Jyothy Sreedhar

കവിതകള്‍ക്ക് പ്രണാമം

കവിതകള്‍ കാലങ്ങളോളം ജീവിച്ചിരുന്നു എന്റെയുള്ളില്‍-
കണ്ണുനീര്‍തുള്ളികളില്‍ ഒരു നേര്‍ത്ത പാട തീര്‍ത്ത്,
എന്ടെ പുഞ്ചിരിക്കിടയില്‍ ഒരു നിറവ്യത്യാസമായ്‍
അത് ജീവിച്ചിരുന്നു.
അമ്മ ചൊല്ലിതന്ന പദ്യങ്ങളില്‍
നാളത്തെ എന്ടെ ഭാവങ്ങള്‍ പതിയിരിക്കുന്നെന്നു
ഞാന്‍ അറിയാതെ പോയി.
ആദ്യം ഞാന്‍ കോറിവരച്ചത്
എന്ടെ ഹൃദയത്തിന്റെ മുറിവുകളില്‍ ആണ്...
സ്പിരിറ്റ്‌ ഒഴിക്കുംപോലെ നീറ്റി നീറ്റി,
ശുദ്ധീകരിച്ച്,
ആ മുറിവിനെ പോലും ഒരു അനുഭവം ആക്കി മാറ്റി.
നഷ്ടപ്പെട്ട കവിതകള്‍ ആണെന്റെത്... ഏറെയും...
ചുറ്റും കാണുന്ന എന്തിലോക്കെയോ
ഞാന്‍‍ കുറിച്ച കവിതകള്.
പഴയ നോട്ടു ബുക്കുകളില്‍
പഠിക്കാന്‍ മറന്ന പേജുകളിലും
എന്ടെ എത്രയോ കവിതകള്‍ പാഴായി.
റെയില്‍ പാളത്തില്‍
ലോകത്തിനെതിരെ ബോധം ഉപേക്ഷിച്ച ഭ്രാന്തന്‍
എനിക്ക് അറിവുകള്‍ തന്ന്
എന്ടെ കവിതകള്‍ പകരം എടുത്തു.
ജീവിതത്തിലേക്ക് പിച്ച വച്ച കുരുന്നുകളുടെ വിരലുകള്‍
എന്ടെ ഉള്ളംകയ്യില്‍
കവിതകള്‍ എഴുതി മായ്ച്ചുകൊണ്ടിരുന്നു.
എന്ടെ ഉള്ളിലെ ചോരയില്‍
ഞാന്‍ കാണാതെ കലര്‍ന്ന
എന്ടെ അമ്മയുടെ മുലപ്പാലും
എന്ടെ കവിതകള്‍ കുറിച്ച വെള്ളക്കടലാസുകള്‍ ആയി.
പ്രായാധിക്യത്തിലും
റേഷനരി നിറച്ച സഞ്ചി തോളിലേന്തി
എന്ടെ മുന്നിലെ റെയില്‍ പാളത്തില്‍
വേച്ചു വേച്ചു നടന്നവര്‍
അരിമണികളെക്കാള്‍ ‍ ‍എന്ടെ കവിതകള്‍
പാകം ചെയ്തു ഭക്ഷിച്ചു.
കാക്കകള്‍ എന്ടെ കവിതകളെ
പരുഷ ശബ്ദത്തില്‍ വിസര്‍ജ്ജിച്ചു.
പൂക്കളില്‍ എന്ടെ കവിതകള്‍ നിറഞ്ഞത്‌
ദൂരെയുള്ള വണ്ടുകള്‍ കട്ടെടുത്തു.
ഞൊണ്ടി നടന്ന നായ്ക്കള്‍
കാലില്‍ എന്ടെ കവിതകളെ
മരുന്നുകളാക്കി  പുരട്ടി
അക്ഷരങ്ങളില്‍ അമരത്വം നേടി.
ഞാന്‍ മാത്രം അത് അമൃതെന്ന് ധരിച്ച്
വിഷമായി ഭക്ഷിച്ചു.
അതില്‍ എന്ടെ കണ്ണുനീര്‍
മെര്‍ക്യുറി  പോലെ വികസിച്ചു.
താപനിലയില്‍ എനിക്ക് മാത്രം വ്യതിയാനങ്ങള്‍.
അതില്‍‍ എന്ടെ ജീവിതവും വ്യത്യസ്തമായി.
ഇന്നലെയില്‍ നിന്ന് ഇന്നും
ഇന്നില്‍ നിന്നു നാളെയും
അവര്‍ മാറ്റി മറിച്ചു.
അവയെല്ലാം കൂടിക്കലര്‍ന്നു
ജീവിതത്തെ
ഒരറ്റത്ത് നിന്ന് മറ്റോരറ്റത്തേക്ക്  നീണ്ട
ഭംഗിയുള്ള ഒരു മഴവില്ലാക്കി.
അതില്‍ ഓടിയും ചാടിയും
ഒരു കൊച്ചു കുഞ്ഞായി
ഞാനതിനെ ആസ്വദിച്ചു.
കാര്‍മേഘങ്ങളില്‍ നിന്ന് മഴയെ പ്രതീക്ഷിക്കാതെ
ആ കറുപ്പിനെ കരിമ്പടമായി ഞാന്‍ പുതച്ചു.
ഇനി ഒരു മഴ വരുമ്പോള്‍ ഞാന്‍ ആസ്വദിക്കും...
പുതുമണ്ണിന്റെ മണവും
പുതുമഴയുടെ കുളിരും
കാറ്റിന്റെ ആശ്ലേഷവും
പിന്നെ ഭൂമിയില്‍ തറയ്ക്കുന്ന ഇടിയും മിന്നലും
ഘോരാന്ധകാരത്തില്‍ പെയ്യുന്ന തോരാമഴയും
മുഖത്തേക്ക് തെറിക്കുന്ന ഇത്തിരിത്തുള്ളിയും...
ഒരു മഴ എന്നാല്‍ എത്ര കവിതകള്‍!
ഒരു നിമിഷത്തെ വിഭജിച്ചു അനുഭൂതികളാക്കി
എന്നെ അനുഗ്രഹിക്കുന്ന എന്ടെ കവിതകള്‍ക്ക്
പ്രണാമം...
നിങ്ങളുടെ പിറവിയില്‍‍ ഞാന്‍.
എന്ടെ ഗര്‍ഭത്തില്‍ നിങ്ങളും.