Jyothy Sreedhar

കണ്മഷി

മനുഷ്യമനസ്സിന്‍റെ കറുപ്പില്‍
എണ്ണ തേച്ച്
അതില്‍ നിന്നായിരുന്നു
അവള്‍ കണ്മഷി ഉണ്ടാക്കി,
അത് പരക്കെ തേച്ച്
തന്റെ ദൃഷ്ടി ഇരുട്ടിലാക്കിയത്.

അതില്‍ സൗന്ദര്യമാര്‍ന്ന കടക്കണ്ണിലെ
പ്രണയം
തുളുമ്പാതെ നിറഞ്ഞു നിന്നു.
കാലങ്ങള്‍ താണ്ടി.

മനുഷ്യത്വം വീണ്ടും കറുത്തു, പിശാചിനോളം.
അവളുടെ പ്രണയത്തിനു തടയിട്ട്,
മിഴിയതിരില്‍ കറുപ്പ് പടര്‍ന്നു.

സ്ത്രീത്വം അഴുകി തുടങ്ങുമ്പോള്‍,
കണ്മഷിയുടെ വിടവുകളില്‍ ചോര്‍ച്ച.
പ്രണയം ഒഴുകി
ഭൂമിയുടെ സ്ത്രീത്വത്തില്‍ വീണു ലയിച്ച്
അതിന്നസ്തിത്വത്തിലൊന്നായി
ഭൂമിയോളം മൌനമായി കണ്ണീര്‍മരണം.

സ്ത്രീത്വം ഫീനിക്സ് പക്ഷിയെപ്പോള്‍
വിശ്വരൂപമാര്‍ജ്ജിക്കുമ്പോള്‍
പ്രണയം മരിക്കുന്നു,
സ്ത്രീയുടെ പാതിവൃത്യത്തോളം ഒരുമിച്ച്.

പൌരുഷം ശിവഭാവത്തില്‍ ഉണരുമ്പോള്‍,
ശാന്തം… ഉള്ളില്‍ താണ്ഡവം.
സതി അഗ്നിയ്ക്കായി സ്വയം ഹോമിക്കുന്നു.
പ്രണയം മരിക്കുന്നു.

കാമം ഫീനിക്സിന്റെ ചിറകായി
ആകാശം മുട്ടെ വീശിയടിക്കുന്നു.

പൊന്‍നിറത്തിലെ താലിചരട് കൊണ്ട്
അവളെ ഭൂമിയിലേക്കാകര്‍ഷിച്ച്
പുരുഷന്‍ അവളെ നായയ്ക്കൊപ്പം കെട്ടിയിടുന്നു.

ചിലര്‍ കുരയ്ക്കുന്നു, ചിലര്‍ ഓരിയിടുന്നു.
ചിലര്‍ പുറത്തേയ്ക്കുള്ള പഴുതുകള്‍
തേഞ്ഞ പല്ലുകള്‍ കൊണ്ട്,
വെട്ടിയ നഖങ്ങള്‍ കൊണ്ട്,
വലുതാക്കുന്നു.

മണ്‍മറഞ്ഞ പ്രണയം,
പ്രക്ഷുഭ്ധ സ്ത്രീത്വം.
ബുദ്ധിയില്‍ നിന്ന് പുറപ്പെട്ട ഞെരമ്പ്
ഹൃദയത്തില്‍ ചെന്ന് മനസ്സിനെ തേടിയലയുന്നു.
ഉയര്‍ന്നൊരു ശക്തിയുള്ള മിടിപ്പില്‍
ഹൃദയം അതിനെ പുറത്താക്കുന്നു.

ഒന്നും ബന്ധിക്കപ്പെടുന്നില്ല, സ്ത്രീത്വമൊഴിച്ച്.
പൌരുഷം വെട്ടിമാറ്റാനാകാതെ,
സ്ത്രീത്വം തിരിച്ചറിയപ്പെടാതെ
ഭൂമിയില്‍ നപുംസകങ്ങള്‍.

ഒരു ശൂന്യത തരുമോ…
ഒന്നുമില്ലാത്ത, ആരുമില്ലാത്ത ഒരു ശൂന്യത…?
അവിടെ
മിഥ്യകള്‍ക്ക് സ്വന്തമായതെല്ലാം അഴിച്ചു വച്ച്,
കണ്മഷി തുടച്ചു മാറ്റി, ചരടുകള്‍ വെട്ടി,
സ്വയം കുടഞ്ഞെറിഞ്ഞ്,
ഭാരം അന്യമാക്കി,
ആത്മാവോളം നൈര്‍മല്യമായി,
എനിക്ക് പ്രണയിക്കാന്‍ … ?