Jyothy Sreedhar

ഓര്‍മിക്കുവാന്‍ എനിക്കേറെ ഉണ്ട്...

ഓര്‍മിക്കുവാന്‍ എനിക്കേറെ ഉണ്ട്... മറക്കുവാനാകട്ടെ അതിലുമേറെ... ആര്‍ദ്രമാം വസന്തത്തില്‍ ഇനിയും വിരിയാത്ത സന്ധ്യാനിറമുള്ള പൂക്കള്‍ ഏറെ... പൊയ്പ്പോയ മഞ്ഞിന്റെ ഒരു തുള്ളി ഈര്പ്പമായ് മൃദുലമായ് തഴുകുന്നതെന്നെയോ... ഇന്നലെ ഞാന്‍ കണ്ട മിഴിയിലെ കാഴ്ചകള്‍ വാതില്‍പഴുതില്‍ തടഞ്ഞുവെന്നോ... അറിഞ്ഞുവേന്നേന്‍ കാതില്‍ ചൊല്ലിയ നീ തന്നെ അറിയാതെ എന്‍ കാത്ത്‌ പോത്തിയെന്നോ... ഓര്‍മിക്കുവാന്‍ എനിക്കേറെയുണ്ട്... മറക്കുവാന്‍ ആകട്ടെ അതിലും ഏറെ... അടരുന്ന ഇലകളില്‍ നോവാത്ത കമ്പ് വ- ച്ചന്നു ഞാന്‍ കൊത്തിയ കവിതയിന്നും കടലോരക്കെട്ടിലെ  കല്‍പൊത്തിനുള്ളിലായ് കരിയാതെ, പിന്നെയും പച്ചയായി... എന്‍ കണ്ണുനീരൂരി ഇറ്റിറ്റു വീണതി- ലങ്ങിങ്ങായ് തുടിച്ചതിന്‍ ജീവസ്സ് പോല്‍... കൈവിടും നേരവും തേങ്ങിയും പാടിയെ- ന്നുള്ളില്‍ നിന്നാരോ നിന്നുടെതെന്ന്. ഒരു ഹാസ്യമായ് എന്തോ പറഞ്ഞതും, പിന്നെ ഞാന്‍ കരഞ്ഞതും ഞാനതില്‍ എഴുതി വച്ചില്ല. ഓര്‍മിക്കുവാന്‍ എനിക്കേറെ ഉണ്ട്... മറക്കുവാന്‍ ആകട്ടെ അതിലുമേറെ... താരോളി വന്നെന്റെ മിഴിയെ തുറപ്പിച്ചു 'നോക്കുകെന്നെ' എന്ന് ചൊല്ലുന്ന നേരം, രാത്രിയും മാനത്ത് ഒറ്റയ്ക്ക് നില്‍പ്പത- ത്താരമായ് ഞാന്‍ തന്നെയല്ലയോ... ഉള്ളിലെ ഇരുളിന്റെ ഉള്ളിലെ നോവില്‍ നീയരിയാത്ത കണ്ണുനീര്‍ ഒളിച്ചു നിന്നു. നീ കാണാതിരിക്കുവാന്‍ കിലുകിലെ ചിരിച്ചു ഞാന്‍ നിനക്കായ് മാത്രം തിളങ്ങി നിന്നു. ആവില്ലെനിക്കെന്നെ വേര്‍തിരിക്കാന്‍, നിന്നി- ലലിഞ്ഞു ഞാന്‍ എന്നോ... നിന്‍ ഹൃത്തിലെങ്ങോ... ഓര്‍മിക്കുവാന്‍ എനിക്കേറെ ഉണ്ട്... മറക്കുവാന്‍ ആകട്ടെ അതിലുമേറെ... ഒരുച്ച്വാസമായ് നിന്നെ വിട്ടു പോകെന്നു ഞാന്‍ എന്നോട് തന്നെ പറഞ്ഞിരുന്നു... ഒരു ദേശാടനക്കിളി തിരികെ അണയുമ്പോള്‍ അലക്ഷ്യയായ് ഞാന്‍ ചിറകടിച്ചു. നിനക്കായ് പൊട്ടിച്ചിരിച്ചു ഞാന്‍ അങ്ങനെ മുറിവുകള്‍ തീര്ത്തെന്‍ ഹൃദയം പിളര്‍ത്തി. രാവിന്റെ പിന്‍വാതില്‍ ചാരി ഞാന്‍ തോട്ടങ്ങള്‍ എന്‍ കാവ്യത്തില്‍ കുത്തി നിറച്ചു വച്ചു. ഒരു ശ്വാസം ഇല്ലാതവര്‍ പിടയുമ്പോള്‍ പാടുന്നു മറക്കുവാന്‍ മറന്നയെന്‍ സ്നേഹമിന്നും... എല്ലാം മറന്നു ഞാന്‍ പാടുമ്പോള്‍ എന്നുടെ ഹൃദയം പിണങ്ങി മന്ത്രിക്കുന്നെന്നോട്: "ഓര്‍മിക്കുവാന്‍ എനിക്കേറെ ഉണ്ട്... മറക്കുവാന്‍ ആകട്ടെ അതിലുമേറെ..."