നിന്നെ കാണുമ്പോൾ തെല്ലു നേരം
ഒന്നും മിണ്ടാതെ, കൂടെയിരിക്കണം.
നിന്റെ കണ്ണുകളെ നോക്കണം.
അതിലെ പ്രണയം വിഴുങ്ങണം.
നിന്റെ നെഞ്ചിൽ നിന്ന്
ഒരിഞ്ചു ദൂരം നീങ്ങി
നമുക്കിടയിലെ ശൂന്യതയിൽ
ദേഹങ്ങളിൽ നിന്നിറങ്ങിയ
നമ്മുടെ മനസ്സുകൾ
കൊടിയ ദാഹത്തോടെ
മത്സരിച്ചുമ്മ വയ്ക്കുന്നത് കാണണം.
തൊട്ടരികെ, ഞെരമ്പുകൾ വലിഞ്ഞ്,
പ്രണയതീക്ഷ്ണതയാൽ പൊള്ളിയ
നിന്റെ, ചുരുട്ടിയ കൈകൾ
എന്നിലേയ്ക്ക് നീളുന്നത്
കൊതിയോടെ കാണണം.
ഉള്ളിലെ അഗ്നിയെ ഒറ്റി
നിന്റെ അലസമായ രോമത്തുമ്പുകളിൽ തുളുമ്പിയ വിയർപ്പുകണങ്ങളെ,
ചുണ്ടുകളിൽ എന്നിൽ പുരട്ടാൻ
നീ നിറച്ച മഞ്ഞുതുള്ളികളെ,
ഞാൻ വിരലോടിക്കാൻ
കൊതിയോടെ കാക്കുന്ന
തലമുടിക്കാടിനെ,
എന്നിലെ ചുംബന ഭൂപടത്തിലേക്ക്
നിന്റെ മോഹമയച്ച തീക്ഷണനോട്ടങ്ങളെ,
ഒരു ശ്വാസദൂരത്ത് ആളിയ വിരഹത്തിൽ
തളർന്ന നിന്റെ മെയ്യിനെ കണ്ട്,
പിന്നെ നിന്നെ കീഴടക്കിയ അഗ്നിയാകണം.
ഒടുവിൽ,
നിന്നാൽ കീഴടക്കപ്പെട്ട ഭൂമിയും.