Jyothy Sreedhar

കാഴ്ച

“ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ഞങ്ങളുടെ വീട്ടിലേക്ക്, എന്റെ മനസ്സിലേക്ക് ഒരു അതിഥി കയറി വന്നു- ഒരു കറുത്ത പട്ടിക്കുട്ടി. ഞാന്‍ എഴുന്നേറ്റു വന്നപ്പോഴേക്കും അവള്‍ ഇവിടെ ഒരു സ്ഥാനം ഉറപ്പിച്ചിരുന്നു. ചെറിയ ഒരു പരിഭ്രമം ആ മുഖത്തുണ്ടായെങ്കിലും ഞാന്‍ അവളെ കയ്യിലെടുത്തു നടക്കുമ്പോള്‍ ആ പരിഭ്രമം കുറഞ്ഞുകൊണ്ടിരുന്നു. എന്റെ വെളുത്ത പോമേറെനിയന്‍ ആയ സിപ്പുവിനു ഒരു കൂട്ടിനെ കിട്ടിയല്ലോ എന്നോര്‍ത്ത് വലിയ ആശ്വാസം തോന്നി. സിപ്പു അതിനെ നോക്കിയിരിക്കുന്നത് കാണാന്‍ നല്ല രസമായിരുന്നു. കുറെ എടുത്തു നടന്നു കഴിഞ്ഞപ്പോഴാണ് അതിന്റെ ദേഹത്ത് പ്രാണയുണ്ടെന്ന്‍ എനിക്ക് മനസ്സിലായത്‌. അപ്പോള്‍ തന്നെ സാവലോനും ഡെറ്റോളും ഇട്ടു അതിനെ കുളിപ്പിച്ച് തോര്‍ത്തി. അങ്ങനെ അവളെ ആദ്യമായി കുളിപ്പിക്കുന്നയാള്‍ ഞാനായി. കുളിച്ചു കഴിഞ്ഞപ്പോള്‍ അവള്‍ നന്നായി വിറയ്ക്കുന്നുണ്ടായി. അത് കണ്ടപ്പോള്‍ വിഷമം തോന്നി. പക്ഷെ വിറയോക്കെ മാറിയതോടെ അവള്‍ തനിസ്വഭാവം പുറത്തെടുത്തു. ഓട്ടവും ചാട്ടവും എല്ലാം തുടങ്ങി. നിമിഷനേരം കൊണ്ട് അവള്‍ അപ്രത്യക്ഷയാകുന്നത് വളരെ അത്ഭുതത്തോടെ ഞാന്‍ നോക്കിനിന്നു. ശരിക്കും ഒരു കൊച്ചു കുട്ടിയെ പോലെ തന്നെ. ഈ വീട്ടില്‍ ഒരു കുട്ടിയില്ലാത്തത്തിന്റെ കുറവ് ഇവള്‍ വന്നപ്പോള്‍ മാറി തുടങ്ങിയെന്നു വേണം പറയാന്‍. ആകെ ഒരു ഉള്ളം കയ്യില്‍കൊള്ളാവുന്ന ഒരു ജീവന്‍ ആണെങ്കിലും ഈ വീട്ടിലും ഞങ്ങളുടെ മനസ്സിലും ഒക്കെ അവള്‍ നിറഞ്ഞിരുന്നു. കിട്ടുന്നതെല്ലാം എടുത്തു കൈകാര്യം ചെയ്യുന്ന അവളെ നോക്കിയിരുന്നാല്‍ തന്നെ രസമാണ്. സിപ്പുവിനു കഴിക്കാന്‍ കോഴിക്കാല്‍ കൊടുത്താല്‍ അതില്‍നിന്ന് ഒരെണ്ണം എടുത്ത് ഒറ്റ ഓട്ടമാണ്. എന്നിട്ട് വല്ല തെങ്ങിന്‍ചോട്ടില്‍ ഇരുന്നു അത് കഴിക്കുന്നത്‌ കാണാം. കിടക്കുന്നത് സിപ്പുവിനോട് ഒട്ടിച്ചേര്‍ന്നാണ്. സങ്കടം