കാലമേ, പിന്തുടരുക.
ഞങ്ങളേറുന്നത്
പ്രണയാഗ്നിപർവതത്തിന്റെ,
ഇനിയും സ്പർശിക്കപ്പെടാത്ത
നെറുകയിലാണ്.
തിളയ്ക്കുന്നുണ്ട് ഉള്ളിൽ,
ലോകത്തെ വെന്തുരുക്കാ-
നുതകുന്ന താപത്തിൽ
കൊടുംതീവ്രമായീ പ്രണയം.
കാലമേ, നീ കുറിക്കുക.
അഗ്നിയായ് പൊട്ടിയൊഴുകി,
ഞങ്ങളുടെ പ്രണയം
ഭൂമിയുടെ പ്രതലത്തെ
മൂടുന്ന നാൾ വരും.
ആറിയാറി, ഒടുക്കം,
പുതിയ മണൽത്തരികൾ പോലെ,
ഇനിയുള്ളവർക്കത് പാതയൊരുക്കും.
അവരുടെ ഭൂമിയാകും. ഭൂമികയാകും.
ഓരോ തരിയിലും
ഞങ്ങളുടെ പ്രണയം കുറിച്ചിരിക്കും.
അഗ്നിനിറമുള്ള അതിന്റെ ഹൃത്തിൽ
ഇനിയൊരു ജന്മത്തെയും
പ്രണയപർവ്വത്തെയും സ്വപ്നം കണ്ട്,
ഞങ്ങളപ്പോഴേയ്ക്കും
ഗാഢനിദ്രയിലാണ്ടിരിക്കും.
കാലമേ,
നീയുണ്ടായിരുന്നൊരിക്കലെന്ന്
ഞങ്ങളുടെ പ്രണയരേഖയിൽ
ലിഖിതമാകുമ്പോൾ,
നിന്റെ നാമവും ഉടലുമാത്മാവും
ചരിത്രത്തിലുണ്ടെന്ന് കണ്ട്
നീ ആഹ്ലാദിക്കുക.
ഞങ്ങളുടെ പേരു ചൊല്ലി
നിന്റെ ആത്മകഥ
നീ രചിക്കുക.
ശേഷം,
പുതിയ ഭൂമിയെ കാത്തിരിക്കുവാൻ
കാലമേ,
തലമുറകളോട് നീ പറയുക.