“Maatu hamru, paani hamru, hamra hi chhan yi baun bhi… Pitron na lagai baun, hamunahi ta bachon bhi”
(മണ്ണ് നമ്മുടെ, ജലം നമ്മുടെ, നമ്മുടെയാണീ കാടുകൾ.പിതൃക്കന്മാർ ദാനം ചെയ്തത്, നാമാൽ സംരക്ഷിക്കപ്പെടെണ്ടത് .)
ഉത്തരാഖണ്ഡിലെ പരമ്പരാഗത ഭാഷയായ ഗദ്വാലിയിലുള്ള ഒരു ഗാനമാണിത്. ഈ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട്. ഗദ്വാലിൽ ’ചിപ്കോ ആന്ദോളൻ ‘ എന്ന പ്രകൃതിസ്നേഹ പ്രതിഭാസത്തിന്റെ ഭാഗമായി അവിടുത്തെ സ്ത്രീകള് വൃക്ഷങ്ങളെ കെട്ടിപ്പിടിച്ചു കൊണ്ട് വൃക്ഷങ്ങൾ വെട്ടുന്നതിനെതിരെ പ്രതിഷേധിച്ചു. മാര്ഗ്ഗം സത്യാഗ്രഹം ആയിരുന്നു.
കാടുകൾ വൻ തോതിൽ വെട്ടിത്തെളിക്കുന്നതിനെതിരെ അവരുടെ ശബ്ദം അവർ രേഖപ്പെടുത്തിയത് അത്തരത്തിൽ വൃക്ഷങ്ങൾക്ക് കൂട്ടമായി വട്ടം നിന്നായിരുന്നു. 1964 ഇൽ തുടങ്ങി ചെറുകിടവ്യവസായങ്ങൾ കാടുകളെ വെട്ടിത്തെളിച്ചു തുടങ്ങിയപ്പോഴേ, അവിടുത്തെ മണ്ണിന്റെ ബലഹീനത ജനങ്ങൾക്ക് മനസ്സിലായി തുടങ്ങിയതാണ് . അളകനന്ദ 1970 ജൂലായിൽ കര കവിഞ്ഞ് ഒഴുകിയപ്പോൾ ഗ്രാമങ്ങളും പാലങ്ങളും റോഡുകളും എല്ലാം മുങ്ങിപ്പോയത് കണ്ടാണ് എഴുപതുകളുടെ ആരംഭത്തിൽ ചിപ്കോ ആന്ദോളൻ തുടങ്ങുന്നത്. കൃത്യമായി പറഞ്ഞാൽ രേണി ഗ്രാമത്തിൽ 1974 മാർച്ച് 26 ന്. വൃക്ഷം വെട്ടാനെത്തിയവർ നാല് ദിവസം തുടർച്ചയായി മരങ്ങൾ മറച്ച് സ്ത്രീകള് നില്ക്കുന്നത് കണ്ട് ഉദ്യമം ഉപേക്ഷിച്ചു മടങ്ങിപ്പോയി. ഇത് കൂടുതൽ വ്യാപകമായതോടെ അയൽഗ്രാമങ്ങളിൽ ഉള്ള കൂടുതൽ ആളുകള് അണി ചേർന്ന് 1977ൽ വൃക്ഷങ്ങൾക്ക് സഹോദരസ്നേഹത്തിൻറെ പ്രതീകമായ രക്ഷാബന്ധൻ കെട്ടിയിടുകയും ചെയ്തു.
പറഞ്ഞു വന്നത്, ഇത്ത്രത്തോളം അവിടുത്തെ ‘വിദ്യാഭ്യാസമില്ലാത്ത’ പഴയ ഗ്രാമീണർക്ക് അവിടുത്തെ മണ്ണിൻറെ ദുർബലാവസ്ഥയെ കുറിച്ച് അറിയാമായിരുന്നു എന്നും, പിന്നീട് വന്ന വലിയ വിദ്യാഭ്യാസമുള്ളവർ അത് സൌകര്യപൂർവ്വം മറന്ന് ആ മണ്ണിനെ ഒരു എഞ്ചിനീയറിംഗ് പഠനകേന്ദ്രമാക്കി എന്നതാണ്. ഇപ്പോൾ ഈ സംഭവിച്ച പ്രകൃതി ദുരന്തത്തിനു കാരണം ഇന്നലെ പെയ്ത മഴയോ, ഇത്തവണത്തെ കാലവർഷമോ അല്ല എന്ന് തന്നെ എടുത്തു പറയാൻ നമുക്ക് കഴിയും. മണ്ണിനു താങ്ങാനാവുന്നതിലും എത്രയോ മടങ്ങ് അതിൽ അടിച്ചെൽപ്പിക്കുമ്പോൾ മണ്ണ് മനസ്സില്ലാതെ പ്രതികരിച്ചു പോകും എന്നതിന് ഉദാഹരണം മാത്രമാണ് ഈ ദേവഭൂമിയായ ഉത്തരാഖണ്ഡിനെ ഏതാണ്ട് നാമാവശേഷമാക്കിയ ദുരന്തം.
