നീ വരുന്നോ ഒരു യാത്രയ്ക്ക്...?
ഈ ലോകത്തിനറ്റം വരെയും എന്നോടൊപ്പമുണ്ടാകുമെന്ന വാക്ക് നീ തന്നതോര്‍ക്കുന്നുവോ?
അതിനപ്പുറമാണ് ഈ യാത്ര. ദൂരെ ദൂരെ, ലോകം പിന്നിട്ടും, ഭൂമി മാത്രമാകുന്ന അതിര്‍വരമ്പു പിന്നിട്ടും നമ്മുടെ യാത്ര നീളും.
മുന്നോട്ടുള്ള ഓരോ കാലടിയോടൊപ്പം നമുക്ക് ആദിയിലേക്ക് മടങ്ങണം. വിളിപ്പേരുകള്‍ പോലും ഇല്ലാത്ത, പ്രകൃതിയെ മാത്രം അറിയുന്ന ആദിമമനുഷ്യരായി മാറണം. അവര്‍ക്ക് കളങ്കങ്ങളെ കുറിച്ച് അറിവില്ലായിരുന്നു. ഭാഷയും ശബ്ദവും നിര്‍ബന്ധമായിരുന്നില്ല.
നാം പോകുന്ന ഇടത്ത്, പക്ഷെ, മനുഷ്യരൂപങ്ങള്‍ ഉണ്ടാകും, വിളറിയ അവ്യക്ത രൂപങ്ങള്‍. അവര്‍ സമൂഹമാകില്ല. നിനക്കും എനിക്കുമിടയില്‍ ഉണ്ടാവുക നമ്മുടെ ശ്വാസങ്ങളും സ്വപ്നങ്ങളും മാത്രമാകും. മറ്റൊന്നും സ്പര്‍ശിക്കാതെ അവ ഭദ്രമാകും.
നാം പോകുന്നയിടത്ത് വേണ്ടത് ആകാശം. സൂര്യന്‍, നിലാവ്. സന്ധ്യ. വെളുക്കുവോളം എണ്ണാന്‍ നക്ഷത്രങ്ങള്‍. മാറുന്ന ഋതുക്കള്‍. കൊതിക്കുമ്പോള്‍ പെയ്യുന്ന മഴ. കാറ്റ്. പല നിറങ്ങളില്‍ പൂക്കള്‍, കായ്ക്കള്‍. കൊഞ്ചുന്ന കിളികള്‍.
വേണ്ടാത്തത് മനുഷ്യര്‍. സമൂഹം. പിന്നെ, സമയസൂചിക. നിനക്കറിയുന്നതാണ്, നിന്നോടൊപ്പം ഉള്ള കാലങ്ങളെയല്ല, നീയില്ലാത്ത നിമിഷങ്ങളെയാണ് ഞാന്‍ എണ്ണാറുള്ളത്. നീയുള്ളിടത്തോളം, സമയം, കാലങ്ങള്‍, മരണം എനിക്ക് അപ്രസക്തമാണ്. അതിനാല്‍, സൂചികകള്‍ക്ക് തെറ്റുമെന്നുറപ്പ്.
അവിടെ നമ്മുടെ വികാരങ്ങള്‍ക്ക് വേഷങ്ങള്‍ ചാര്‍ത്തേണ്ടതില്ല. മൂടുപടങ്ങള്‍ ധരിക്കേണ്ടതില്ല. കാരണം, എന്നില്‍ നിന്ന് ലോകത്തെ ഉരിയുംതോറും നീ എന്നെ കൂടുതലായറിയും. ഭാരങ്ങള്‍ കുടഞ്ഞെറിയുംതോറും സുതാര്യമാകുക ഞാന്‍ തന്നെയാണ്. അപ്പോള്‍, നിനക്കെന്നെ ദൃശ്യമാകും. എന്‍റെ ഒരു നോട്ടത്തില്‍ ഹൃദയത്തില്‍ നിന്നുള്ള രക്തപ്പാടുകള്‍ നിനക്ക് കാണുവാന്‍ കഴിയും.
ആര്‍ക്കും തുറക്കാന്‍ കഴിയാത്ത ഒരടഞ്ഞ പുസ്തകത്തിലെ ഒട്ടിച്ചേര്‍ന്ന അയല്‍ത്താളുകളായി അവിടെയാകും പിന്നെ നാം ജീവിക്കുക.
ഇനി, യാത്ര എന്തിനെന്ന്.
ലോകത്തില്‍ നിന്ന് എന്നെ, നിന്നെ, ചീന്തിയെടുത്ത്, പ്രണയത്തിന്‍റെ ശുദ്ധിയെ ആവാഹിക്കാന്‍.
അത്രയും പരിശുദ്ധമായിടത്ത്, ദേഹബോധമില്ലാതെ പൂര്‍ണ്ണനഗ്നമായ എന്‍റെ ആത്മാവ് നിന്നെ പ്രണയിക്കുന്നുവെന്ന് ഏറ്റവും മനോഹരമായി വെളിപ്പെടുത്തുന്നതെങ്ങനെ- യെന്നു കാണുവാന്‍.
പിന്നെ, ആത്മാക്കള്‍ ഇണചേര്‍ന്ന്‍ വരും ജന്മങ്ങളെ രചിക്കുമ്പോള്‍, പിന്നില്‍ നിന്നത് വായിച്ച് പരസ്പരം കളിപറഞ്ഞ് കൈചേര്‍ത്തിരിക്കുവാന്‍.