അതിതീവ്രതകൾക്കും അതീതമായി
ഞാൻ നിന്നെ പ്രണയിക്കുമ്പോൾ,
അതിനെ വഹിക്കാൻ
ഈ കവിതയും മതിയാകില്ല.
ക്ഷമിക്കുക.
എങ്കിലും,
നീ നിറഞ്ഞു തുളുമ്പുന്ന
ഈ പ്രണയത്തെ
പലകുറി പിളർത്തി,
അരികുകളെ എങ്കിലും
എഴുതിയൊഴുക്കുമ്പോൾ,
ഉള്ളിൽ ഒരു കൊടുംകടലിന്റെ
അസ്വസ്ഥമായ ഇരമ്പലിനും മദ്ധ്യേ
യുദ്ധവിരാമമാണ് എനിക്ക് -
എന്റെ തന്നെ വാക്കുകളോട്.
എത്ര വാഗ്മഥനം ചെയ്താലാണ്
ഈ തീവ്രതയെ,
നമ്മുടെ പ്രണയത്തിന്റെ
അതിതീക്ഷ്ണമായ അന്തർഭാവത്തെ,
ഉച്ചസൂര്യന്റെ ഉഗ്രതാപത്തെ
ഒന്ന് സ്പർശിക്കാൻ ആവുക!
എന്നിൽ ഞാനായ നീകാരമന്ത്രം
എന്റെ ആത്മാവിൽ പോലും
ലയിച്ചു ചേരുന്നത് ഞാൻ അറിയുന്നു.
നീ എന്ന് ഞാൻ എഴുതിയാൽ,
മതിയെന്നു പറഞ്ഞ്
അതിൽ ചുരുണ്ടൊതുങ്ങുമോ നീ?
പിന്നെയും ഞാൻ എഴുതിയെന്നാൽ,
മനസ്സിന്റെ അശക്തിയെ കരുതി
ഒരു തലയിണയിൽ അമരും പോലെ
നിന്നോട് ചേരാൻ കൊതിച്ചു എന്നാണ്;
നീയില്ലായ്മയിൽ,
എന്നെ വിഴുങ്ങുന്ന ശൂന്യതയിലും,
വാക്കുകൾ കൊണ്ട് നിന്നെ തീർത്ത്,
നിന്റെ, ഞാൻ വരച്ച
കൈകൾക്കുള്ളിൽ,
നിന്റെ നെഞ്ചോട് ചേർന്ന്,
ഹൃദയമെത്തുന്ന ആഴത്തിൽ
ചുണ്ടുകളിൽ ചുംബനം അമർത്തുവാൻ
ഞാൻ കൊതിച്ചു എന്നാണ്.
രാത്രികളിൽ,
നിന്റെ നനുത്തൊരുമ്മയുടെ
കുളിർകൊണ്ട്
നിദ്രയുടെ ശാന്തതയെ
പുൽകുവാൻ മോഹിച്ചു എന്നാണ്.
നമുക്ക് മുൻപുള്ള ഭൂമിയ്ക്ക്
ഇത്രയും വാക്കുകൾ വേണ്ടിയിരുന്നില്ല.
എഴുതിയെഴുതി തീരാതെ,
നമ്മോളം പ്രണയിക്കാൻ
ആർക്കാണ് കഴിയുക!
എന്നോടുള്ള നിന്റെ പ്രണയവും
വാക്കുകൾ പോരാതെയും
നീ പറയണം, എപ്പോഴും.
നിമിഷങ്ങളെ പോലും മുറിച്ച്,
ഒരായിരം ശകലങ്ങളാക്കി,
അതിലും നീ കുറിയ്ക്കണം
നിന്റെ കൊടുംതീവ്രമായ
പ്രണയത്തിന്റെ അരികുകളെങ്കിലും.
ഒരു കണ്ണാടിക്കഷ്ണം പോലെ
ഓരോ ശകലത്തെയും
ആർത്തിയോടെ ഞാൻ തൊടുമ്പോൾ,
എന്റെ കൈകളിൽ മുറിവുകൾ ഉണ്ടായേക്കും-
നിന്റെ നറുചുംബനത്തിന്റെ നനവിൽ
സാന്ത്വനം കൊതിച്ച് പിടയുന്നവ;
നിന്റെ വിരൽവണ്ടിപ്പാതയിൽ തളിർത്ത്
നിന്നിൽ തളർന്നുറങ്ങുവാൻ
ഞാൻ ഹേതുവാക്കുന്നവ.