കൊണ്ടാണ് അടുത്തയാഴ്ച മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ വിക്രമിന്റെ തമിഴ് ചിത്രം 'രാജപാട്ടൈ' പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനെതിരെ വേണ്ടിവന്നാല്‍ പ്രക്ഷോഭത്തിനിറങ്ങുമെന്ന് 'ബ്യൂട്ടിഫുളി'ന്റെ സംവിധായകന്‍ വി.കെ. പ്രകാശ് പറഞ്ഞു. മലയാളത്തില്‍ നല്ല സിനിമകളില്ലെന്ന് പറയുന്നവര്‍ തിയേറ്റര്‍ ഉടമകളുടെ നീക്കത്തിനെതിരെ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലയാള സിനിമകള്‍ക്ക് തമിഴ്‌നാട്ടിലുള്ള നിരോധനം അവസാനിപ്പിച്ചാല്‍ മാത്രമേ തമിഴ് സിനിമകള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാവൂ എന്ന് സംവിധായകന്‍ രഞ്ജിത്ത് ആവശ്യപ്പെട്ടു. മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയില്‍ ഉണ്ടാകേണ്ട ചിത്രമാണ് 'ബ്യൂട്ടിഫുള്‍'. പക്ഷേ അതിനെ ഞെരിച്ചുകൊന്ന് തമിഴന് കാശുവാരാന്‍ അവസരമുണ്ടാക്കുകയാണ് നമ്മുടെ തിയേറ്ററുടമകള്‍. ഇതിനെതിരെ പ്രതിഷേധം ഉണരണം-മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തീരുമാനമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ബഹിഷ്‌കരിച്ച രഞ്ജിത്ത് പറഞ്ഞു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കേരളത്തിലെ തിയേറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ 'വെനീസിലെ വ്യാപാരി'യും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ 'ഒരു മരുഭൂമിക്കഥ'യും തമിഴ്‌നാട്ടില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. 'ബ്യൂട്ടിഫുളി'ന്റെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവസാനിപ്പിച്ചതായി വി.കെ. പ്രകാശ് പറഞ്ഞു. ഇതിനിടെ തമിഴ്‌നാട്ടില്‍ ഷൂട്ടിങ്ങിനെത്തുന്ന മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തുടരുകയാണ്. തെങ്കാശിയില്‍ എം.എ. നിഷാദിന്റെ 'നമ്പര്‍ 66 മധുര ബസ്' എന്ന സിനിമയുടെ പ്രവര്‍ത്തകര്‍ക്കു നേരെയും 'മല്ലുസിങ്ങി'ന്റെ ലൊക്കേഷന്‍ നോക്കാന്‍ പൊള്ളാച്ചിയിലെത്തിയ സംവിധായകന്‍ വൈശാഖിനു നേരെയുമുണ്ടായ ആക്രമണത്തിനു പിന്നാലെ, ശ്രീനിവാസന്‍ നായകനായ 'പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍' എന്ന സിനിമയുടെ ഗാനചിത്രീകരണം ഊട്ടിയില്‍ ചിലര്‍ തടസ്സപ്പെടുത്തി. ഷൂട്ടിങ് അനുവദിക്കില്ലെന്ന് ഇവര്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംഘം മൂന്നാറിന് മടങ്ങി. മലയാള സിനിമയ്‌ക്കെതിരായ നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി. സുരേഷ്‌കുമാര്‍ പറയുന്നു. പക്ഷേ, പലരും ഭയന്ന് പിന്മാറുകയാണ്. തമിഴ്‌നാട്ടിലുള്ള ബന്ധങ്ങളെ ബാധിക്കുമെന്നാണ് പേടി. ഈ മനോഭാവം മാറണം. നമ്മള്‍ മാത്രം എല്ലാ അക്രമങ്ങള്‍ക്കും തലകുനിച്ചുകൊടുക്കുന്ന രീതി ശരിയല്ല-സുരേഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു. മലയാളികള്‍ എല്ലാ ഭാഷാ സിനിമകളെയും ഒരുപോലെയാണ് കാണുന്നതെന്നും അതുകൊണ്ടാണ് തമിഴ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും എ. ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. നല്ല സിനിമയെന്ന അഭിപ്രായമുണ്ടെങ്കിലും വരുമാനം കുറവായതുകൊണ്ടാണ് ബ്യൂട്ടിഫുള്‍ തിയേറ്ററുകളില്‍ നിന്ന് മാറ്റുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തിയേറ്ററുകള്‍ കിട്ടാത്തതുകൊണ്ടാണ് മലയാളം സിനിമകള്‍ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കാത്തത്. ഷൂട്ടിങ് സംഘങ്ങള്‍ക്കുനേരെയുണ്ടാകുന്ന അക്രമം ഒറ്റപ്പെട്ട സംഭവമായി കണ്ടാല്‍ മതിയെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. എന്നാല്‍ ഇതിനു നേരെ വിരുദ്ധമായ വിശദീകരണമാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്‍േറത്. രണ്ടു സിനിമകളുടെയും തമിഴ്‌നാട്ടിലെ വിതരണക്കാര്‍ ഇതുവരെ തിയേറ്ററുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നീറി നില്‍ക്കുകയാണ് കേരള-തമിഴ്നാട് ബന്ധം. അങ്ങോട്ടും ഇങ്ങോട്ടും കുറെ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന സാധാരണ ജനങ്ങള്‍. ഇടയ്ക്ക് രാഷ്ട്രീയ മുതലെടുപ്പില്‍ ഒന്ന് ഇടറി വീണ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് കാശുവാരല്‍ തന്ത്രങ്ങള്‍ക്കായി സ്വന്തം നാടായ പെറ്റമ്മയെ കൂട്ടിക്കൊടുക്കുന്ന നെറികെട്ട ഏര്‍പ്പാട്. തമിഴ് സിനിമകളോട് ഒരു വിരോധവും എനിക്കില്ല. ഞാന്‍ പറയുന്നത് മുഴുവനും എങ്ങനെ കേരളത്തില്‍ അതിന്‍റെ സ്വന്തമായ ഓരോ വസ്തുവും നശിക്കുന്നു എന്നതിനെ കുറിച്ചാണ്. ദീപാവലിയ്ക്ക് നമ്മള്‍ കണ്ടതാണ് 'ഏഴാം അറിവ്', 'രാ.