Jyothy Sreedhar

ഒരിക്കല്‍ കൂടി...

ഒരിക്കൽ കൂടി,
നമുക്ക്‌ പോകണം!
നിന്റെ ഇടതുപാതിയായിരുന്ന്,‌
ഒരു സഞ്ചാരത്തെ,
ലക്ഷ്യത്തെ, പങ്കുവച്ച്‌
നമുക്ക്‌ പോകണം.

നിന്നോടൊപ്പം നടന്ന വഴികൾ,
പോയ സ്ഥലങ്ങൾ,
അതിലെ നമ്മുടെ ഇടങ്ങൾ
നമുക്ക്‌ സ്വന്തമാക്കണം.
നമ്മുടെ പേരെഴുതിയ കടൽത്തീരത്തെ
നനവുള്ള മണലിൽ കൈതൊടണം,
ഒരിക്കൽ കൂടി.

ഒരേ ദിശയിൽ,
ഒരേ വേഗത്തിൽ
നിന്റെ ഓരത്തിരുന്ന്
എനിക്ക്‌ സഞ്ചരിക്കണം-
ഞാൻ ചൂണ്ടുന്ന വഴികളിലേയ്ക്കൊക്കെ,
നമ്മുടെ പ്രണയത്തിന്റെ നാഡികളിലൂടെന്ന പോലെ,
ഒരിക്കൽ കൂടി.

നമുക്ക്‌ വഴികൾ തെറ്റണം,
പലവട്ടം.
അപരിചിതമായ കൈവഴികളിലൂടെ
ഒടുക്കം ശരിയായ വഴിയെത്തണം.‌
ധൃതികളില്ലാതെ, പതിയെ അങ്ങനെ,
ഒരിക്കൽ കൂടി.

ഇടയ്ക്ക്‌, നിന്റെ കൈ
എന്റെ കയ്യിനൊപ്പം പിടിച്ച്‌
എന്റെ വിരലുകൾ
നിന്റേതിൽ ഒതുങ്ങുന്നുവെന്ന്
ഞാൻ തെളിയിക്കുമ്പോൾ‌
നിന്റെ മുഖത്തെ അഹങ്കാരത്തെ
എനിയ്ക്കാസ്വദിക്കണം,
ഒരിക്കൽ കൂടി.

നിന്നോടൊപ്പം പൊട്ടിച്ചിരിക്കണം,
പൊട്ടിക്കരയണം.
പിണങ്ങണം, ഇണങ്ങണം.
താഴ്‌ന്ന ശബ്ദത്തോടെ
പ്രണയം പങ്കുവയ്ക്കണം.
രാത്രികളിൽ കരകവിയണം.
ഒരിക്കൽ കൂടി.

ലോകത്തെ ജയിച്ച്‌ വന്ന്,
എന്റെ ഒന്നുമില്ലായ്മയെ
നിന്റെ നെഞ്ചിലർപ്പിക്കണം.
എന്റെ മുടിയിൽ നീ തലോടുമ്പോൾ
എന്നിൽ നിന്ന് എന്നെ
എനിയ്ക്ക്‌ കണ്ടെടുക്കണം.
നിന്റെ ജീവവായു കടമെടുത്ത്‌
എന്നുള്ളിലെ നിന്നോളമാഴത്തിൽ
ചുമ്പിച്ച്‌, ഈ ഭൂമിയെ മറക്കണം.
ഒരിക്കൽ കൂടി.

വിരഹം മടുക്കുന്നെടോ;
ഞാൻ മരവിക്കുവോളം.
പക്ഷെ തിരികെ വിളിക്കുക വയ്യ.
വീണ്ടുമൊന്നിച്ച്‌,
പിന്നെ യാത്രയാകുമ്പോൾ
ജീവിതവും മരണവും
എന്റെ ഇരുവശങ്ങളിൽ നിന്ന്
എന്നെ അന്ന് തള്ളിപ്പറഞ്ഞത്‌ ആവർത്തിച്ചേക്കും.

നിനക്കറിയുമോ?
ഒരു നിമിഷം കൊണ്ട്‌
നീയെന്റെ ഭൂമിയായ്‌ മാറിയ കഥ
ഞാൻ പറയാറുണ്ട്‌.
അന്ന് ഈ ഭൂമി പോലും
എന്നോട്‌ ചോദിച്ചിരുന്നു‌-
പകരം, അത്‌ നീയായി മാറട്ടെ എന്ന്.
പിന്നെയെത്ര നാളുകൾ കഴിഞ്ഞു!
ഈ ഭൂമിയ്ക്ക്,‌
എന്റേതാകാൻ കഴിഞ്ഞില്ല.
പിന്നെയല്ലേ നീയാകുന്നത്‌!

ഒരിക്കൽ കൂടി,
ഒന്നിച്ചൊരു‌ യാത്രയ്ക്ക്‌
നമുക്കൊരുങ്ങിയാലോ,
ഈ ജീവിതത്തിന്റെ
അങ്ങേയറ്റം വരെയെങ്കിൽ,
അങ്ങനെ…?

കുറവുകളില്ലാത്ത,
അപൂർണ്ണതകളില്ലാത്ത,
നമ്മുടെ പ്രണയത്തിന്റെ കൊടുമുടി വരെയെങ്കിൽ അങ്ങനെ,
ഒരിക്കൽ കൂടി…?