എന്തിനായിരുന്നു,
എന്റെ നേത്രങ്ങളിലേയ്ക്ക്
നീ നോക്കിയത്,
അവയെ കുംബസാരിപ്പിച്ചത്?
എന്തിനായിരുന്നു,
മരവുരി പിച്ചിച്ചീന്തി
എന്റെ കൈകളുടെ മരവിപ്പിലേയ്ക്ക്
നിന്റെ ഇടതുകൈവിരലുകൾ
തീയമ്പുകളെയ്ത് തറച്ചത്?
എന്തിനായിരുന്നു,
മെല്ലെയൊരുമ്മ കൊണ്ട്
നാഡികളിലെ നിലച്ച രക്തയോട്ടത്തെ
നീ തൊട്ടുവിളിച്ചുണർത്തിയത്,
അവരുടെ ഹൃദയമായത്?
എന്റെ വിരഹം
നിന്നോടുള്ള പ്രണയത്തിന്റെ തീവ്രതയെ,
ഗാഢതയെ,
ഗർഭം ധരിച്ചത്
ഞാൻ അറിഞ്ഞതുകൊണ്ടുതന്നെയാണ്
ഒരു മൗനിയുടെ പ്രച്ഛന്നവേഷം
അതിനു നൽകിയത്.
തോരാമഴകളെ സ്വയം കുത്തിനിറച്ച്
ശ്വാസം മുട്ടിയ മേഘം;
അഗ്നി മാറിൽ ചുമന്ന പർവ്വതം;
ഒരു സമുദ്രാഴത്തെ
സ്വഹൃദയമാക്കിയ അണക്കെട്ട്-ഇതിലൊന്നായിരുന്നു ഞാനെന്ന്
എത്രയോ വട്ടം തോന്നിയതാണ്!
തെല്ലൊരു നാൾ പിന്നിട്ട്,
അകലങ്ങളെ ഭേദിച്ച്,
വാശിയോടെ, വീറോടെ, ഗർവ്വോടെ,
നീ എന്റെ നേർക്ക് പായുന്നത് കണ്ട്
ഞാൻ ഭയന്നു,
വിലക്കി.
ഒടുവിൽ, നിന്റെ കൈ എന്റെ കൈയിനെ
ഒതുക്കിയുൾക്കൊണ്ട മാത്രയിൽ
ഞാൻ നിറഞ്ഞുകവിഞ്ഞൊഴുകുമെന്ന്
അറിഞ്ഞതാണ്.
ശരിയായിരുന്നു.
മേഘം പെയ്തൊഴിഞ്ഞു.
പർവ്വതം പൊട്ടിത്തെറിച്ചു.
സമുദ്രം തിരമാലകളാർത്തടിച്ച് താണ്ഡവമാടി.
ഒടുവിൽ
ബാക്കിയായത്,
രഹസ്യങ്ങളില്ലാത്ത,
പച്ചയായ എന്റെ സ്ത്രീത്വമാണ്.
നിന്റെ ജയത്തിന്റെ ഭ്രാന്തഹാസത്തെ
ഞാൻ ഉൾക്കൊണ്ട്, ഏറ്റുവാങ്ങുന്നു.
തോറ്റിരിക്കുന്നു-
നമ്മുടെ പരസ്പരമുള്ള
മാന്ത്രികലയനത്തിനു മുന്നിൽ,
ഞാൻ അളന്നുസൃഷ്ടിച്ച
മിഥ്യയായ അകലം.
ഇനി,
സമ്മതം ചോദിക്കാതെ,
വിലക്കുകളെ ഭേദിക്കുക.
ജയിക്കാൻ
എന്നെ അനുവദിക്കാതിരിക്കുക.
എന്റെ പുരുഷനാകുക.
ആ ലാവയിൽ നിന്ന്
പ്രണയത്തിന്റെ ചൂടുകായാൻ
കൂട്ടിരിക്കുക.
സമുദ്രങ്ങളുടെ അന്തരാഴങ്ങൾ വരെ
എന്നോട് കൂടെ സഞ്ചരിക്കുക.
പിന്നെയെന്നും,
വർഷങ്ങളെ പെയ്യാനനുവദിക്കുക.