വാർത്തകളോടൊപ്പം വന്ന ചിത്രങ്ങളിൽ കണ്ട രംഗങ്ങളെല്ലാം ആ ഭൂമിയെ പോലെ തന്നെ മനസ്സിനെ പിടിച്ചുലയ്ക്കുന്നതാണ്. അത് ദയനീയമായി അവതരിപ്പിക്കുവാനുള്ള അവകാശം നമുക്കില്ല എന്ന് പറയുന്നതിൽ വിഷമമുണ്ട്. അതിനെ പ്രകൃതി ദുരന്തം എന്ന് പറയുമ്പോൾ, അത് പ്രകൃതി തന്ന ദുരന്തമല്ല, മറിച്ച് , പ്രകൃതിയ്ക്ക് നമ്മൾ ഉണ്ടാക്കി വച്ച ദുരന്തമാണ് എന്ന് അർത്ഥം കൊടുക്കണം. ആ പ്രളയത്തിൽ നിലവിളിച്ചതെല്ലാം വായുള്ളത് കൊണ്ട് മാത്രം കേള്ക്കപ്പെട്ട മനുഷ്യർ. ഇത്ര നാളും പ്രകൃതി കരഞ്ഞിട്ടും തിരിഞ്ഞു നോക്കാത്തവർ സംഭവിപ്പിച്ചതിനെ എങ്ങനെ ‘പ്രകൃതി താണ്ഡവം ‘ എന്ന് വിശേഷിപ്പിക്കും എന്ന് ഒരു പത്രവാർത്തയുടെ തലക്കെട്ട് കണ്ടപ്പോൾ തോന്നിപ്പോയി.
പിന്നീടങ്ങോട്ട് കണ്ടതെല്ലാം സഹതാപകരം. അതിനിടയിൽ രാഷ്ട്രീയം കളിക്കുവാൻ കുറെ പേർ. വിഐപികളുടെ വരവ് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നു എന്ന് ആർമി ആണയിട്ടു പറഞ്ഞിട്ടും മറ്റുള്ളവരെ കാണിക്കുവാൻ മാത്രം അവിടെ ചെന്ന് വിവിഐപി കളിക്കുന്ന കുറെ നേതാക്കന്മാർ. നരേന്ദ്രമോദി വന്നു കുറെ പേരെ രക്ഷപ്പെടുത്തി എന്ന് പറയുമ്പോൾ, അത് തെളിവുകളടക്കം എതിർക്കുന്ന രാഷ്ട്രീയ പോരാളികൾ. അതിനെ കുറെ തമാശകളടക്കം പേജുകളായി ചേരി തിരിഞ്ഞു പോസ്റ്റ് ചെയ്തു രസിക്കുന്ന സാധാരണക്കാരായ ഫെയ്സ്ബുക്ക് തൊഴിലാളികൾ . ട്വിറ്ററിൽ സുഷമ സ്വരാജും മനിഷ് തിവാരിയും അടക്കമുള്ള രാഷ്ട്രീയക്കാർ തമ്മിൽ അവിടെ ചെന്നതിനും ചെല്ലാത്തതിനും തുറന്ന അടിപിടി. കണ്ണീർചാകര കൊയ്യുന്ന മാധ്യമങ്ങൾ. രാഷ്ട്രീയക്കാരും മാധ്യമങ്ങളും കൂടി ദുരിതബാധിതരെ മലയാളികളും ഗുജറാത്തികളും ആയി തിരിച്ച് ’അവനവന്റെ പാർട്ടി ‘യെ മാത്രം രക്ഷപ്പെടുത്തുന്നു, അവരുടെ നാട്ടുകാരുടെ മാത്രം ജീവൻ-മരണ കണക്കുകൾ എടുക്കുന്നു. മനസ്സ് മടുത്തത് ആ നിലവിളികളെക്കാൾ ഇത്തരം കോപ്രായങ്ങളിലാണ്.
