Jyothy Sreedhar

കാത്തിരിപ്പ്‌...

ചിന്തകളിലൂടെ ആണ് ചെന്നൈയിലെ ഓരോ ദിനവും കടന്നു പോകുന്നത്.  ഇനി ആലോചിക്കാത്തതായി ഒന്നും ഉണ്ടാകില്ല എന്ന് വേണം പറയാന്‍.. പലതും കവിതകളായി രൂപാന്തരപ്പെടുമ്പോള്‍, മറ്റു ചിലത് എനിക്ക് എണ്ണമറ്റ കടലാസുകള്‍ കീറി മുറിച്ചു കളയുവാനുള്ള എഴുത്തുകളായി. ഒരു പക്ഷെ നിങ്ങള്‍ വായിച്ചതിനേക്കാള്‍ നല്ലതും സത്യസന്ധവും ആയ എഴുത്തുകള്‍ എന്ടെ ചവട്ടുകുട്ടയിലെ കഷണങ്ങളില്‍ വിഭജിക്കപ്പെട്ടവ ആണ്. ഈ ഇടെ, എഴുതി തീര്‍ത്തു അത് വീണ്ടും വായിക്കുമ്പോള്‍ ആ കടലാസില്‍ തെളിഞ്ഞ് വരും ഒരു രൂപം... ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന നന്ദിതയുടെത്. ഇന്ന് ഞാന്‍ ജീവിക്കുന്നത് നന്ദിതയുടെ ജീവിതം ആണ്. ദുരൂഹമായ എഴുത്തുകളില്‍ എനിക്ക് കഥകള്‍ വായിക്കുവാന്‍ കഴിയുന്നു. ഞാന്‍ അവളെ നന്നായി തന്നെ അറിയുന്നു. അവളുടെ മനസ്സ് എന്ടെ വികാരങ്ങളിലൂടെ, വിചാരങ്ങളിലൂടെ എനിക്ക് വ്യക്തം. ആര്‍ദ്രമായ ചിന്തകളെക്കാള്‍ സാമ്യമുള്ള ജീവിത സാഹചര്യങ്ങള്‍ അവളെ എന്റെതാക്കുന്നു. ഞാനും അവളെ പോലെ പെട്ടെന്ന് ഒരു ദിവസം ആത്മഹത്യ ചെയ്യുമോ? അങ്ങനെ ആണങ്കില്‍ എന്ടെ എഴുത്തുകള്‍ അനാഥമാകാതിരിക്കട്ടെ. അതിലെ മടക്കുകളില്‍ ഞാന്‍ തേച്ച പശയിലെ അക്ഷരങ്ങള്‍ എന്ടെ എഴുത്തുകള്‍ക്ക് അന്യമാകാതിരിക്കട്ടെ. ഞാന്‍ മരിക്കുമ്പോള്‍ എന്ടെ വാക്കുകളെ ഞാന്‍ കൊണ്ടുപോകില്ല. അവര്‍ക്ക് ഇവിടെ അവകാശികള്‍ ഉണ്ട്. സന്ധ്യാസമയത്ത് തിരികെ എത്തുന്ന കന്നാലിക്കൂട്ടത്തെ പോലെ വഴിതെറ്റാതെ അവര്‍ എത്തും...എത്തേണ്ടിടത്ത്... എന്ടെ ചിന്തകള്‍ ഇങ്ങനെ കടിഞ്ഞാണില്ലാതെ എന്തെങ്കിലും വിടുവായത്തരം എന്നോട് പുലംബിക്കൊണ്ടിരിക്കും. എന്ടെ കവിതകള്‍ ഇപ്പോള്‍ പല ഇടങ്ങളിലായി 200 തികച്ചിരിക്കും. എനിക്ക് അത്ഭുതം ആണ്. പണ്ട് ജാതകം ഇടയ്ക്കിടെ വായിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു എനിക്ക്. അതില്‍ ഞാന്‍ ഏറ്റവും ചിരിച്ചു തള്ളിയ പ്രവചനം ആണ് ഞാന്‍ ഒരു പ്രശസ്ത ഗ്രന്ഥകര്‍ത്താവ്‌ ആകുമെന്ന്. പ്രശസ്തം എന്ന വാക്കല്ല എന്ടെ ഹാസ്യ പാത്രം. എഴുതുക എന്നത് എന്ടെ ജീവിതത്തില്‍ ഉണ്ടാകുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ആ ഞാന്‍ ആണ് ഇന്ന് ആവേശത്തോടെ എന്തൊക്കെയോ എഴുതി കൂട്ടുന്നത്. എന്ടെ ജീവിതത്തില്‍ ഏറ്റവും വികാരം ഏറിയ കൌമാര യൌവന കാലങ്ങളില്‍ ഞാന്‍ കൂടുതല്‍ നേരിട്ടതും പുച്ച്ചം ആണ്. ആറാം ക്ലാസ്സില്‍ ഹിന്ദിക്ക് പതിവായി മാര്‍ക്ക്‌ കുറയുമ്പോള്‍ എന്നെ ആശ്വസിപ്പിക്കാന്‍ ആരൊക്കെയോ ഉണ്ടായിരുന്നു. അത് എട്ടാം ക്ലാസ്സില്‍ എത്തിയപ്പോള്‍ മനപ്പൂര്‍വം വെറും പക്ഷാഭേതത്തിന്റെ പേരില്‍ എനിക്കും കൂടെ പലര്‍ക്കും ഇംഗ്ലീഷ് നു മാര്‍ക്ക്‌ കുറഞ്ഞു. ഇംഗ്ലീഷ് ടീച്ചര്‍ ആയിരുന്ന സുനി ടീച്ചര്‍ക്ക്‌ ആന്‍ റോസ് എന്ന എന്ടെ സുഹൃത്തായിരുന്ന സുന്ദരിക്ക് മാര്‍ക്ക്‌ കൂടുതല്‍ കൊടുക്കണമെന്ന് നിര്‍ബന്ധം ആയിരുന്നു. അന്ന് മുതലായിരിക്കാം പലപ്പോഴും മറ്റുള്ളവരുടെ സൌന്ദര്യത്തെ കുറിച്ചും എന്ടെ സൌന്ദര്യം ഇല്ലായ്മയെ കുറിച്ചും ഉള്ള ബോധം എനിക്കുണ്ടായി. ഈ ലോകത്തില്‍ സൌന്ദര്യം എന്ന ഘടകത്തിനുള്ള സ്ഥാനം എനിക്ക് മനസിലായി തുടങ്ങി. ഇടയ്ക്കു ചില മൂര്‍ച്ചയുള്ള കുത്ത് വാക്കുകളിലൂടെ എണ്ണ പൊത്തിയ എന്ടെ തലമുടിയുടെ വൈകൃതത്തെ കുറിച്ചും എന്ടെ കറുത്ത നിറത്തെ കുറിച്ചും പൊന്തിയ പല്ലുകളെ കുറിച്ചും തെല്ലും വിവരം ഇല്ലാതെ വാരിയിടുന്ന വേഷങ്ങളെ കുറിച്ചും സര്‍വോപരി എന്ടെ വര്‍ത്തമാനങ്ങളില്‍ വ്യക്തമാകുന്ന എന്ടെ ഗ്രാമീണമായ മന്ദബുദ്ധിതരത്തെകുറിച്ചും എന്ടെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു കൊണ്ടിരുന്നു. അതെല്ലാം എനിക്ക് മനസിലായി തുടങ്ങിയത് തന്നെ വളരെ വൈകിയാണ്,.