വണ്‍', 'വേലായുധം' എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി മലയാളി ചിത്രങ്ങള്‍ കുരുതികൊടുക്കപ്പെടുന്നത്. പാല് തരുന്ന മലയാളി പശുക്കളെ അങ്ങോട്ട് കൊടുത്തു പെയിന്റ് അടിച്ച കോമാളി കഴുതകളെ ഇങ്ങോട്ട് വാങ്ങിച്ച് അതിന്‍റെ അബധങ്ങള്‍ക്ക് കയ്യടി മേടിക്കുന്ന കുതന്ത്രം. അല്ല, കയ്യടിക്കാന്‍ ആളുണ്ടായിട്ടു തന്നെയാണല്ലോ ഈ തോന്നിവാസം! സന്തോഷ് പണ്ഡിറ്റിനെ കുറിച്ച് നെടുനീളന്‍ തെറികള്‍ ഇന്റര്‍നെറ്റില്‍ കുറിച്ചവര്‍ ക്യു നിന്ന് സ്വന്തം പോക്കറ്റില്‍ നിന്ന് സ്വന്തം കാശെടുത്ത് കൊടുത്ത് കൃഷ്ണനും രാധയും കണ്ടു. എന്നിട്ട് അതിനെ പറ്റിയും തെറി പറഞ്ഞു വീണ്ടും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. ഇവര്‍ക്ക് 'ബ്യൂട്ടിഫുള്‍' മാറിയാലെന്ത്, 'രാജപ്പാട്ടയ്' വന്നാലെന്ത്! ബ്യൂട്ടിഫുള്‍ എന്ന നല്ല പേരെടുത്ത ചിത്രം മാറി രാജപ്പാട്ടയ് വന്നാല്‍ ആ സിനിമ കണ്ടു വിക്രമിനെ രണ്ടു ചീത്ത വിളിക്കാം എന്നുള്ള ഉപകാരം എങ്കിലും ഉണ്ടെന്നാവും ഇക്കൂട്ടര്‍ വിചാരിക്കുക! പിന്നെ, ഇപ്പറഞ്ഞ തിയറ്ററുകള്‍ തന്നെയാണല്ലോ മറ്റു സിനിമകള്‍ മാറ്റി വച്ച് കൃഷ്ണനും രാധയും ഓടിച്ചത്! ഇതിലൂടെ, ഇപ്പോള്‍ തമിഴ്നാട്ടില്‍ മലയാളി ചിത്രങ്ങളെ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നില്ല, അതുകൊണ്ട് അവരുടെ ചിത്രം ഇവിടെയും ഓടണ്ട എന്ന ഒരു ചെറുവീക്ഷണം അല്ല, മറിച്ച് നമ്മള്‍ തന്നെ നമ്മളെ വില്‍ക്കുന്നതിലുള്ള വേദനയാണ് ഞാന്‍ പ്രകടിപ്പിക്കുന്നത്. ഇത് ആദ്യമായല്ല എന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. ഓര്‍ത്തിട്ടുണ്ടോ എപ്പോഴെങ്കിലും, കേരളത്തില്‍ മലയാളം അനുഭവിക്കുന്ന മാനസിക പിരിമുറുക്കം? കേരളത്തിന് സ്വന്തമായുള്ള മിച്ച വസ്തുക്കള്‍ വളരെ കുറവ്. മലയാളം എന്ന ഭാഷ നമ്മള്‍ ഇംഗ്ലീഷിന് അടിയറ വച്ചു, മലയാളിയുടെ മാന്യമായ വസ്ത്രധാരണം മാറി മാറി അടി വസ്ത്രം അറപ്പുളവാക്കുന്ന രീതിയില്‍ കയറ്റി പ്രദര്‍ശിപ്പിക്കുന്ന ലോ വെയിസ്റ്റ് ജീന്‍സില്‍ വരെ എത്തി, കേരളത്തിന്‍റെ വിദഗ്ധര്‍ എല്ലാം തന്നെ അന്യനാട്ടിലേക്ക് കുടിയേറി, ദുബായിയെ മറ്റൊരു കേരളമാക്കി കൊടുത്തു, രാഷ്ട്രീയം കുറെയൊക്കെ തമിഴിനു തീറെഴുതിക്കൊടുത്ത പോലെ ഉള്ള കാര്യങ്ങള്‍ സംഭവിക്കുന്നു, സ്വന്തം കൃഷിയിടങ്ങള്‍ നിരപ്പാക്കി അവിടെ അന്യ ദേശക്കാര്‍ക്ക് ബിസിനസ് ഉണ്ടാക്കി കൊടുത്തിട്ട് അന്യദേശത്ത്നിന്ന് തിന്നാനും കുടിക്കാനും ഉടുക്കാനും വരെ ഉള്ള വസ്തുക്കള്‍ വരുത്തേണ്ട ഗതികേടുണ്ടായി... മുല്ലപ്പെരിയാര്‍ പൊട്ടി കേരളം മുങ്ങി ചാവുന്നത് തന്നെയല്ലേ നല്ലത് എന്ന് ആലോചിച്ചു പോകുന്നു! പടി