ഇതിനിടയിലാണ് ശിവഗിരിയിലെ സന്യാസിമാർക്ക്, ലൌകികസുഖങ്ങൾ ത്യജിച്ച് സന്യാസം സ്വീകരിച്ചവർ എന്ന് പറയപ്പെടുന്ന കാവിവസ്ത്രധാരികൾക്ക് സാധാരണക്കാരേക്കാൾ പരാതി. കാരണം മറ്റൊന്നുമല്ല, കൂട്ട നിലവിളികൾക്കിടയിൽ അവരുടെ എന്തോ ‘പ്രത്യേകത’യുള്ള നിലവിളികൾ സർക്കാർ കേട്ടില്ലത്രേ. ദിവസങ്ങൾ അവിടെ കഴിച്ചുകൂട്ടിയതിനു ശേഷമാണ് അവരെ കൊണ്ട് വരാൻ ഹെലികൊപ്ട്ടർ വന്നതെന്നും, തിരിച്ചു ഡൽഹിയിൽ കൊണ്ട് വന്നതെന്നും പറഞ്ഞു അവർ ചാനലുകളിൽ പരാതിപ്പെട്ടി തുറന്നു. ഹെലികൊപ്ട്ടർ ഏതോ രാഷ്ട്രീയ നേതാവിന്റെ ഇടപെടൽ കാരണം മാത്രം കിട്ടിയതാണ് എന്ന് കൂടി ഓർക്കണം. അപ്പോഴും ആളുകൾ പ്രളയത്തിൽ പെട്ട് ഒരു രക്ഷയ്ക്കായി കാത്തിരിക്കുന്നു. അവരെ രക്ഷിക്കാൻ, ആപത്താണെന്ന് അറിഞ്ഞിട്ടും പട്ടാളക്കാർ അങ്ങോട്ട് പുറപ്പെട്ട് ആത്മാർഥമായി രാവും പകലും കണ്ണടയ്ക്കാതെ ശ്രമങ്ങൾ നടത്തുന്നു. കുത്തിയൊഴുകുന്ന വെള്ളത്തിനു മുകളിലൂടെ രണ്ടു കരകളെ ബന്ധിപ്പിച്ചു കെട്ടി, അതിൽ സ്വയം അടുങ്ങി കിടന്ന് ആളുകളോട് അവരെ ചവിട്ടി മറുകര കടക്കാൻ ആ പട്ടാളക്കാർ പറയുന്നു.
കാലാവസ്ഥ വളരെ മോശമായിട്ടും ജീവനുകൾ രക്ഷിക്കുവാൻ പറന്നെത്തി മടങ്ങുമ്പോൾ ഹെലികൊപ്ട്ടർ തകർന്നു വീണ് കൂടെയുള്ളവർ മ
രണമടയുന്നു. ചിലർ മറ്റുള്ളവരെ രക്ഷിച്ചും മരണത്തിന് സ്വയം സമർപ്പിക്കുന്നു. അവർക്ക് സ്വന്തം നാട്ടുകാർ എന്നാൽ ഇന്ത്യക്കാരാണ്, സഹജീവികളായ ‘
മനുഷ്യർ’ ആണ്. ഏതാണ് നാട്, ജാതി എന്നൊക്കെ ചോദിക്കാതെ ഒരു വിരലെങ്കിലും ബാക്കി ഉണ്ടെങ്കിൽ അത് നീട്ടി വലിച്ച് അവരെ രക്ഷപ്പെടുത്തും ഇവർ.സന്യാസത്തെക്കാൾ പുണ്യവും മോക്ഷവും നന്മയും പട്ടാളത്തിനാണെന്ന് എനിക്ക് തോന്നിയാൽ എങ്ങനെ തെറ്റ് പറയാൻ സാധിക്കും?
ഇത്ര വലിയ ഒരു കാര്യത്തിനിടയിൽ ഒരു ചെറിയ കാര്യം കൂടി ഉൾപ്പെടുത്തിക്കൊള്ളട്ടെ. സൂര്യ ടിവിയിൽ മലയാളി ഹൗസ് എന്ന പരിപാടിയിൽ ‘ഉത്തരാഖണ്ഡ’കാവ്യം കണ്ണീരിൽ മുക്കി അവതരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഉത്തരാഖണ്ഡ് രംഗങ്ങൾ കണ്ട് മത്സരാർഥികൾ ഞെട്ടുന്നതൊക്കെ വൃത്തിയായി ക്ലോസ് അപ്പിൽ എടുത്ത് ചാനൽ വിറ്റിട്ടുണ്ട്. കൂടെ, ദുരിതാശ്വാസനിധിയിലെക്കുള്ള സംഭാവന ഒരാൾ കൂടുതൽ കൊടുത്തു, ഒരാൾ കുറച്ചു കൊടുത്തു എന്ന് പറഞ്ഞുള്ള ചീത്തവിളികളും കൊണ്ട് സമ്പുഷ്ടമായിരുന്നു എപിസോഡ്.ഇത്തരം കാഴ്ചകളൊക്കെ കാണുവാൻ കഴിയുന്നതിലുള്ള അതിയായ സന്തോഷം രേഖപ്പെടുത്തുന്നു.
മനുഷ്യന്റെ മനുഷ്യത്വമില്ലായ്മ കണ്ട് മനസ്സ് മരവിച്ചു പോകുമ്പോൾ അതെന്നോട് പോലെ:
“ഉത്തരാഖണ്ഡിലെ മനുഷ്യ ഇറച്ചിയ്ക്ക് വില കിലോയ്ക്ക് ഒരു വോട്ട്.”
*ഈ ലേഖനം തരംഗിണി മാഗസിന്‍ ജൂലൈ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു:
http://www.tharamginionline.com/articles/viewarticle/284.html