കേള്‍ക്കുന്നോ നീ ഈ കൊച്ചുകിലുക്കം...?
മണ്‍നിറമുള്ള എന്‍റെ കുടുക്കയാണ്, ഏറ്റവും അമൂല്യമായത്.
പ്രായങ്ങള്‍ വകഞ്ഞു മാറ്റിയ പ്രായങ്ങള്‍ വര്‍ജ്ജിച്ച, എന്‍റെ അപക്വതകളാണ്, കുസൃതികളാണ്, അതില്‍.
ഇപ്പോള്‍ നിറഞ്ഞിരിക്കുന്നു. ശ്വാസം മുട്ടിയ കിലുക്കം കേള്‍ക്കാം.
ഇനി, നിനക്ക് ഞാന്‍ അത് തന്നാലോ? നീ സ്വീകരിക്കുമോ?
താഴെയിട്ട് പൊട്ടിത്തകരാന്‍ അനുവദിക്കണ്ട.
പകരം, ഒരു ഈര്‍ക്കില്‍കോലിട്ട് ഈ കുടുക്കയുടെ തുളയില്‍ ഇളക്കി ഒന്നൊന്നായി നമുക്കവയെ പുറത്തെടുത്താലോ?
ഞാനും കൂടാം.
എടുത്തെടുത്ത്, കൂട്ടിക്കൂട്ടി, എണ്ണിയെണ്ണി, സുഖമുള്ള വാശിയോടെ ജീവിതം മുഴുവനും നമുക്ക് മത്സരിച്ചാലോ...?
അതിനായി, അതിനായി മാത്രം... ഇനിയെന്നും നമുക്ക് ഒന്നിച്ചായിരുന്നാലോ...?