തോന്നി. അമ്മയോട് ഒട്ടിക്കിടക്കേണ്ട പ്രായത്തില്‍ അത് തനിച്ചായെന്ന് ഓര്‍ത്തു. സിപ്പുവിന്റെ രോമങ്ങള്‍ക്കിടയില്‍ തലചായ്ക്കുമ്പോള്‍ ഒരു അമ്മയുടെ സാന്ത്വനം ആകാം അവള്‍ അറിയുന്നത്..." - ഇങ്ങനെയാണ് 2007 ഏപ്രില്‍29 ലെ ഡയറി പേജിലെ എന്റെ വാക്കുകള്‍. പിന്നീട് അങ്ങോട്ടുള്ള പല പേജുകളിലും റൂബിയുടെ വളര്‍ച്ചയുണ്ടായിരുന്നു. ഈ ഡയറി പേജുകളിലൂടെയാണ് അവളുടെ കുസൃതികള്‍ വളര്‍ന്നതും അവള്‍ക്ക് പക്വത വന്നതും. ഞാന്‍ വീട്ടില്‍നിന്ന് വേറിട്ട്‌ നിന്ന സമയങ്ങളില്‍ അവള്‍ക്കു രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും അവര്‍ മരിച്ചു പോവുകയും ചെയ്തു... പിന്നീട് അവള്‍ക്കു വീണ്ടും മൂന്നു കുഞ്ഞുങ്ങള്‍ ഉണ്ടായി. അവരുടെ കൂടെ ഞാന്‍ രണ്ടു മൂന്നു ദിവസങ്ങള്‍ മാത്രം കളിച്ചിട്ടുണ്ട്. അതില്‍ ഒന്നിനെ അമ്മ ചിറ്റയ്ക്ക് കൊടുത്തു, വേറെ ഒന്നിനെ ഇവിടെ അടുത്ത് ആര്‍ക്കോ കൊടുത്തു. രണ്ടും മിടുക്കരായി വളരുന്നു എന്ന് അറിയുന്നു. പിന്നെ ബാക്കി ഒന്ന് ഇവിടെ ഉണ്ട്. അതിനെ ആര്‍ക്കും വേണ്ട. കാരണം, അവള്‍ അന്ധയാണ്. അന്ന് ഞാന്‍ ചെന്നൈക്ക് പോകുമ്പോള്‍ അവള്‍ എഴുന്നേറ്റു നടക്കില്ലായിരുന്നു. വേച്ച് വേച്ച് വീഴുന്ന ഒരു അവസ്ഥ. ഇപ്പോള്‍ ഞാന്‍ തിരികെയെത്തുമ്പോള്‍ അവള്‍ വളര്‍ന്നുകഴിഞ്ഞു. തനിയെ ഓടി നടക്കുകയും ചെവി വട്ടം പിടിച്ച് എല്ലാ ശബ്ദങ്ങളും പിടിച്ചെടുക്കുകയും മണം കൊണ്ട് കൃത്യമായി ആളെയും ആളു നില്‍ക്കുന്ന സ്ഥാനത്തെയും അളക്കുകയും ചെയ്യുന്നു അവള്‍. അമ്മയ്ക്ക് അവളോട്‌ അല്പം ദേഷ്യമാണ്. അതിനേക്കാള്‍ സ്നേഹമാണ് എനിക്ക്. ചിലപ്പോള്‍ ഞാന്‍ ശബ്ദമുണ്ടാക്കാതെ നടക്കുകയും റൂബിയുടെ അടുത്ത് ഇരിക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. പക്ഷെ അപ്പോഴേക്കും അവള്‍ എന്റെ അടുത്ത് എത്തിയിരിക്കും. ഒരു ശബ്ദം കേട്ടാല്‍ ആദ്യം അവള്‍ ഒന്ന് പിന്‍വലിയും. എന്നിട്ടേ കാതുകൂര്‍പ്പിക്കുകയുള്ളൂ. എന്തോ ഒരു ഉള്‍ഭയം അവളെ അലട്ടുന്നത് പോലെ... അത് കണ്ടു രസിക്കാനായി എന്റെ വീട്ടിലുള്ളവര്‍ കൈ കൊട്ടിയും കാല്‍ ഒച്ചയില്‍ ചവിട്ടിയും ഒക്കെ ശബ്ദമുണ്ടാക്കുമ്പോള്‍ അവള്‍ പരിഭ്രാന്തയാകുന്നത് ഞാന്‍ പല വട്ടം കണ്ടു. എന്ത് പാപം ചെയ്തിട്ടാണ് അവളുടെ ഭയത്തില്‍ അവള്‍ സ്നേഹിക്കുന്ന ലോകം പോട്ടിച്ചിരിക്കുന്നത്! “അവളെ കാണുമ്പോഴൊക്കെ എനിക്ക് സങ്കടം വരുന്നു അമ്മേ” എന്ന് ഞാന്‍ പറയുമ്പോഴൊക്കെ എന്നെ അമ്മ ശകാരിക്കും. ശരിക്കും അവള്‍ എന്ത് കൊണ്ടാണ് അവഗണിക്കപ്പെടുന്നത്... അവളുടെ അന്ധത കൊണ്ടോ? അവളും ജീവനുള്ള ഒന്നാണെന്ന് അമ്മയെ ഓര്‍മിപ്പിച്ച് ഞാന്‍ മടുത്തു. മാസങ്ങള്‍ക്ക് ശേഷം ഞാന്‍ തിരികെ എത്തിയപ്പോള്‍ റൂബിക്ക് എന്നെ ഒറ്റയ്ക്ക് കിട്ടിയതെ ഇല്ല. അവള്‍ തിരിഞ്ഞാലും ഞാന്‍ ചെന്നാലും ഞങ്ങളുടെ കാലുകള്‍ക്കിടയില്‍ ഉണ്ടാകും എന്റെ റൂബിയുടെ കുട്ടി. ചിലപ്പോഴൊക്കെ ദേഷ്യം തോന്നി എനിക്ക്, എപ്പോഴും അവള്‍ എന്നെ തൊട്ടുരുമ്മി നടക്കുന്നതില്‍. അവളെ പറ്റിച്ച് വാതില്‍ മുതല്‍ ഗേറ്റ് വരെ എത്താമെന്ന് വിചാരിക്കുകയെ വേണ്ട! അത്ര കൂര്‍മ്മമായ കേള്‍വി ഉണ്ടതിന്. ഞങ്ങളുടെ വീട്ടില്‍ ഉള്ള നായ്ക്കള്‍ക്കൊക്കെ, വന്ന്‍ ഒരു ദിവസത്തിനകം സ്വന്തമായ്‌ ഒരു പേര് കിട്ടിയിട്ടുള്ളപ്പോള്‍, ഒരു പേര് ലഭിക്കാതെ ഇത്ര നാള്‍ അവള്‍ ഞങ്ങളുടെ വീട്ടില്‍ ജീവിച്ചിരുന്നു എന്നത് അവളെ പോലെ തന്നെ അവഗണിക്കപ്പെടുന്ന ഒരു വസ്തുതയാണ്. അവള്‍ അന്ധയാണ്... അവള്‍ക്കു നേരെ പ്രയോഗിക്കപ്പെടുന്ന അവഗണനകളേയും അവള്‍ കാണുന്നില്ല. നല്ലത്! അവളെ കാണാതിരിക്കാനാണ് അവള്‍ക്ക് ചുറ്റുമുള്ള ലോകം അതിന്റെ കണ്ണുകള്‍ ഉപയോഗിക്കുന്നത്. ശരിക്കും ആര്‍ക്കാണ് അന്ധത? അവളെ കാണാതെ അവളെ നോക്കിയിരുന്ന സമയങ്ങളില്‍ എന്റെ ചോദ്യങ്ങളും ഉത്തരങ്ങളും എല്ലാം കീഴ്മേല്‍ മറിഞ്ഞു. മനസ്സില്‍ അവള്‍ക്ക് ഞാന്‍ ഒരു പേര് നല്‍കി- കാഴ്ച. എന്റെ റൂബിയുടെ മകള്‍, എന്റെ കാഴ്ച.