Jyothy Sreedhar

ഒറ്റ

ആ മഴ ഒരു യുഗാന്ത്യമായിരുന്നു. ഉള്ളില്‍ ചിന്നഭിന്നമാക്കപ്പെട്ട മനസ്സ് ലക്ഷ്യമില്ലാതെ, കൂട്ടില്ലാതെ അലയുന്നു. എനിക്ക് പോകാറായിരിക്കില്ല...   എന്റെ ശരീരത്തിനെ കഴുകന്റെ കൊക്കുകള്‍ കൊത്തിപ്പറിക്കുന്നു. ഭയാനകം. അതിന്‍റെ പ്രതിസ്ഫുരണമായി നിമികള്‍ നീണ്ടൊരു കൊടുംകാറ്റ്. എനിക്കിനിയും പോകാറായിട്ടില്ല.   കടല്‍ അശാന്തം. ഭീകരം. അതിന്റെ തീരത്തു ഞാന്‍ ഏകാകി. എനിക്ക് ഭയം. വേദന. പക്ഷെ പോകാറായിരിക്കില്ല...   കടല്ക്കാക്കകളെ എണ്ണി, അത് കാക്കത്തൊള്ളായിരം. നായ്ക്കളെ നോക്കി, അവര്‍ക്ക് ഒരു വാല്‍ കൂടുതല്‍. തീരത്തടിയുന്നത് പോങ്ങുതടികള്‍. സൂര്യന്‍ ചോര വാര്‍ന്നു മരിക്കുന്നു. ഞാന്‍ സമയത്തെ കൊന്നു. പോകാറായിട്ടില്ല... ഇനിയും...   ഇരുട്ട് എന്റെ കണ്ണീരിനെ വിഴുങ്ങുന്നു. മൌനം എന്റെ ഇടറുന്ന വാക്കുകളെയും. കൂടെ, ഞാനറിയാതെ, എന്റെ ഏകാന്തത ഒരു സൌഹൃദത്തെ ഭക്ഷിച്ചു. അതിന്റെ ജഡം നോക്കി ഞാന്‍ വിങ്ങിപ്പൊട്ടി. പോകാറായില്ല... ഇനിയും...   ആകാശം മുട്ടെ അട്ടഹാസങ്ങള്‍. ആസ്വാദനങ്ങള്‍. ചെവി പൊത്താതെ ആ കൊലാഹലത്തെ ഞാന്‍ വിസര്‍ജ്ജിച്ചു. ഒന്നുകില്‍ എനിക്ക് സൌഹൃദം തരൂ, അല്ലെങ്കില്‍ പൂര്‍ണ്ണമായ ഏകാന്തത. രണ്ടുമില്ലിവിടെ. എന്നിട്ടും പോകാറാകുന്നില്ല.   ആ കണ്ണുകള്‍ തിരക്കുകള്‍ ആസ്വദിച്ചു. ആസ്വാദനം വ്യത്യാസങ്ങളെ ഊറ്റിക്കുടിച്ചു. എന്നിലേക്ക് നീണ്ട തീക്ഷ്ണനോട്ടങ്ങളെ ഞാന്‍ മാത്രം കണ്ടു. ഞാന്‍ ഒറ്റ. പോകാറായില്ലേ... ഇനിയും...?