[caption id="attachment_413" align="alignright" width="182" caption="This article appeared on Siraj Daily"][/caption] ഞാന്‍ ദുബായ് കണ്ടിട്ടില്ല. ദുബായ് എന്ന് പറഞ്ഞാല്‍ പണ്ട് എനിക്ക് കേരളത്തിന് പുറത്തുള്ള ഒരേ ഒരു നാടായിരുന്നു. ഫോറിന്‍ എന്ന ഇരട്ടപ്പേരും ദുബായിക്കുള്ള കാര്യം അറിയാവുന്ന ഒരു ‘ബുദ്ധിജീവി’ ആയിരുന്നു എനിക്ക് ഞാന്‍. കുറച്ച് കൂടി വലുതായപ്പോള്‍ പല സിനിമകളിലൂടെയും ദുബായിയെ ഞാന്‍ കൂടുതല്‍ അറിഞ്ഞുകൊണ്ടിരുന്നു... വളരെ അടുത്ത കാലം വരെ, ദുബായിയും സൌദിയും ഒമാനും ഒക്കെ എനിക്ക് ഏകദേശം ഒരേ സ്ഥലം ആയിരുന്നു- ആലുവയും എറണാകുളവും പോലെ... ഇന്ന് ദുബായ് എന്ന് പറഞ്ഞാല്‍ ആദ്യം ഓര്മ വരുക ഫേസ്ബുക്ക് ആണ്. അതിലുണ്ട് ദുബായ്. ‘എന്റെ’ ദുബായ്- എല്ലാ മറുനാടുകള്ക്കും കൂടി ഞാന്‍ കണ്ടെത്തിയ ഒരു ഹ്രസ്വനാമം. എങ്ങനെയാണ് എന്റെ ഇന്റര്‍നെറ്റ് ലോകത്തേക്ക് ഈ ദുബായ് നുഴഞ്ഞു കയറി വന്നതെന്ന് എനിക്കറിയില്ല. ഞാന്‍ ‘എന്റെ ലോകം’ എന്ന് വിളിക്കുന്ന എ ന്റെ ഫേസ്ബുക്കില്‍ ഏറിയ പങ്കും ഞാന്‍ കാണാത്ത ആ മറുനാട്ടിലെ പ്രവാസികളാണ്. വികാരാധീനമായ എഴുത്തുകളില്‍ അവര്‍ തടിച്ചു കൂടുന്നതും കൂടെ കണ്ണീരണിയുന്നതും അത്ഭുതത്തോടെയാണ് ഞാന്‍ ആദ്യം കണ്ടത്. പിന്നെ പിന്നെ, ഇടയ്ക്കൊക്കെ, കരയാനുള്ള പുറപ്പാടില്‍ എന്തെങ്കിലും ഒക്കെ എഴുതുമ്പോള്‍ ഞാന്‍ ഉറ്റുനോക്കുന്നത് ആ പ്രവാസികളെ ആയിരുന്നു. അവര്‍ വരുമ്പോള്‍ വികാരങ്ങള്‍- അതേതായാലും- ഇരട്ടിക്കുന്ന ത് ഞാന്‍ അനുഭവിച്ചറിഞ്ഞു. ഫേസ്ബുക്കിലെ എന്റെ എഴുത്തുകളിലെ ആദ്യ വായനക്കാരും വിമര്‍ശകരും അവരാണ്. അച്ഛന്‍, അമ്മ, നാട്, കേരളം, ഗ്രാമം എന്നിങ്ങനെ ഉള്ള ചില പ്രത്യേക വാക്കുകള്‍ അവരെ പെട്ടെന്ന് കരയിപ്പിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്തുകൊണ്ടാണ് അവര്‍ അങ്ങനെ എന്ന് അപ്പോഴും പൂര്‍ണ്ണമായും എനിക്ക് മനസിലായിരുന്നില്ല. ഓരോ ദിവസവും ഫേസ്ബുക്കില്‍ ഞാന്‍ കണ്ടുകൊണ്ടിരുന്നത് നാട്ടിലേക്കും പിന്നെ തിരിച്ചും പോകാനൊരുങ്ങുന്നവരുടെ ദിവസമെണ്ണലാണ്. ഉയര്‍ന്ന നെഞ്ചിടിപ്പ് അതില്‍ വ്യക്തമായി