Jyothy Sreedhar

ഒരു കൊടും മഞ്ഞുകാലത്ത്

കാലങ്ങള്‍ പഴകിയൊഴിഞ്ഞ്
ഒരു കൊടും മഞ്ഞുകാലത്ത്,
ഇവിടെ നീ വരണം.
നമ്മള്‍ നടന്ന ഒറ്റയടിപ്പാത
രണ്ടായ് പിളര്‍ന്നു ജനിച്ച പാതകളിലേയ്ക്ക്
നമ്മള്‍ പിരിഞ്ഞു നടന്നു തുടങ്ങിയ
ഈ ബിന്ദുവിലേയ്ക്ക്.
 
മഞ്ഞു മൂടിയിരിക്കാം.
അതിനു കീഴെ
നമ്മുടെ ഒറ്റയടിപ്പാതയ്ക്ക്
ശ്വാസം മുട്ടുന്നുണ്ടാവും.
മെല്ലെ, നിന്‍റെ കൈകള്‍ കൊണ്ട്
മഞ്ഞിനെ വകഞ്ഞു മാറ്റണം.
നമ്മുടെ പാതയ്ക്ക്
നീ പുനര്‍ശ്വാസം നല്‍കണം.
അതില്‍ നിന്‍റെ കാതുകള്‍ വച്ച്
അതിന്‍റെ ഇരമ്പല്‍ നീ കേള്‍ക്കണം.
 
അന്നും, വഴിയരികില്‍
ഈ ചാരുകസേരയുണ്ടാകും.
ജീവിതത്തിലെല്ലാം പങ്കുവയ്ക്കുമെന്ന്
എന്‍റെ കൈചേര്‍ത്ത് നീ പറഞ്ഞ്
നമ്മള്‍ ഒരുമിച്ചിരുന്ന കസേര.
ഒരേ വേഗത്തില്‍, താളത്തിലാണ്
നമ്മുടെ യാത്രയെന്ന്
നമ്മോടാദ്യം പറഞ്ഞത്
ആ ചാരുകസേരയാണ്.
അതില്‍, അന്ന് നീയിരിക്കണം,
മടിത്തട്ടില്‍ നീ അറിയുന്ന ഭാരത്തെ
പൊന്നുപോലെ കാത്തുകൊണ്ട്…
 
മഞ്ഞുമൂടിയ പ്രതലത്തിനു കീഴെ
അന്ന്, ഞാനുണ്ടെന്ന് നിനക്ക് സങ്കല്‍പ്പിക്കാം.
കാലങ്ങളുടെ പരിഭവങ്ങള്‍
ഞാന്‍ കേട്ടുകൊള്ളാം.
ഇടയ്ക്ക് നിന്‍റെ കവിളിനെ നനച്ചൊഴുകുന്ന
ആദ്യ കണ്ണുനീര്‍ത്തുള്ളി മുതല്‍
നിന്‍റെ, നിലയ്ക്കാത്ത ദുഃഖച്ചാലുകള്‍ വരെ
എന്‍റെ ഹൃദയത്തിലേയ്ക്ക് നീ ഒഴുക്കണം.
അത് തണുത്തുറഞ്ഞ് എന്നില്‍ അവശേഷിക്കും.
 
ആ കൊടുംമഞ്ഞുകാലത്ത്
നിനക്ക് ചൂടുകായാന്‍
നമ്മുടെ ഓര്‍മ്മകള്‍ അഗ്നിയൊരുക്കും.
ഒരിക്കല്‍ എന്‍റെ കവിളുകളില്‍ ചേര്‍ത്ത
നിന്‍റെ കൈത്തലങ്ങളില്‍
ആ അഗ്നിയെ ഏറ്റുവാങ്ങി
നിന്‍റെ നെഞ്ചിനു കൊടുക്കുക.
അതില്‍ ഒരു പരിചിതതാപം ഊറിവന്ന്‍
അവിടമാകെ പടരുന്നത്
നിനക്കറിയാന്‍ കഴിഞ്ഞേക്കും.
 
നിനക്കായ് എന്‍റെ ഓര്‍മ്മകള്‍
വേനലൊരുക്കും അന്ന്.
നിന്‍റെ മനസ്സില്‍ നിറഞ്ഞുമൂടുന്ന
എന്‍റെ കാവ്യമേഘങ്ങള്‍
നിന്നെ നനച്ച് ഒരു വര്‍ഷമായ് പെയ്യും.
ഒരിക്കല്‍ ഇതളുകള്‍ എണ്ണി, കൂട്ടിവച്ച്,
ഹൃദയാകൃതിയില്‍ ഞാന്‍ ഒരുക്കിയ
ചെമ്പനീര്‍പ്പൂക്കള്‍ നിനക്കായ് വസന്തമാകും.
 
ഇല്ല, നീ വരാതിരിക്കില്ലെന്നോര്‍ത്ത്
പാടി പഴകാതിരിക്കാന്‍,
എന്‍റെ പ്രണയഗീതികള്‍ കൊക്കിലൊതുക്കി
കിളികള്‍ നിശബ്ദമായി കാത്തിരിക്കും.
 
ആ കൊടുംമഞ്ഞുകാലത്തെ നിശബ്ദതയിലേക്ക്
നീ വരണം. ഭൂതകാലത്തെ വാചാലമാക്കണം.
പതിയെ, ഒരുള്‍വിളി പോലെ നീ അറിയും,
ഞാനുമുണ്ട് ആ വഴിവക്കിലെന്ന്‍.
എന്‍റെ ആത്മാവിനെ ആ മഞ്ഞില്‍ തിരഞ്ഞ്,
എന്‍റെ ഹൃദയം നിലച്ച
ആ ബിന്ദുവിന്‍റെ ഉള്‍ത്തട്ടിലെങ്ങോ…
 
ജീവിച്ചിരിക്കുമെങ്കില്‍,
അവിടെയേ ഞാന്‍ ഉണ്ടാകൂ.
മരിയ്ക്കുമെങ്കില്‍,
അവിടെയേ ഞാനുറ‍ങ്ങൂ.
 
കാരണം,
അത്രമേല്‍ നമ്മള്‍ പ്രണയിച്ചിരുന്നു.
അത്രയും തമ്മില്‍ ഇഴുകിയിരുന്നു.
അത്രയുമേറെ ചുംബിച്ചിരുന്നു.
 
‘പിന്നെ’ എന്ന വാക്കു പോലും
എന്‍റെ ജീവിതത്തില്‍ നിന്നടര്‍ന്ന്‍
ആ ബിന്ദുവില്‍ മരിച്ചുവീണതേയുള്ളൂ.