നീ പറഞ്ഞിരുന്നതായി ഓര്‍ക്കുന്നു എന്റെയുള്ളില്‍ ഒരുനാള്‍ കവിത ജനിക്കുമെന്ന്. അന്നെന്റെ താളില്‍ നീ താടകയെന്ന ദ്രാവിഡരാജകുമാരിയായി, സുന്ദരിയായി, ലാസ്യം നടിച്ചിരുന്നു. എന്‍റെ ദിനയാഥാര്‍ത്യത്തില്‍, ശേഷമെന്റെ ഭയാനകസ്വപ്നങ്ങളില്‍, നിന്റെ മൃദുവായ പാദങ്ങള്‍ പതിഞ്ഞു. ഒരിറ്റു ശ്വാസമായവിടെ, ഞാന്‍ അറിയാതെയൊരുങ്ങി എന്‍റെ സ്വപ്നങ്ങളുടെ നൈര്‍മല്യതയെ നീ കാത്തു. എന്റെ സ്വപ്നങ്ങളിലെ കാവ്യപിറവി ഓരോ നിമിഷവും നീ കാത്തിരുന്നു. മരണം വരെ നീയുണ്ടാകുമെന്ന് ഞാന്‍ കരുതി. ഭൂതകാലമാംസവും വീഞ്ഞുമാകിയ എന്റെ കിടക്കയിലെ മാധവിക്കുട്ടിയെ വെറുപ്പിച്ചത് നീയോ എന്നറിയില്ല. ശവമുറിയില്‍ നിന്നെന്നെ വിളിച്ചുണര്‍ത്തുവാന്‍ മരണവാര്‍ഡിലേക്കെത്തിയ ചുള്ളിക്കാടും നിന്റെ രാക്ഷസരൂപം കണ്ടു വിറച്ചിരിക്കണം. എന്‍റെ പുറകെ നടന്നൊരു പൂവാലനായി സച്ചിദാനന്ദന്റെ കാവ്യ ചിന്തകള്‍. എന്‍റെ നിമിഷങ്ങളെ കാര്‍ന്നു തിന്നു. ആധുനികസാഹിത്യം എന്‍റെ ഞെരംബില്‍ വലിഞ്ഞു മുറുകി, രക്തം നിശ്ചലമാക്കി, എന്നെ മനുഷ്യനെന്ന കീടമാക്കി. അപ്പോഴും, ഓഎന്‍വിയും വേര്‍ഡ്സ്വെര്‍ത്തും കീറ്റ്സും പ്രഭാതനേരങ്ങളില്‍ കിളികളായി ചിലച്ചു. ഓര്‍മകളിലെ പുഴയായൊഴുകി, ഇന്നത്തെ വരണ്ട ഭൂമിയില്‍ ചവിട്ടി, സുഗതകുമാരി വിതുമ്പി. നന്ദിത എന്‍റെ അസ്തിത്വത്തില്‍ നിറഞ്ഞ്, എമിലിയുടെ മരണപ്രണയത്തെ ചിന്തകളായി കുത്തി നിറച്ചു. അവള്‍ എനിക്കു തന്നത് തെളിയുമോ എന്നറിയാത്ത പേനയായിരുന്നു. പിന്നെ, നീല മഷിയായി അവള്‍ തന്നെയൊഴുകി. ആരോ എനിക്കെന്നോ പാടിത്തന്ന ഈണമാണ് താടകയുടെ കഥയ്ക്ക്. അമ്മയുടെതാവാം, അല്ലെകില്‍ നിന്റേത്. ഈണം ഒരു കണം മാറാതെ സ്വരസ്ഥാനങ്ങളെ സ്വന്തമാക്കിയപ്പോള്‍ പാടിയത് ഗാംഭീര്യവും പ്രണയവും ഒന്നുപോലെ. താടക എന്‍റെ ആദ്യ കാവ്യമായിരുന്നു, ഞാന്‍ അറിയുവാന്‍ എനിക്കായി നീ സൃഷ്ടിച്ച എന്‍റെ ആദ്യ ഊര്‍ജ്ജം. വയലാര്‍ എന്‍റെ ആദ്യ കവിയെന്ന് ഞാന്‍ നിന്നെ കുറിച്ചെഴുതുമ്പോള്‍, എന്‍റെ കാവ്യം നിന്റെ ഉത്തരവാദിത്വമാകുന്നു. ലോക കവിതാ ദിനത്തില്‍ നിനക്കാണെന്റെ ആദ്യ സമര്‍പ്പണം. പിന്നെ, ബ്ലോഗില്‍ നിറഞ്ഞയെന്റെ ഋതുക്കള്‍ക്ക്. കുപ്പയില്‍ വീണുപോയ എന്‍റെ വികലചിന്തകള്‍ക്ക്. അതിലാരും കാണാതെയൊളിപ്പിച്ച ഹുംകാരങ്ങള്‍ക്കിടയിലെ മയില്‍പീലികള്‍ക്ക്.