പടിയായി കേരളം നമുക്ക് അന്യമാകുന്നില്ലേ? അതിലേക്കാണ് ഇന്ന് സിനിമയുടെ ഇക്കണ്ട മാറ്റം. അന്യദേശത്ത് നിന്ന് നായികമാരെയും മനസ്സിളക്കുന്ന ഐറ്റം നര്‍ത്തകിമാരെയും വരുത്തുന്നതും, മറുനാട്ടിലെ താരങ്ങളെയും ഒക്കെ ഇങ്ങോട്ട് ഇറക്കുമതി ചെയ്യുന്നതും, ഇപ്പോള്‍ ശ്രേയ ഗോഷല്‍ വരെ എത്തി നില്‍ക്കുന്ന ഗായക നിരയെ കാശ് വാരാന്‍ വേണ്ടി മാത്രം മലയാളത്തിലേക്ക് വഴിപാടു പോലെ സ്ഥിരമായി ക്ഷണിക്കുന്നതും നമ്മുടെ സ്വന്തം നാട്ടുകാര്‍ തന്നെയാണ്. അവിടെ ഹോമിക്കപ്പെടുന്ന കഴിവുള്ള നമ്മുടെ മലയാളികലാകാരന്മാര്‍ മറുഭാഷയില്‍ ചെന്ന് പയറ്റി തെളിഞ്ഞാല്‍ പിന്നെ അവരുടെ പുറകെ നടക്കും...ഇപ്പറഞ്ഞ 'നാട്ടുകാര്‍' തന്നെ! 'നാണം' എന്നതാണ് മലയാളി ആദ്യം പണയം വച്ച വസ്തു എന്ന് വേണം മനസിലാക്കാന്‍!. ഇക്കാര്യത്തില്‍ സിനിമാക്കാരില്‍ നിന്ന് ആകെ ശബ്ദിച്ച് കണ്ടത് ഒരു രഞ്ജിത്തും വി കെ പ്രകാശും മാത്രമാണ്. മുന്‍പ് മുല്ലപ്പെരിയാറിനെ കുറിച്ചും ഒരു വരി എങ്കിലും കുറിക്കാന്‍ രഞ്ജിത്ത് ഉണ്ടായിരുന്നു. അല്ലെങ്കില്‍, അമ്മ മാക്ടയേയും മാക്ട ഫെഫ്കയേയും ഫെഫ്ക വേറെ വല്ലവരെയും ചീത്ത വിളിക്കുന്നതും പിന്നെ പിന്താങ്ങുന്നതും ഒക്കെയാണ് ന്യൂസില്‍ കാണാറ്. ഒരുമിച്ചു നിന്ന് ചിലരെ വിലക്കുന്നതൊക്കെ കാണുമ്പോള്‍ എന്തൊരു ഒരുമ എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും! മുല്ലപ്പെരിയാര്‍ പ്രശ്നം തുടങ്ങിയതോടെ ക്യാമറയില്‍ നിന്ന് രക്ഷപ്പെടാനും, രക്ഷപ്പെട്ടില്ലെങ്കില്‍ ചോദിച്ചവരുടെ കാല്‍ക്കല്‍ സാഷ്ടാംഗം നമസ്കരിക്കാനും നമ്മുടെ ജനപ്രിയന്മാര്‍ തുടങ്ങിയതോടെയാണ് ചായം അഴിച്ചു വച്ചവരുടെ തനിനിറം വ്യക്തമായി തുടങ്ങിയത്. ഇപ്പോള്‍ ഏതോ ഒരു സംവിധായകന്റെ ചിത്രം മാറി തമിഴ് സിനിമ വരുന്നതില്‍ ഇടപെട്ടു തടികേടാക്കാന്‍ ആരും ഇല്ല... ഈ ഇന്റര്‍നെറ്റില്‍ സെലെബ്രിടീസ് ആയി മാറുന്നവര്‍ പോലും ഇതിനെ കുറിച്ച് ശബ്ദിച്ച് കണ്ടില്ല... എല്ലാവര്ക്കും ഉണ്ടോ, ലിബെര്ടി ബഷീറിന്റെ ഒരു പടം? എല്ലാം കൂടി ചേര്‍ത്ത് വായിച്ചാല്‍... അച്യുതാനന്ദന്‍ മുല്ലപ്പെരിയാറില്‍ നിന്ന് ഒറ്റശ്വാസത്തില്‍ ശ്രുതിശുദ്ധമായി നീട്ടിപാടിയ പോലെ എനിക്കും പാടാന്‍ തന്നെയാണ് തോന്നുന്നത്... "മലയാളത്തെ കൊല്ലല്ലേ...................................കൊല്ലല്ലേ............................. കൊല്ലല്ലേ........................................"