Jyothy Sreedhar

ഒരു ചുവടിനു അപ്പുറത്തായി...

ചിറകടിച്ചുയരുന്ന സ്വപ്നങ്ങള് ഏല്ക്കാതെ വിടര്ത്തിയ കറുത്ത കുടയ്ക്ക് കീഴെ ഞാന് ഒളിച്ചു. നീലാകാശമെനിക്ക് നിഷിദ്ധം. ഒരു ചുവടിനു അപ്പുറത്തായി അടച്ചു പൂട്ടിയ വാതില്. നഗ്ന പാദങ്ങളില് പതിഞ്ഞ ചെളി എന്റെ വയസ്സിന്റെ അത്രയും ആഴമുള്ളതായിരുന്നു. മുറിയില് കുമിഞ്ഞു കൂടിയ കൂനകളില് ഓരോ കടലാസും ഓരോ വാക്കും എന്റെ ജീവിതമാണ്. നിശ്ചലമായ പകലും ഉറക്കമാട്ട രാത്രിയും എന്റെ ജീവിതത്തിന്റെ രണ്ടു വശങ്ങള്. കണ്ണാടിയില് പതിഞ്ഞ എന്റെ കണ്ണുകളില് ഒരു ജന്മത്തിന്റെ തീക്ഷ്ണഭാവം. ചോര പൊടിച്ച സായാഹ്നങ്ങളില് കര പുരണ്ടത് പോല് കാര്മേഘങ്ങള്. മനസ്സില് ഒന്നമര്ത്തി മാച്ചിട്ടും ഒന്ന് മങ്ങാന് പോലും കൂട്ടാക്കാത്ത 'ജീവിതം' എന്ന മൂന്നക്ഷരം. എവിടെ ഞാന് ഒളിക്കും? അന്ധകാരം ആയോരീ ജീവിതം എന്നില് എങ്ങനെ ജീവിക്കും? കടലിലെ കടലാസ് വഞ്ചിയെ പോല് തിരയ്ക്കൊത്ത് ആടിക്കളിക്കുന്ന ഒരു വെറും ജന്മം ആയി ഞാന്. മരവിച്ചിരിക്കുന്നു. എന്റെ മനസ്സും. എന്റെ ജീവിതവും... വിട ചൊല്ലാതെ പോയകലുന്ന ഓമനയായ കിളികള്ക്കായി ഈ കയ്യില് ഉണ്ട് മാമ്പഴങ്ങള്. എങ്ങനെ നല്കുമെന്നറിയില്ല. അവിടെ- ക്കെങ്ങനെ പോകുമെന്നറിയില്ല. ഈ ബന്ധനങ്ങള്ക്ക് മീതെയായി അനന്തതയിലേക്ക് ഞാന് പറക്കുമ്പോള് ജീവിതത്തെ ഞാന് ജയിക്കും. ഈ ജന്മത്തിന്റെ തോലുരിഞ്ഞുമാറ്റി അദ്രിശ്യമായൊരു ശുഭ്രരൂപമായി ഞാന് പാറിക്കളിക്കും. അന്ന് മുതല് ഞാന് ജീവിക്കും... ബന്ധങ്ങള് ഇല്ലാതെ... ബന്ധനങ്ങള് ഇല്ലാതെ...