നിന്നെ മറക്കുവാന്‍
എന്നെ അനുവദിക്കാതിരിക്കുക.
സൂര്യന്‍റെ ആദ്യരശ്മിയ്ക്കോപ്പം
അതിനേക്കാള്‍ ചൂടുള്ള ചിന്തയായ്
എന്‍റെ മിഴികളില്‍ ചേക്കേറുക.
തിരക്കിലേയ്ക്കുള്ള ചുവടുകളില്‍
എന്‍റെയധരങ്ങളില്‍ വിടരുവാന്‍
ഒരു ചെറുചിരിയായ് കാക്കുക.
നിന്നെ മറക്കുവാന്‍
എന്നെ അനുവദിക്കാതിരിക്കുക.
ഹൃദയമണച്ചു തുടങ്ങുമ്പോള്‍
നൂറു യോജന താണ്ടുന്ന ഊര്‍ജ്ജമായ്
എന്‍റെ വദനത്തില്‍ പ്രസരിക്കുക.
അകലങ്ങളിലേയ്ക്കുള്ള
എന്‍റെ അടുപ്പമായ്
അതിന്‍ അളവുകോലാവുക.
ചന്ദ്രനെ മറയ്ക്കുന്ന
ഒരു കുഞ്ഞുവിരല്‍തുമ്പായ്
എന്‍റെ ഭൂമിയില്‍ നിന്ന് നീളുക.
എന്‍റെ നീണ്ട ദിനങ്ങളെ,
പടര്‍ന്ന ലോകത്തെ,
നീയെന്ന കണ്ണാടിയിലെയ്ക്ക് ചുരുക്കുക.
നിന്നെ മറക്കുവാന്‍
എന്നെ അനുവദിക്കാതിരിയ്ക്കുക.
എല്ലാം മറക്കുവാനുള്ള സന്ദേശവുമാ-
യൊടുക്കം മരണമെത്തുമ്പോള്‍
ഒരിറ്റു തുളസിജലമായ് മാറുക.
എന്‍റെ ഞെരമ്പുകള്‍ നിശ്ചലമാകുമ്പോള്‍
തൊണ്ടയില്‍ കുരുങ്ങിയ അവസാനതുള്ളിയായ്
ജീവന്‍റെ അവസാനകണമായ് മാറുക.
ഒടുവില്‍ ദേഹമെരിയുമ്പോള്‍,
പുക പോലുള്ളയെന്റെ ദേഹിയില്‍
ആ തുള്ളിയുടെ ആത്മാവായ്,
ആവിയായ്, അലിയുക.
നിന്നെ മറക്കുവാന്‍
എന്നെ അനുവദിക്കാതിരിക്കുക.