Jyothy Sreedhar

ഒരു കടല്ക്കാഴ്ച

കടലിന് ഉപ്പുരസമാണ്. പണ്ട് ഭൂമി പിളര്‍ന്ന് ആഴങ്ങളില്‍ പതിച്ച സീതയുടെ കണ്ണീരിന്റെ സ്വാദ്. യുഗങ്ങള്‍ക്കിപ്പുറം മാനത്തോളം ആഞ്ഞടിക്കുന്ന തിരമാലകളെ അശാന്തമായ കടല്‍ ഉത്ഭവിപ്പിക്കുന്നു. സൂര്യന് സമൂഹത്തിന്റെ പരുഷഭാവം. അവളില്‍ നിന്നൂറ്റിയെടുത്ത ജലതുള്ളികളെ അവര്‍ എണ്ണിയില്ല. എന്നിട്ടും, അടിത്തട്ടോളം മുങ്ങിത്തപ്പി അവളുടെ മൂല്യങ്ങളെ അവര്‍ സ്വന്തമാക്കി. നഗ്നയായ സ്ത്രീത്വം അപമാനിതയായ്‌ ആദ്യം ഉള്‍വലിഞ്ഞു. പിന്നെ സുനാമിത്തിരയായ് പതിച്ചു. തീരങ്ങളോളം, എല്ലാം നശിപ്പിക്കുന്ന ത്വരയോടെ. കരിങ്കല്ക്കെട്ടുകള്‍ പൊങ്ങി. അവയും നശിക്കപ്പെട്ടു. കാലങ്ങള്‍ക്കു ശേഷം, തീരത്തെ മണ്ണില്‍ അമ്മ തന്റെ മകളെ എഴുത്ത് പഠിപ്പിച്ചു. ആദ്യ വരി ഇതായിരുന്നു- “കടലമ്മ കള്ളി”.