Jyothy Sreedhar

ഒരു ചെറുസ്വപ്നം

സ്വപ്നങ്ങളില്‍ നീ വരുന്നത് നന്ന്. പക്ഷെ, ഉണര്‍വ്വില്‍ എന്നെ പിരിയരുത്. ജരാനരബാധിച്ച എന്‍റെ നിദ്രകള്‍ എന്‍റെ സ്വപ്നമാകാന്‍ നിന്നെ തടയില്ല. നീ അടര്‍ന്നിറങ്ങുമ്പോള്‍ നക്ഷത്രങ്ങളില്ലാതെ അന്ധമാകുന്ന നിശകളും നിന്നെ കാണുകയില്ല. നിന്നോടുള്ള വിരഹപാരമ്യത്തില്‍ കുതിര്‍ന്ന്‍ ഞാനും നിന്നെ കണ്ടില്ലെന്നു നടിക്കും. എങ്കിലും, ഉറക്കമെന്നു കരുതി, എന്നെ നീ ലാളിക്കുന്നത് ഞാന്‍ അറിയാറുണ്ട്. നിന്‍റെ കയ്യാല്‍ എന്നെ മൃദുലമായ് ഉയര്‍ത്തി എന്‍റെ തലമുടിയിഴകളിലൂടെ നിന്‍റെ വിരലുകള്‍ കോര്‍ത്തിറങ്ങുന്നത് ഞാന്‍ അറിയാറുണ്ട്, അതിനെ ഞാന്‍ ഇഷ്ടപ്പെടാറുണ്ട്. എന്നെ വരിഞ്ഞുകെട്ടുന്ന നിന്‍റെ കരതാപം ഞാന്‍ അറിയാറുണ്ട്. എന്‍റെ കവിളില്‍ നിന്നും ഒരു ശ്വാസമകലെ, വായുവില്‍ നിന്‍റെ ചുംബനം പതിയ്ക്കുന്നത് ഞാന്‍ അറിയാറുണ്ട്. കണ്ണുകള്‍ കൊണ്ട് ഒരു നൂറാവര്‍ത്തി "എന്‍റെ പെണ്ണെ"ന്നെന്നെ വിളിക്കുന്നത്‌ ഞാന്‍ കേള്‍ക്കാറുണ്ട്. നിനക്കായെഴുതിയ എന്‍റെ കവിതകളെ നിന്‍റെ കണ്ണുകളിലെ ചുരുളുകളാക്കി എന്‍റെ കണ്‍പോളകളില്‍ മറുകവിതകളെ നീ കുറിക്കുന്നത് ഞാന്‍ അറിയാറുണ്ട്. പക്ഷെ, സ്വപ്നങ്ങളില്‍ ഇനി നീ വരരുത്. ഒരുണര്‍വ്വില്‍, എന്നെ പിരിഞ്ഞ് ഈ ഭൂമിയില്‍ എന്നെ തനിച്ചാക്കി, നീ ആകാശത്തെ നക്ഷത്രമാകുമ്പോള്‍ എന്‍റെ മനസ്സ് പിടയും. മറുനോട്ടങ്ങളില്ലാതെ, നീ കാഴ്ചയാകുന്ന ഓരോ നോക്കിലും ശബ്ദമില്ലാതെ നിലവിളികള്‍ ഉയരും- എന്‍റെ പ്രണയത്തിന്‍റെ. നീയില്ലാതെ ഞാന്‍ എങ്ങനെയായിരുന്നു- വെന്നു ഞാന്‍ മറക്കും. ദിശാബോധമില്ലാതെ എനിക്കു വഴി തെറ്റും. ഒരുണര്‍വ്വില്‍, കാരണങ്ങളില്ലാതെ എന്നെ പിരിയുവാന്‍ മാത്രം നിന്‍റെ പ്രണയമത്ര ചെറുതെന്ന് എന്നോട് പറയരുത്. ഒരു ചെറുസ്വപ്നമെങ്കിലും, കടലാഴമുണ്ട് ഞാന്‍ നിന്നില്‍ നിക്ഷേപിച്ച എന്‍റെ പ്രണയത്തിന്. നീയില്ലാതെയും നിന്നെ പ്രണയിക്കുവാന്‍ എനിക്കു കഴിയുമെന്ന് നീയറിയുക. ഒരു സ്വപ്നമായി നീ വരാതിരിക്കുക. ഇന്നലെയുടെ സ്വപ്നം മറക്കുവാന്‍ കാലങ്ങളും മുറിവുകളും വൃണങ്ങളും ബാക്കിയാകുന്നു.