ആകാശത്ത് കാര്‍മേഘങ്ങള്‍ തിങ്ങി നിറഞ്ഞുകൊണ്ടിരുന്നപ്പോള്‍ അവന്‍ ഓര്‍ത്തത് അവളെ കുറിച്ചാണ്. തന്റെ ഓരോ നിമിഷത്തെയും അവള്‍ കാര്‍ന്നു തിന്നുന്നത് അവള്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല. അത് അറിയിക്കണമെന്ന് വിചാരിച്ചപ്പോഴൊക്കെ സാഹചര്യങ്ങള്‍ അവനെ ചതിച്ചു... സാഹചര്യങ്ങള്‍ വന്നപ്പോള്‍ അറിയിക്കാന്‍ തോന്നിയുമില്ല... തന്നെ പോലെ ഒരു വട്ട് കേസ് ആയ അവള്‍ക്ക് എന്തെങ്കിലും ഒരു സ്പെഷ്യല്‍ പ്രൊപോസല്‍ കൊടുക്കണം എന്ന് അവനു ഒരാഗ്രഹം... ആളെ കൂട്ടി നിര്‍ത്തി നടുവില്‍ പ്രണയം പറയുകയല്ല, അവളെഴുതാറുള്ള വാക്കുകളുടെ ആര്‍ദ്രത വേണം, ലാളിത്യം വേണം, സൌന്ദര്യം വേണം... മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു സ്ക്രിപ്റ്റ് കിട്ടിയില്ല... വാക്കുകളില്‍ സത്യം തോന്നണമെങ്കില്‍ അത്രയൊന്നും ആലോചിക്കാതെ അത് സ്വയം വരണം എന്ന് അവള്‍ പറഞ്ഞത് സത്യം. പാതി കറുത്ത ജനല്‍ചില്ലിലൂടെ നോക്കി, കയ്യില്‍ പിടിച്ച ഒരു വലിയ കപ്പ് കാപ്പിയും ഊതിക്കുടിച്ച്, പുറത്തെ കാര്‍മേഘങ്ങളെയും അത് നനയ്ക്കുവാന്‍ വെമ്പുന്ന ഭൂമിയെയും ഒരുപോലെ നോക്കുമ്പോള്‍ അവന്‍ പതിനെട്ടു നിലകള്‍ മുകളിലായിരുന്നു... ഭൂമിയെ തൊടാന്‍ കഴിയാത്ത വെറും തോന്നലെന്നോര്‍ത്ത് ചെറു പുഞ്ചിരിയോടെ തല മെല്ലെ കുടഞ്ഞ്, കപ്പ് മേശയില്‍ വയ്ക്കുമ്പോള്‍, തൊട്ടടുത്തിരുന്ന മൊബൈലിന് പതിവില്ലാത്ത ഒരാകര്‍ഷണം... ഒരു നിമിഷം നോക്കി, പിന്നെ എടുത്ത് അവളുടെ നമ്പര്‍ വിളിച്ചു: "ഹലോണ്‍സ്..." "എഡോ...താന്‍ ഫ്രീയാണോ?" "മ്മ്... ഏതാണ്ട്... എന്തിനാണാവോ?" "ഒരു ഡ്രൈവ്?" "എവിടെ?" "ചുമ്മാ... പ്രൊജക്റ്റ് പ്രഷര്‍ ... ബോറടി... ഒരു ഡ്രൈവ് മൂഡ് ... വെറുതെ ഒന്ന് വട്ടം കറങ്ങാന്‍ " "നോ ഇഷ്യൂസ്... പോര്..." "ടെന്‍ മിനിട്ട്സ്... ആം ദേര്‍ " "ഒകെയ്സ് !" ലിഫ്റ്റില്‍ താഴെയിറങ്ങിയതും, ഒരു ബ്ലാക്ക് എന്‍ഡവര്‍ പുറത്തേക്ക് പോയതും അവള്‍ അതില്‍ കയറിയതും എല്ലാം ഞൊടിയിടയില്‍ എന്ന പോലെ... പിന്നീടുള്ള ഒരു മണിക്കൂറില്‍ ചില്ലില്‍ വീണ ഓരോ തുള്ളിയും എണ്ണുവാന്‍ കഴിയുമായിരുന്നു... മഴ കനക്കുകയും പിന്നെ അപ്പൂപ്പന്‍താടിയോളം ലോലമായി പെയ്യുകയും ചെയ്തുകൊണ്ടിരുന്നു... അവന്റെ മനസ്സിനോടൊപ്പം... യാന്ത്രികമായി നീങ്ങിയ കാറിന്റെ വൈപര്‍ ആ ചില്ലില്‍ ജലരൂപങ്ങളെ സൃഷ്ടിച്ചു. മുന്നില്‍ ശക്തമായ മഴയുടെ മൂടല്‍ ... മുകളില്‍ ഇനിയും പെയ്യാത്ത കാര്‍മേഘങ്ങള്‍ ... അവള്‍ ഇടതു വശത്തെ ചില്ലിലൂടെ കണ്ടത് പതിവുപോലെ തന്റെ വരാന്‍ പോകുന്ന കവിതകളാണ്... ഇടയില്‍ എപ്പോഴോ അവന്റെ വിളിയില്‍ അവള്‍ ഉണര്‍ന്നു... "യു നോ വാട്ട്? ദിസ് ഡ്രൈവ് ഈസ് എ ഡ്രീം കം ട്രൂ ഫോര്‍ മി..." ... ... "ഒരു മഴ, ഇങ്ങനെ ഒരു ഡ്രൈവ്..." ... "പിന്നെ..." ... ... "അരികില്‍ ... ഇതുവരെയും ഞാന്‍ പ്രണയം തുറന്നു പറയാത്ത... നീയെന്ന പെണ്‍കുട്ടി......."