കേള്‍ക്കാം. ചിലര്‍ വിമാനം പറക്കാന്‍ പോകുന്നതിനു തൊട്ടു മുന്‍പ് വരെ ആ വികാരം പങ്ക് വയ്ക്കും. നാട്ടിലെത്തി നാട്ടുകാര്‍ക്ക് മുഴുവനും അവര്‍ക്കായ്‌കൊടുത്തയക്കപ്പെട്ട സാധനങ്ങള്‍എത്തിച്ചു കൊടുത്തു തീരുമ്പോഴേക്കും തിരിച്ചു പോകേണ്ട സമയമാകും എന്ന് ഒരിക്കല്‍ ആരോ എഴുതിയതായി ഞാന്‍ ഓര്‍ക്കുന്നു. പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളില്‍ വീട്ടില്‍നിന്ന് മാറി നില്‍ക്കേണ്ടി വരുന്നവരുടെ സങ്കടങ്ങളും ഞാന്‍ നേരിട്ട് വായിച്ചറിഞ്ഞു. അറബിക്കഥ എന്ന ചിത്രത്തില്‍ ഒരു മുതിര്‍ന്ന കഥാപാത്രം തന്റെ മകളുടെ നിക്കാഹിന്റെ സമയത്ത് നാട്ടില്‍ പോകാതെ ആ കാശ് കൂടി ചേര്‍ത്ത് അവള്‍ക്കു പോന്നു വാങ്ങി അയച്ചതും, അന്നേരം കൂടെ ഉള്ളവര്‍ക്കൊക്കെ ബിരിയാണി വച്ച് കൊടുത്ത്‌ആ നിക്കാഹ് കടലുകള്‍ക്കപ്പുറം അല്പം നോവോടെ ആഘോഷിച്ചതും ആയ രംഗം കണ്ടപ്പോള്‍ മനസ്സില്‍ എന്റെ ഫേസ്ബുക്ക്‌ലോകം ആണ് മിന്നിമാഞ്ഞത്. ഇന്ന് ഓണത്തിന് നാട്ടില്‍ എത്താതെ ചെന്നൈയില്‍ അത് ആഘോഷിച്ചപ്പോള്‍ വിഷമം വരുത്താതെ എന്നെ പിടിച്ചു നിര്‍ത്തിയത് ആ മുഖങ്ങള്‍ തന്നെയാണ്. ഒരു മറുനാട്ടുകാരിയായി ഞാന്‍ ഓണം ആഘോഷിച്ചു- അത്തരത്തില്‍ ഉള്ള എന്റെ ആദ്യാനുഭവം. എന്റെ ചേട്ടന്‍ ഇന്ന് മസ്കറ്റിലാണ്. അവിടെ ചെന്നിട്ട് ചേട്ടന്‍ ആദ്യം അയച്ച എസ് എം എസ് ഇങ്ങനെയായിരുന്നു- “ഇത് ഒമാന്‍ അല്ല, കേരളമാണ്. എല്ലാ കടകളും മലയാളികളുടെതാണ്. നല്ല കേരള ഊണ്, അപ്പം. നല്ല കാലാവസ്ഥ. ഒരേ ഒരു വിഷമം നിങ്ങള്‍ എന്റെ കൂടെ ഇല്ല എന്നതാണ്.” എവിടെയായാലും കേരളീയ ഭക്ഷണം കിട്ടിയാല്‍ ആദ്യം വരുന്ന മണത്തില്‍ സ്വന്തം നാടിനെ ആഞ്ഞു വലിക്കുകയും, ആദ്യ ഉരുളയില്‍ കുട്ടിക്കാലത്ത് തന്റെ വായിലേക്ക് നീണ്ട അമ്മയുടെ നിറഞ്ഞ കയ്യിന്റെ രുചിയറിയുകയും ചെയ്യുന്നവര്‍ ആണ് മറുനാട്ടുകാര്‍. എന്തൊക്കെയുണ്ടായാലും, സ്വന്തം കുട്ടിയുടെ ഓരോ ദിവസത്തെയും വളര്‍ച്ച കാണാന്‍ കഴിയാത്ത എന്റെ ചേട്ടന്‍ അത്തരത്തില്‍ ഉള്ള വലിയ ഒരു വിഭാഗത്തിന്റെ പ്രതിനിധിയാണ്... കുട്ടിയുടെ ഫോട്ടോകള്‍ മിക്ക ദിവസങ്ങളിലും ഫേസ്ബുക്കില്‍ ഇടുന്ന ആളുകളെ ഞാന്‍ ചിലപ്പോഴെങ്കിലും