ഒന്നോർത്താൽ,
നിന്നോടുള്ള എന്റെ തീവ്രപ്രണയത്തിന്റെ
രത്നച്ചുരുക്കമാണ്
നിനക്കു ഞാൻ നൽകുന്ന
ആഴമേറിയ, നനവേറിയ
ഈ ഗാഢചുംബനം.
അതിൽ,
നിന്റെ ശ്വാസം മുതൽ,
ആ ചുംബനമല്ലാത്ത,
ഈ പ്രപഞ്ചത്തിലുള്ളതെല്ലാം
നീ മറക്കുമെന്നത് സത്യം.
അതിൽ,
പരസ്പരമെത്രയോ ആഴത്തിൽ,
തീവ്രതയിൽ,
പ്രണയിച്ചു പ്രണയിച്ച്,
പിന്നെയും മതിവരാതെ
ആത്മാവിനെയെന്ന പോലെ
നാം ഇറുകിപ്പുണരുന്നുവെന്നത് സത്യം.
അതിൽ,
പരസ്പരം പ്രണയിക്കുന്ന തീവ്രതയെ
വാക്കുകൾ കൊണ്ട് പ്രാപിക്കാനാവാതെ വരുമ്പോൾ
വീർപ്പുമുട്ടിയ ഹൃദയത്തിനു
ഭാരം വർദ്ധിച്ച്, നൊന്ത്,
സ്വന്തം മിടിപ്പുകൾ മറക്കുന്നുവെന്നത്
സത്യം.
അതിൽ,
പ്രപഞ്ചത്തിന്റെ ഒത്തനടുക്ക്
ചുട്ടുപൊള്ളുന്ന,
മറ്റുള്ളതെല്ലാം ദഹിപ്പിക്കുന്ന,
സൂര്യനെ പോലെ
നമ്മുടെ ചുംബനമുണ്ടെന്നും,
ചുറ്റുമുള്ളതെല്ലാം
വെറും പൊടിപടലങ്ങളായി മാറുന്നുവെന്നും സത്യം.
അതിൽ,
പണ്ടു പറഞ്ഞ വാക്കുകളിൽ
നാമറിയാതെ നമ്മുടെ പ്രണയം
പാത്തിരുന്നത് കണ്ട്,
ഒത്തിരി സ്നേഹത്തോടെ
തമ്മിൽ കളിയാക്കിയപ്പോഴും
നാം കൂറിയ അത്ഭുതവും
തിങ്ങിയെന്നത് സത്യം.
ശ്വാസം മുട്ടുന്നോ നിനക്ക്?
എനിയ്ക്കും.
പ്രണയമൂർച്ചയെ തൊടാതെ
വഴുതി ഭൂമിയിൽ വീണ്
മണ്ണോടു മണ്ണാകാത്ത
ഭൂമിയിലെ ചുംബനങ്ങളിലൊന്ന്
നമ്മുടേതായിരുന്നുവെന്ന്
നമുക്ക് അഹങ്കരിക്കാം.