എത്ര മഴകള്‍ എനിക്കരികെ പെയ്താലും അത്ര മഴകളും എനിക്കകലെയാകും. ഞാനറിയുന്നയോരോ തുള്ളിയും നീയരികിലിരുന്ന മഴയില്‍ നിന്നാവും. മൂടിവച്ച തിമിരജന്മം ചോര്‍ന്നൊലിക്കു- ന്നയോരോ മഴയും നീയാകും. ഇനി മൂടുവാനിരിക്കുന്നയോരോ ചിന്തയു- മെന്നെ നീയായ് വിളിക്കും. നീയില്ലാത്ത മഴകള്‍ ബാഷ്പങ്ങളും, വേനലുകള്‍ പൊള്ളുന്ന കത്തിരികളും, വസന്തം വാസന മറന്ന പൂക്കളുടെതും, മഞ്ഞ് എന്റെയത്ര മരവിച്ചതുമാകും. മഴയുതിര്‍ക്കുന്ന മേഘത്തെ തിരക്കി ദൂരെ ചക്രവാളത്തില്‍ നോക്കുമ്പോള്‍ ഇനിയും പെയ്തു തോരാതെ മഴകള്‍ കാകനെ പോലെ പറന്നകലും. എത്ര നനഞ്ഞു കുതിര്‍ന്നാലും, ആത്മാവില്‍ നീ മഴയായ് പെയ്തെങ്കിലേ ഞാനറിയൂ. എന്റേതല്ലാത്തയൊരു ദേഹം നനയ്ക്കുവാന്‍ മേഘങ്ങളൊരുക്കട്ടെ, ഓരോ വര്‍ഷകാലവും. എന്റെ ആത്മാവിലൊന്നു തൊടാനാകാതെ, ഓരോ ഋതുവും അസ്തമിക്കട്ടെ. മലിനമാകാതെയൊരു ശുഭ്രരൂപമായ് നീ വരുവോളം ഞാനതിനു കാവലാകും. ദേഹം പൂര്‍ണ്ണമായി പങ്കുവച്ച് ബലിച്ചോറുരുളകളായി ഞാനര്‍പ്പിക്കും, അവര്‍ക്ക്. ആത്മാവൊരു തിരിനാളമായി വച്ച് വഴിയിലേക്ക് ഞാന്‍ കണ്ണുംനട്ടിരിക്കും, നിനക്ക്. ഇനിയൊരിക്കല്‍ നീ വരുമ്പോള്‍ ഒരു ജഡമായ് ഞാന്‍ മാറിയാലും മഴയായ് നീ പെയ്തിറങ്ങിയാല്‍, പുതുജീവനായ് ഞാന്‍ തൊട്ടുണരാം. അത്രമേല്‍ മഞ്ഞില്‍ ഞാന്‍ മരവിച്ചിരിക്കും, കത്തിയെരിയും, വിടരാതിരിക്കും... പിന്നെ, നിന്‍ ചുണ്ടിലെയൊരു തുള്ളിയില്‍ നി- ന്നൊരു വര്‍ഷകാലമായി ഞാനുത്ഭവിക്കും. എന്‍റെതായ മഴക്കാലം... നീയായ വര്‍ഷം... ആത്മാവില്‍ തൊട്ട്, പിന്നെ തോരാത്തത്.