പുച്ഛിച്ചിട്ടുണ്ട്. ഇപ്പോള്‍ അവരുടെ മനസ്സ് എന്റെ ചേട്ടനിലൂടെ ഞാന്‍ അറിയുന്നു. ചേട്ടന്‍റെ കുട്ടികളുടെ ഫോട്ടോകള്‍ ഇടയ്ക്ക് ഞാന്‍ അയച്ചു കൊടുക്കും, ചിലപ്പോള്‍ വീഡിയോ ചാറ്റ്... അതില്‍ തന്റെ മകന്റെ ‘അച്ഛാ’ എന്നുള്ള നീട്ടിവിളിയില്‍ മൌനമായ് നിര്‍വൃതി കണ്ടെത്തുന്ന ചേട്ടന്‍. മുന്‍പ് ഞാന്‍ തിരിച്ചറിയാതിരുന്ന പല വികാരവും അതിന്റെ കാരണങ്ങളും വാക്കുകള്‍ ഇല്ലാതെ ജിമെയിലിലൂടെയും സ്കൈപിലൂടെയും ഞാന്‍ കണ്ടറിയുന്നു. ദുബായ് എന്നത് മലയാളികളുടെ മനസ്സില്‍ കുടിയിരുത്തപ്പെട്ട തിരിച്ചറിവിന്‍റെ ഒരു ലോകമാണ്. നാട്, കുടുംബം, ബന്ധങ്ങള്‍, ആഘോഷങ്ങള്‍ അങ്ങനെ നാട്ടിലായിരിക്കുമ്പോള്‍ നാം കാണാനും അനുഭവിക്കാനും മറന്നിട്ടുള്ള പലതും അങ്ങ് ദൂരെ ദുബായില്‍ ഇരുന്ന് അവര്‍കാണാതെ കാണുന്നു. പുറകെ ചൂരല്‍കൊണ്ട് ആയിരം പേര്‍ നടന്ന്‍പഠിപ്പിക്കാന്‍ നോക്കിയിട്ടും ഒന്നും പഠിക്കാത്തവര്‍ ഒരാഴ്ച കൊണ്ട് ഇന്റര്‍നെറ്റും വീഡിയോചാറ്റും ഒക്കെ സ്വയം പഠിച്ച് ‘കുടുംബബന്ധം’ പുലര്‍ത്തുന്നു. സ്വന്തം വീട്ടില്‍ ചായ വയ്ക്കാന്‍ പോലും മെനക്കെടാത്തവര്‍ പ്രവാസികളുടെ പാചക-കണ്ണിലുണ്ണികളായി വിലസുന്നു. നാട്ടില്‍ അയല്‍വാസികള്‍ ആരെന്നു പോലും അറിയാതിരുന്നവര്‍ ദുബായില്‍ ഓടിനടന്ന്‍ സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നു. ചെലവാക്കലിന്റെ ഉസ്താദുകള്‍ പത്തുവിരലുകള്‍ ഇരുപതും മുപ്പതും ആക്കി കണക്ക്കൂട്ടി നാട്ടിലേക്ക് കാശ് അയക്കുന്നു, വീട് കെട്ടിപ്പടുക്കുന്നു. അവരൊക്കെ അവരറിയാതെ തന്നെ എന്നെ സ്വാധീനിക്കുന്നു. കാണാതിരുന്നിട്ടും ദുബായ് എന്നെ എന്നും എന്തെങ്കിലുമൊക്കെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. പ്രവാസം ഒരു തരത്തില്‍ ഒരു സ്വവാസം ആണ്. എത്ര നാള്‍ നാട്ടില്‍ ജീവിച്ചാലും നാം കാണാത്തതും നാം അറിയാത്തതും ആയ നമ്മുടെ മനസ്സ് അങ്ങ് ദുബായില്‍ തെളിഞ്ഞു വരും. അവിടെയാണ് അവര്‍ അവരുടെ സ്വന്തം നാടുകളില്‍ വസിക്കുന്നത്, തന്റെ നാടിന്റെ തിളയ്ക്കുന്ന ചോരയുള്ള നാട്ടുകാരനായി ജീവിക്കുന്നത്. വേറിട്ട്‌പോയ തന്നിലേക്കുള്ള മടക്കം- പ്രവാസം.