എന്നെ തീവ്രമായ് പ്രണയിക്കുന്നുവെന്ന്
നീ പറയുക.
എത്ര വട്ടം കഴിയുമോ, അത്രയും.
അന്നേരം,
ഞാൻ നിന്റെ കൂടെയുണ്ടായിരിക്കില്ല.
നിന്നിൽ നിന്ന് എത്രയോ ദൂരെ,
ലോകത്തിന്റെ മറ്റൊരറ്റത്ത്
എന്റെ കാലടികൾ പതിയുന്നുണ്ടാകും.
പക്ഷെ,
എന്നെ തീവ്രമായി പ്രണയിക്കുന്നുവെന്ന്
നീ പറയുക-
എന്റെ കാതുകളിലേയ്ക്കെന്ന പോലെ,
നിനക്ക് ചുറ്റുമുള്ള ശൂന്യതയിലേ-
യ്ക്കാഞ്ഞുവീശുന്ന നിന്റെ നിശ്വാസങ്ങളോട്.
ദൂരങ്ങളിൽ, തിരക്കുകളിൽ,
ഒരു പ്രിയമായ പിൻവിളി കേട്ട പോലെ
ഞാൻ പിന്തിരിഞ്ഞ് നോക്കാതിരിക്കില്ല.
നിന്റെ ശബ്ദത്തോളം
എനിയ്ക്ക് പരിചിതമല്ലാത്തതെല്ലാം താണ്ടി
എന്റെ ചെവിയിലൊരു കുളിർനനവായ്
അത് പതിയുമെന്ന് നീ വിശ്വസിക്കുക.
നീ തോൽക്കില്ല.
ഇടയ്ക്ക്, ഒന്ന് കണ്ണടച്ച്,
നിന്റെ വലതുകൈ
ഇടനെഞ്ചിൽ ഹൃത്തോളം അമർത്തുക.
എന്നെ നീ ചേർത്തണയ്ക്കുമ്പോഴൊക്കെ,
നീ പ്രണയിച്ചു പൂജിയ്ക്കുന്ന
എന്റെ മുഖത്തെ
ഞാൻ അതിൽ കാണാറുണ്ടെന്ന്
ഞാൻ പറയാറുള്ളതോർക്കുക.
അത്രയും സൗന്ദര്യമാർന്നു കണ്ടിട്ടില്ല
ഇന്നോളം ഞാനെന്നെ,
എവിടെയും, ഒരു കണ്ണാടിയിലും.
ദൂരങ്ങളിൽ നിന്ന് തിരികെയെത്തി,
നിന്റെ നെഞ്ചിൽ മുഖമമർത്തുമ്പോൾ,
നീ പൂജിയ്ക്കുന്നയെന്റെ മുഖത്തെ,
അതിൽ നിറഞ്ഞ എന്റെ പുഞ്ചിരികളെ
എനിയ്ക്ക് തരിക.
ആ മുഖത്തോട് താദാത്മ്യം പ്രാപിക്കുവാൻ അന്നേരം
ഞാൻ ദാഹിച്ചിരിക്കും.
അപ്പോഴും,
എന്റെ ശിരസ്സിൽ തലോടി,
എന്നെ തീവ്രമായി പ്രണയിക്കുന്നുവെന്ന്
നീ പറയുക-
എത്ര വട്ടം കഴിയുമോ, അത്രയും.
എണ്ണിയാൽ,
തോൽക്കുന്നത് നീയോ ഞാനോ
എന്ന് കണക്കുകൾ വിധിച്ചേക്കും.
തോൽക്കട്ടെ.
അർത്ഥങ്ങൾ ഗ്രഹിക്കാനാകാതെ
തോൽവികൾ വിധിച്ച്,
കണക്കുകൾ തോൽക്കട്ടെ.
തമ്മിൽ തോറ്റും ജയിച്ചും,
നമുക്ക് പ്രണയിക്കണം-
എത്രത്തോളം കഴിയുമോ,
അത്രയും.
എത്ര കാലം കഴിയുമോ,
അത്രയും.