ഒരു കടല്‍ത്തീരത്ത്, ഉദയസൂര്യനൊപ്പം നില്‍ക്കുമ്പോള്‍, പാദങ്ങളില്‍ തൊടുന്ന തിരകള്‍ പതയുന്നതും പതിയുന്നതും എന്റെ ആത്മാവിനെ സ്വന്തമാക്കുന്ന, നിനക്കായ് ജനിയ്ക്കുന്ന- യോരോ പിറവിയിലുമാണെ- ന്നെനിക്ക് തോന്നാറുണ്ട്. മുത്തുച്ചിപ്പികളുടെ സാന്നിധ്യമുള്ള കടല്‍ത്തിരകളെ രുചിച്ച്, അതിനു കണ്ണീരിന്‍റെ രുചിയെന്ന്‍ നിര്‍ദ്ദാക്ഷിണ്യം വിധിച്ച് അപഹസിച്ചവരുണ്ട്. അവര്‍ നടന്നകലുമ്പോള്‍, ഒരു കുമ്പിളില്‍ ഞാനെടുത്തു രുചിക്കാറുണ്ട്, ഓരോ ജന്മത്തിലും, നിന്നെ ചൊല്ലി ഞാനൊഴുക്കിയ എന്‍റെ അശ്രുക്കളുടെ രുചി. ശോകാശ്രുവെന്നു ഞാന്‍ പറഞ്ഞിട്ടില്ല. ആ രുചി എന്‍റെ സന്തോഷാശ്രുക്കളുടെതായിരുന്നു. ഓരോ തുള്ളിയിയ്ക്കും നിന്നെക്കുറിച്ചുള്ള ചിന്തയുടെ മാധുര്യ- മുണ്ടായിരുന്നു; നിന്‍റെ സാമീപ്യത്തിന്റെ സുഗന്ധവും. നീയുമായി ഞാന്‍ പങ്കുവച്ച നിമിഷങ്ങളുടെ ആഴവും ആര്‍ദ്രതയും അതിനനുഭവപ്പെട്ടു. ആ തുള്ളിയിലെ കൊച്ചു തിളക്കങ്ങളില്‍ നമുക്ക് മാത്രം കേള്‍ക്കാവുന്ന മുത്തുചിപ്പികളുടെ നിശ്വാസമുണ്ടായിരുന്നു. അതിന്, ഞാന്‍ മറന്നിട്ടില്ലാത്ത നിന്‍റെ കണ്ണുകളുടെ തിളക്കമായിരുന്നു- എന്നെ ഉള്‍ക്കൊണ്ടവ. ഈ ലോകമെന്തറിയുന്നു, വെറും പൂഴിമണ്ണിലോടുവാനല്ലാതെ.