Jyothy Sreedhar

കടലാസ് താളുകള്

കയ്യില് ബലമായി ചുരുട്ടി താഴേക്കു ഞാന് ശക്തിയായി എറിഞ്ഞു രണ്ടു കടലാസ് താളുകള്. അതിലൊന്ന് എന്റെ ഹൃദയവും പിന്നൊന്ന് എന്റെ ജീവിതവും. വര്ഷങ്ങളായി ഞാന് എഴുതിയ കവിതകള് എന്നാ പാഴ്വാക്കുകളും അതിനായി പാഴാക്കിയ നിമിഷങ്ങളും. എവിടെയോ ഉറങ്ങിയ കണ്ണുനീരിനെ വിളിച്ചുണര്ത്തി ഞാന് നെയ്ത കാവ്യഭംഗി. അര്ഥമില്ലാത്ത അക്ഷരങ്ങളെ എനിക്ക് തോന്നിയ അര്ഥത്തില് ബന്ധിച്ച താളുകള്. വികാരങ്ങള്ക്ക് സമയത്തിന്റെ പോന്നു വില നല്കി ഈണമിട്ടു ഞാന് കേട്ടു. അതില് എവിടെ ഉണ്ടായിരുന്നു അര്ഥം? എവിടെ ഉണ്ട് സത്യം? ഒരു വവ്വാലിനെ പോലെ ഒരു ശിഖരത്തില് അള്ളിക്കിടന്നു തലകീഴായി കണ്ട അനുഭവങ്ങള്. ഈ ഭൂമിയില് പോലും ഇല്ലാത്ത സൂര്യ ചന്ദ്രന്മാര്ക്ക് മേല് എഴുതാന് എനിക്കെന്തവകാശം! ഈ ജന്മത്തെ അറിയാത്ത ഞാന് മുജ്ജന്മവും പുനര്ജ്ജന്മവും വിഷയങ്ങള് ആക്കിയത് അഹങ്കാരം. പ്രകൃതിയിലെ വൈരുധ്യങ്ങളും ചിന്തകന്മാരുടെ മഹാത്വാക്ക്യങ്ങളും എന്റെ അമര്ഷപാത്രങ്ങളായി. പിന്നെ, എന്തിനും പഴി പറഞ്ഞു സൌകര്യപൂര്വ്വം ഞാന് ഉപയോഗിച്ച ഒരു പാവം ദൈവവും! ഇതെല്ലാം ഉണ്ട് ആ താളുകളില്. രണ്ടും പാഴ്വസ്തുക്കള് എന്ന് ഇന്ന് ഞാന് തിരിച്ചറിയുന്നു. സ്വയം അര്ത്ഥമില്ലെന്നറിഞ്ഞിട്ടും തങ്ങള് അര്ത്ഥഗര്ഭം എന്ന് അവരെന്നെ തെറ്റിദ്ധരിപ്പിച്ചു. മായാലോകങ്ങളെ സൃഷ്ടിച്ചു അതിനുള്ളില് മന്ത്രതന്ത്രങ്ങളാല് അവരെന്നെ തളച്ചിട്ടു. മോചിപ്പിക്കാന് ആരുമില്ലാതെ ഭ്രാന്താവസ്ഥയില് എന്ന പോലെ ഞാന് ചിരിച്ചു, കരഞ്ഞു, കോപിച്ചു. ഭ്രാന്താണ് ആ താളുകളില്. വില കുറഞ്ഞ വികാരങ്ങള് ഒരുക്കിയ അനിയന്ത്രിതമായ മതിഭ്രമം. വിദൂഷകര് എന്ന പോലെ എന്റെ മുന്നില് കൈകൊട്ടിയാടിയ വര്ണാഭമായ കഥകള്. ഇന്ന്, അത് ഞാന് വലിച്ചെറിയുമ്പോള് എന്തിനു ഞാന് കരയണം! എന്തിനെനിക്ക് സഹതാപം! ഇന്നലെ വരെ മരിച്ച ചിന്തകളെ കൂട്ടമായി ചിതയിലേക്കെടുക്കുമ്പോള് ഒരു കൊലപാതകിയുടെ ചുടു കണ്ണുകള് ഉണ്ടെനിക്ക്. ജീവിതവും ഹൃദയവും മറന്നു ഒരധ്യാപകന് മുന്നില് ജ്ഞാനത്തിനായ് ഞാന് കൈനീട്ടി. ഇന്നലെ ഞാന് പഠിച്ചതില് നിന്ന് നാളെ തുടങ്ങാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. നാളെ പഠിക്കുവാനായി ജീവിതത്തില് നിന്ന് ഒരു വാക്യം എടുക്കണം എന്നും പറഞ്ഞു. പക്ഷെ ആ താളുകളില് ഏതാണ് ജീവിതമെന്ന് എനിക്കറിയില്ലായിരുന്നു. അതിനായി, ചുരുട്ടിയ താളുകള് നിവര്ത്തുമ്പോഴേക്കും മണി മുഴങ്ങിയിരുന്നു. വീണ്ടും അത് ചുരുട്ടിയോതുക്കി ഞാന് ഓടി. സമയത്തിനൊപ്പം.