Jyothy Sreedhar

ഊട്ടി

ഉദ്യാനത്തിലെ പൂക്കള്‍ക്കരികിലൂടെ, മഞ്ഞു പുതച്ച ഊട്ടിയിലെ പ്രഭാതത്തില്‍ പറയാത്ത പ്രണയത്തിലൂടെയാണ് ഒരു മനോഹരചിത്രം പോലെ നമ്മള്‍ നടന്നത്. നമ്മളെയൊന്നായി പുതച്ച ഒരു കരിമ്പടത്തിനുള്ളില്‍, അതിനേക്കാള്‍ ചൂടുള്ള നിന്റെ കരങ്ങള്‍ക്കുള്ളില്‍, ഞാന്‍ സ്നേഹിക്കുന്ന ഒരു കാലാവസ്ഥയായിരുന്നു- മഞ്ഞു തൊടാതെ, വിയര്‍ക്കുന്ന ചൂടില്ലാതെ, ശാസ്ത്രത്തിനറിയാത്ത ഒന്ന്. അന്ന്, ആ ഇളംചൂടിനെ പരിചിതമായ വാക്കുകളാല്‍ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോള്‍, എന്നെയൊന്നു മുറുക്കി, ചേര്‍ത്തണച്ച്, നീ നിര്‍വചിച്ചു: "ലവ് ഡിഗ്രീ സെല്‍ഷ്യസ്‌". ആ ചെറുചൂടിന്‍റെ ഓര്‍മ്മകളില്‍, ഊട്ടിയില്‍ നിന്നുമെത്രയോ അകലെ, എനിക്കരികിലെന്നും വിടരാറുണ്ട് ഉദ്യാനത്തിലെ ആ പൂക്കള്‍. സ്വയം പുണര്‍ന്നു കണ്ണടച്ചാല്‍, കരങ്ങള്‍ക്കുള്ളില്‍ ഞാന്‍ അറിയുന്നു, നീയെന്ന, "ലവ് ഡിഗ്രീ സെല്‍ഷ്യസ്‌".