Jyothy Sreedhar

ഉള്ളിലെ ഭ്രാന്തൻ.

നീ വിട പറയുമ്പോൾ, ഉള്ളിൽ,
ഇരുമ്പുചങ്ങല കൊണ്ട്
ഞാൻ വരിഞ്ഞു കെട്ടുകയായിരുന്നു
ഒരു ഭ്രാന്തൻ കണ്ണുനീർത്തുള്ളിയെ.

വിരഹാഗ്നി വെന്തുരുകി
നിന്നോടും പറയാനാകാതെ
ഹൃത്തിൽ ഒരു ശവദാഹം
സംഭവിക്കും പോലെ തോന്നി.

നീ അറിയാതിരുന്നില്ല.
ഉമ്മകൾ കൊണ്ട്
ചേർത്തതേ ഉള്ളൂ;
ഒരേ വിരഹം പകർന്നതേ ഉള്ളൂ.

അപ്പോഴും ഒറ്റുകാരനായ
ഒരു ഭ്രാന്തന്റെ ഞെരക്കം.
വായിൽ കൈ പൊത്തി
എന്റെ അച്ചടക്കം.
ഹൃദയം പൊത്തി
നിന്റെ സഞ്ചാരം.
മുന്നിൽ ഒരു വഴിയുടെ പ്രസവം.
ഇരട്ടപ്പാതകൾ.

ഒടുവിൽ വിട പറയുമ്പോൾ,
കൈവിരലുകൾ വിടവുകളെ
തിരികേ പ്രതിഷ്ഠിക്കുമ്പോൾ
മരവിച്ചിരുന്നു,
മരവിപ്പിനൊടുവിൽ പൊള്ളിയിരുന്നു
എന്റെ കൈവെള്ളയുടെ,
നീ ഉമ്മ വച്ച ഭൂപടത്തിൽ.

നീ മാഞ്ഞതിന് ശേഷവും
നീ പോയ വഴിയിലേക്ക്‌ കണ്ണുംനട്ട്
നിന്റെ വരവിനെ പ്രതീക്ഷിച്ചു.
ഇല്ലെന്ന് കണ്ട്,
വിരഹം നൂറ്റാണ്ടുകൾ പഴകിയപോൽ
ഇനിയും താങ്ങുക വയ്യാതെ,
ഞാൻ നിലവിളിച്ചു.

ഒരു ഭ്രാന്തന്റെ മോചനമെന്നാൽ
എന്തെന്നറിയുമോ നിനക്ക്?
പിച്ചും പേയും പോലെ കേൾക്കുന്നത്
അറിയുന്ന സത്യങ്ങളുടെ വിളംബരം.

മുൻപ് ചങ്ങലക്കണ്ണികൾ പൊട്ടിച്ചെറിഞ്ഞ്,
മോചനത്തിലേക്ക് ആർത്തു വീണ ഭ്രാന്തൻ
എനിയ്ക്ക് നിന്നോടുള്ള
അതിതീവ്രമായ പ്രണയമാണ്
നിന്നോട് ഉദ്ഘോഷിച്ചത്.

ഇന്നത്തെ ഭ്രാന്തന്
വികാരവ്യഭിചാരങ്ങളുടെ ഭാഷയാണ്.
ആത്മാവിന്റെ വെള്ളവസ്ത്രവും.

കാണാൻ, അറിയാൻ
നീ ഇല്ലെന്നേ ഉള്ളൂ...