ഇത്രയും കവിതകളെങ്ങനെ നിനക്കായ് ഞാന്‍ കുറിക്കുന്നുവെന്ന്‍ നീ ചോദിച്ചപ്പോള്‍, ഉത്തരമില്ലാത്തതു കൊണ്ടോ, ഒരുപാടുത്തരങ്ങളുള്ളതുകൊണ്ടോ, ഞാന്‍ നിശബ്ദമായി പുഞ്ചിരിച്ചു. ഈ ഭൂമിയിലെവിടെയാണ് എന്‍റെ ആശയങ്ങള്‍ കുടിയിരിക്കുന്നതെന്നോര്‍ത്ത് ഉലകം ചുറ്റി നിന്റെ ദൃഷ്ടി പായുമ്പോള്‍ ഞാന്‍ ചിരിക്കുന്നു. ഭൂമിയിലെ മണ്‍തരികളെയും ആകാശത്തെ മേഘങ്ങളെയും കടലിലെ തിരകളെയും ചുറ്റും നിറഞ്ഞ പച്ചപ്പിനെയും നിന്റെ ദൃഷ്ടി കൊണ്ട് നീ കീറിമുറിക്കുന്നു. എന്‍റെ കവിതകളുടെ ഉറവയെ തേടി ലോകം ചുറ്റി, ഒടുക്കം നീ മടങ്ങിവരുമ്പോള്‍, അത് നിന്നിലേയ്ക്ക് തിരിഞ്ഞ കണ്ണാടിയില്‍ ഞാന്‍ കാണിച്ചുതരാം.