Jyothy Sreedhar

എന്നെ ജയിപ്പിക്കുക

എന്നോട് പറഞ്ഞിരുന്നു പുഷ്പാഞ്ജലിയിലെ  പൂവുകള്‍- ദൈവം കേട്ടുവെന്ന്. അത് സത്യമായിരുന്നു. ഇലയില്‍ മുല്ലപ്പൂക്കള്‍ ഉണ്ടായിരുന്നു- രണ്ടെണ്ണം. അവര്‍ കിലുകിലെ വിശേഷങ്ങള്‍ പറഞ്ഞു. അവരെ തൊട്ടു ഒരു റോസാപൂ ഒറ്റപ്പെട്ടിരുന്നു. അല്പം വാട്ടം ഉണ്ടായി അതിന്‌. പിന്നെ അരികില്‍ ചന്ദനം. എല്ലാം ഓര്‍ക്കുന്നു ഞാന്‍. എല്ലാം ഓര്‍ക്കുന്നു. ഒരു ഒത്തുചേരലിനായ് ഒരകല്‍ച്ച കല്പിതമാണ്. ശ്രമങ്ങള്‍ അത്രയും വിഫലം ആകുന്നു. സാഹചര്യങ്ങള്‍ തോല്പിക്കുന്നു. പിന്‍ വിളികള്‍ കുടഞ്ഞെറിയാനാകാതെ ബന്ധനം മുറുകുന്നു. ആ ബന്ധനത്തിന് സൌഹൃദത്തിന്റെ പൂട്ടാണ്. ഹൃദയത്തിന്റെ ആകൃതിയില്‍ ഒരു താക്കോല്‍ എന്നെ പൂട്ടുമ്പോള്‍ ഞാന്‍ കണ്ടിരുന്നു. അത് രണ്ടും എന്റേതല്ല. പക്ഷെ മോചനം ഒരു ദൃഡനിശ്ചയമാണ്- എന്റേത് മാത്രം. ഇത് ഒറ്റക്കൊരു യുദ്ധം- സാങ്കല്പികമായ ദ്വന്ദ്വ യുദ്ധം. അതില്‍, സാങ്കല്പികമായ ജയ പരാജയം. എല്ലാം എന്റേത്... എന്റേത് മാത്രം. കാഴ്ചയുടെ ഒരു വക്കില്‍ പോലും നീയുണ്ടാകരുത്. എന്നെ ജയിപ്പിക്കുക.