എന്നും തിരിച്ചു വന്നു സോഫയില്‍ കിടന്നു കണ്ണ് നിറയ്ക്കും. ചിലപ്പോഴെങ്കിലും എല്ലാം പറയാന്‍ അമ്മയെ കിടുമ്പോള്‍ വല്ലാത്ത ആശ്വാസമായിരുന്നു, പിന്നീട് പ്രീഡിഗ്രി എന്ന ഞാന്‍ ഏറ്റവും വെറുക്കുന്ന കാലഘട്ടത്തിന്റെ തുടക്കം. ക്ലാസ്സിലെ നൂറോളം വിദ്യാര്ധിനികളില്‍ ഞാന്‍ കാണപ്പെടാത്തവള്‍  ആയിരുന്നു. തെറ്റിധാരണകള്‍ മനപൂര്‍വം എന്ടെ പേരില്‍ ആക്കാന്‍ പലരും മത്സരിച്ച സമയം. എന്ടെ ഒറ്റപ്പെടലിന്റെ വ്യാസം കൂടി വന്നു. അത് നന്നായെന്നു തോന്നുന്നു. അപ്പോഴൊക്കെയാണ് എന്ടെ അമ്മയില്‍ എന്ടെ ബെസ്റ്റ് ഫ്രെണ്ടിനെ ഞാന്‍ അറിഞ്ഞത്. അന്ന് മുതല്‍ മറ്റാരും എനിക്ക് വേണ്ടായിരുന്നു. എങ്കിലും പരിഹാസങ്ങളുടെ അസ്ത്രങ്ങള്‍ എന്ടെ ഹൃദയത്തില്‍ തുളഞ്ഞു കയറുന്നുണ്ടായിരുന്നു. എല്ലാരില്‍ നിന്നും ഒഴിഞ്ഞു നടന്നു സ്വന്തം ലോകം ഉണ്ടാക്കാന്‍ പഠിച്ചത് അപ്പോഴാണ്‌. ആ പാഠങ്ങളിലൂടെ ഡിഗ്രീയിലേക്ക് നടന്നു കയറിയപ്പോള്‍ ഞാന്‍ വീണ്ടും ചുരുങ്ങുകയായിരുന്നു. വലിയ വലിയ കാര്യങ്ങള്‍ മാത്രം പറയുന്ന ഒരു ഗാങ്ങില്‍ ഞാന്‍ എങ്ങനെയൊക്കെയോ പെട്ടു... ശേഷം അവിടെ തന്നെ ഒറ്റപ്പെട്ടു. സമൂഹത്തിലെ മുകള്‍ത്തട്ടില്‍ ജീവിക്കുന്ന, ആധുനിക ലോകത്തിന്റെ പ്രതിനിധികള്‍ ആയ മറ്റു ആറു പേരുടെ കൂടെ തനി നാടന്‍ ആയ ഞാന്‍. ഞങ്ങളുടെ ഗ്രൂപ്പ്‌ ഫോടോസില്‍ എന്നെ മാത്രം കാണാന്‍ ഒരു ഭംഗിയും ഇല്ലെന്നു കണ്ടു പല വട്ടം ആ ഫോട്ടോകളിലെ എന്ടെ മുഖം മാത്രം ഞാന്‍ പൊത്തി നോക്കിയിട്ടുണ്ട്. അങ്ങനെ എപോഴോ എന്ടെ മനസ്സില്‍ ഒരു ആഗ്രഹം വന്നു തുടങ്ങി. ഒരു കൂട്ടത്തില്‍ ഇരിക്കുമ്പോള്‍ ഒരാളെങ്കിലും എന്നെ നോക്കുക എങ്കിലും വേണം, എല്ലാവര്ക്കും അറിയാവുന്ന ഒരാള്‍ക്കെങ്കിലും എന്ടെ പേര് പറഞ്ഞാല്‍ അറിയണം, ഒരാള്‍ക്കെങ്കിലും ഞാന്‍ ഒരു നല്ല സുഹൃതാവണം, ഒരാള്‍ക്കെങ്കിലും എന്നോട് പ്രണയം തോന്നണം, ചെറിയ തോതിലെങ്കിലും എവിടെ എങ്കിലും ഞാന്‍ ശ്രധിക്കപ്പെടണം, എന്നെ പുച്ചിച്ചു തള്ളിയവരെ പ്രതികാരത്തോടെ സഹായിക്കുവാന്‍ എനിക്ക് കഴിയണം... അങ്ങനെ നീണ്ടു എന്ടെ ചെറിയ വലിയ ആഗ്രഹങ്ങള്‍... അതിനു പിന്നീട് ഒരു വാശിയുടെ നിറം വന്നു. ഒരുപാട് വര്‍ഷങ്ങളോളം എന്നെ അപകര്‍ഷതാബോധതിന്റെ നിലയില്ലാക്കയത്തില്‍ മുക്കിയ ദൈവം എനിക്ക് നീന്തല്‍ പഠിപിച്ചു തന്നു. പിന്നെ അവിടെ നിന്നുയര്‍ത്തി- ഒരു വലിയ പരിവര്ത്തനത്തിലേക്ക്. ഞാന്‍ പ്രതീക്ഷിക്കാത്ത മേഖലകള്‍, അന്ഗീകാരങ്ങള്‍, 'പ്രശസ്തമായ' പരിചയങ്ങള്‍, ഈ ഭൂമിയോളം വലുതായ ഒട്ടേറെ വിലപിടിപ്പുള്ള സൌഹൃദങ്ങള്‍, എല്ലാം എന്നെ തേടിയെത്തി. പക്ഷെ ഞാന്‍ ഏറ്റവും സന്തോഷിച്ചത്‌ എന്നെ കടിച്ചു കീറി നോവിച്ച ഡിഗ്രി തലത്തിലെ ഒരു സുഹൃത്ത്‌ സഹോദരന്റെ ജോലിക്കാര്യത്തിനു വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് എന്ടെ ഫോണ്‍ നമ്പര്‍ ഒപ്പിച്ചു എന്നെ വിളിച്ചു പരിചയം പുതുക്കിയപ്പോള്‍ ആണ്. വളരെ എളുപ്പത്തില്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞ അക്കാര്യം ഒരു മധുര പ്രതികാരം പോലെ ചെയ്തു തീര്‍ക്കുമ്പോള്‍ ഈ ലോകത്ത് എനിക്ക് മുകളില്‍ ആരും ഇല്ലെന്ന ഒരു തോന്നല്‍ ആയിരുന്നു. ആ തോന്നല്‍ ഞാന്‍ വളരെ ആഘോഷിച്ചു. എന്ടെ ജീവിതം അങ്ങനെ ഒക്കെ ഒരു ഉത്സവം ആയി തീര്‍ന്നു. പഴയ കാലങ്ങളിലെ പരിഹാസാസ്ത്രങ്ങളില്‍ ഞാന്‍ എന്ടെ കരിങ്കല്‍ പടവുകള്‍ കാണുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ആരെയും വേദനിപിക്കാത്ത ഒരു സ്വകാര്യ അഹങ്കാരവും നിറഞ്ഞു തുളുംബിയ അഭിമാനവും ആണ്. എനിക്ക് ആഗ്രഹം ഉള്ള മേഖലകളില്‍ എല്ലാം എനിക്ക് കാല്‍പതിക്കുവാന്‍ ഉള്ള അവസരം എനിക്ക് ലഭിച്ചു. ഇപ്പോഴും നാളെക്കുള്ള കല്‍പ്പടവുകള്‍ സ്വയം ഉയര്‍ന്നു കൊണ്ടിരിക്കുന്നു. അത് എത്തി ചേരുന്നത് സിംഹങ്ങള്‍ കാവല്‍ ഇരിക്കുന്ന ഒരു കൊട്ടാരത്തിലേക്ക് എന്ന് ഞാന്‍ സ്വപ്നം കാണുന്നു. എന്നെ സ്നേഹിക്കുന്നവരെ തിരിച്ചു കൂടുതല്‍ സ്നേഹിച്ചു അവരുടെ കൈ പിടിച്ചു ഞാന്‍ ആ കൊട്ടാരത്തിലേക്ക് നടന്നടുക്കും. ആ കാലം വിദൂരം അല്ല. എന്ടെ സ്വപ്നത്തിന്റെ ആവര്‍ത്തനങ്ങള്‍ തന്നെ അവയെ എന്ടെ അടുത്താക്കും. ഇപ്പോള്‍ കാത്തിരിപ്പിന്റെ സമയം ആണ്... വാശിയോടെ ഉള്ള കാത്തിരിപ്പ്‌...